Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചട്ടന്പിസ്വാമി ജയന്തി

ചട്ടന്പിസ്വാമി ജയന്തി
ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടന്പിസ്വാമികള്‍. സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു.

1853 ആഗസ്റ്റ് 25-ാം തീയതി വാസുദേവ ശര്‍മ്മയുടെയും നങ്ങേമപ്പിള്ളയുടെയും മകനായി ജനിച്ചു. തിരുവനന്തപുരത്ത് കണ്ണമൂലക്കടുത്തുള്ള കൊല്ലൂര്‍ ഗ്രാമത്തിലെ ഉളളൂര്‍ക്കോട് ഭവനമാണ് ജനനസ്ഥലം. അയ്യപ്പന്‍ എന്ന യഥാര്‍ത്ഥ നാമധേയത്തേക്കാള്‍ പ്രസിദ്ധമായത് കുഞ്ഞന്‍ എന്ന ഓമനപ്പേരാണ്.

1924 മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടന്പിസ്വാമികള്‍ പന്മനയില്‍ വെച്ച് സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുന്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്.

കുടുംബത്തിലെ ദാരിദ്യ്രം മൂലം യഥാവിധി വിദ്യാഭ്യാസം നടത്താന്‍ കുഞ്ഞപ്പന് കഴിഞ്ഞില്ല. എങ്കിലും മലയാള അക്ഷരമാലയും, തമിഴും മലയാളവും കൂട്ടിവായിക്കാനും പഠിച്ചു. പഠിത്തത്തിലുള്ള താല്പര്യം കണ്ട് കൊല്ലൂര്‍മഠത്തിലെ ശാസ്ത്രികള്‍ അമരകോശം, സിദ്ധരൂപം, ലഘുകാവ്യങ്ങള്‍ എന്നിവ പഠിപ്പിച്ചു. പിന്നീട് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍ നടത്തുന്ന കുടിപ്പള്ളിക്കൂടത്തില്‍ ചേര്‍ന്നു.

കൂട്ടത്തില്‍ പ്രായം കൂടിയവനും സമര്‍ത്ഥനുമായ കുഞ്ഞനെ ആശാന്‍ കളരിയിലെ "ചട്ടന്പി' ആയി നിയമിച്ചു. ചട്ടന്പി എന്നാല്‍ മോണിറ്റര്‍ എന്നാണര്‍ത്ഥം. ഈ ചട്ടന്പി സ്ഥാനം അദ്ദേഹം ചട്ടന്പിസ്വാമികള്‍ എന്ന് പില്‍ക്കാലത്ത് അറിയപ്പെടുവാന്‍ ഇടയാക്കി.

ഒരു സന്യാസിയില്‍ നിന്നും "ബാലസുബ്രഹ്മണ്യമന്ത്രം' ഗ്രഹിച്ച് അക്ഷരലക്ഷം ജപിച്ച് കുഞ്ഞന്‍ സിദ്ധി വരുത്തി. പലതരം ജോലികള്‍ ചെയ്തു നോക്കിയെങ്കിലും ഒന്നിലും ഉറച്ചുനിന്നില്ല.


തൈക്കാട്ട് അയ്യാവ് എന്ന് പ്രസിദ്ധനും സുബ്രഹ്മണ്യോപാസകനുമായ ഹഠയോഗിയില്‍ നിന്നും ഹഠയോഗ വിദ്യകളും തമിഴ്വേദാന്തപദ്ധതിയുടെ ചില പ്രാഥമികപാഠങ്ങളും വശമാക്കി.

പ്രസിദ്ധ ദ്രാവിഡഭാഷാ പണ്ഡിതനായിരുന്ന സ്വാമിനാഥദേശികര്‍, ദക്ഷിണേന്ത്യയിലെ പ്രശസ്തപണ്ഡിതനായ കല്ലടൈക്കുറിച്ചി സുബ്ബജടാപഠികര്‍ എന്നിവരില്‍ നിന്നും തമിഴ്, സംസ്കൃതം എന്നീ വിഷയങ്ങളിലും തര്‍ക്കം, വ്യാകരണം, വേദാന്തം മുതലായവയിലും അവഗാഹം നേടി.

വിവിധ സംഗീതോപകരണങ്ങള്‍ ഉപയോഗിക്കാന്‍ വശമുണ്ടായിരുന്നു. മരുത്വാമലയില്‍ വച്ച് ആത്മാനന്ദസ്വാമികളില്‍ നിന്ന് യോഗവിദ്യയുടെ ഉപരിപാഠങ്ങള്‍ വശമാക്കി.

ഷണ്‍മുഖദാസന്‍ എന്ന പേരോടുകൂടി തന്‍െറ 28-ാംമത്തെ വയസില്‍ ചട്ടന്പിസ്വാമികള്‍ സ്വദേശത്ത് തിരിച്ചെത്തി. അദ്ദേഹത്തിന്‍െറ നാനാവിഷയങ്ങളിലുള്ള പ്രതിഭാവിലാസത്തില്‍ അത്ഭുതപ്പെട്ടുപോയ കൂപക്കരമഠത്തിലെ പോറ്റിയാണ് "വിദ്യാധിരാജ'നെന്ന് വിശേഷിപ്പിച്ചത്.

വടിവീശ്വരത്ത് വെച്ചു കണ്ടുമുട്ടിയ ഒരവധൂതന്‍െറ അനുഗ്രഹത്താല്‍ ഷണ്‍മുഖദാസന് ജ്ഞാനോദയമുണ്ടായി.

ചട്ടന്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്.

പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം, നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ്.

Share this Story:

Follow Webdunia malayalam