Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചട്ടമ്പി സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ ഗുരു

ചട്ടമ്പി സ്വാമി-മഹാപ്രസ്ഥാനത്തിന്‍റെ ഗുരു
ബഹുമുഖ വ്യക്തിത്വമുള്ള സാമൂഹിക പരിഷ്കര്‍ത്താവും ആത്മീയഗുരുവുമായിരുന്നു വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പി സ്വാമികള്‍.

സ്വന്തം ജീവിതചര്യകൊണ്ട്, ഭിന്നസമുദായങ്ങള്‍ക്കു തമ്മില്‍ സൗഹാര്‍ദ്ദബന്ധം സ്ഥാപിക്കാമെന്ന് അദ്ദേഹം തെളിയിച്ചു. ദീര്‍ഘമായ ഗുരുമുഖാഭ്യാസം ലഭിച്ചില്ലെങ്കിലും സര്‍വ്വവിധ അറിവുകളും അദ്ദേഹം നേടിയിരുന്നു.

കേരളത്തിനെ പുനരുത്ഥാനത്തിലേക്ക് നയിച്ച മഹാപ്രസ്ഥാനത്തിന്‍റെ ഗുരുവായ ചട്ടമ്പിസ്വാമികള്‍ ഉളളൂര്‍ക്കോട് ഭവനത്തില്‍ വാസുദേവശര്‍മ്മയുടെയും നങ്ങാദേവിയുടെയും മകനായി തിരുവനന്തപുരത്തിനടുത്തുള്ള കൊല്ലൂരിലാണ് ജ-നിച്ചത്. 1853 ഓഗസ്റ്റ് 25നായിരുന്നു ജനനം.

കൊല്ലവര്‍ഷം 1029 ലെ ചിങ്ങമാസം 11ന് ഭരണി നക്ഷത്രത്തിലായിരുന്നു ജനനം എല്ലാ കൊല്ലവും ചിങ്ങത്തിലെ ഭരണിക്കാണ് വിധ്യാധിരാജ ജയന്തി ആഘോഷിക്കുന്നത്.

ദാരിദ്യ്രം നിറഞ്ഞതായിരുന്നു കുഞ്ഞനെന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന സ്വാമികളുടെ ബാല്യകാലം. വടിവീശ്വരം വേലുപിള്ള ആശാനും കൊല്ലൂര്‍ ക്ഷേത്രത്തിലെ സംസ്കൃതാധ്യാപകനുമായിരുന്നു സ്വാമികളുടെ ബാല്യത്തിലെ ഗുരുക്കന്മാര്‍.

തുടര്‍ന്ന് പേട്ടയില്‍ രാമന്‍പിള്ള ആശാന്‍റെ പള്ളിപ്പുരയില്‍ ഉപരിപഠനം. ഗുരു ലീഡറാക്കി. ഗുരുകുല വിദ്യാഭ്യാസ രീതിയില്‍ ലീഡറെന്നാല്‍ ചട്ടമ്പിയെന്നാണ് വിളിക്കുക. അങ്ങിനെ കുഞ്ഞന്‍ ചട്ടമ്പിയായി.

സകലാകലാവല്ലഭനായിരുന്നു സ്വാമികള്‍. കലകളിലുള്ള പ്രാവീണ്യത്തിന് പുറമെ പ്രസിദ്ധ യോഗിയായ അയ്യാ സ്വാമികളെ പരിചയപ്പെടുകയും അലൂഹത്തില്‍നിന്നും ഹഠയോഗത്തില്‍ അഭ്യസിക്കുകയും ചെയ്തു.

തമിഴ്ഭാഷയോട് തോന്നിയ പ്രത്യേകത തമിഴ് ഭാഷാപഠനത്തിനായുള്ള നീണ്ടകാലത്തെ യാത്രക്കിടയാക്കി. സ്വാമി നാഥദേശികനില്‍നിന്ന് തമിഴ് വേദാന്തവും സുബ്ബാജടാപാഠികളുടെയടുക്കല്‍നിന്ന് ആദ്ധ്യാത്മശാസ്ത്ര ഗ്രന്ഥങ്ങളും പഠിക്കുകയുണ്ടായി.


സ്വാമികള്‍ക്ക് ഇരുപത്തിയെട്ടു വയസുള്ളപ്പോള്‍ അമ്മ മരിച്ചു. മുപ്പതാമത്തെ വയസ്സില്‍ കന്യാകുമാരിയില്‍വച്ച് ഷണ്‍മുഖദാസ സ്വാമികളെ കാണുകയും അദ്ദേഹം കുഞ്ഞന് ജ്ഞാനോപദേശം നല്‍കുകയും ചെയ്തു.

അതോടെ സ്വാമികള്‍ വിദ്യാധിരാജ ചട്ടമ്പിസ്വാമികള്‍ എന്നറിയപ്പെടാന്‍ തുടങ്ങി. അബ്രാഹ്മണര്‍ക്ക് വേദങ്ങള്‍ പഠിക്കുന്നതിനും പൂജ നടത്തുന്നതിനും അധികാരമില്ലെന്ന സിദ്ധാന്തത്തെ ഖണ്ഡിച്ചുകൊണ്ട് അദ്ദേഹമെഴുതിയ ഗ്രന്ഥമാണ് വേദാധികാര നിരൂ

ജാതി വ്യവസ്ഥയിലെ ഉച്ചനീചത്വങ്ങള്‍ക്കെതിരായി നടത്തിയ പ്രചാരണങ്ങളില്‍ അദ്ദേഹവും യുഗപ്രഭാവനായ ശ്രീനാരായണഗുരുവും ഒരുമിച്ച് യത്നിക്കുകയുണ്ടായി. സ്വാമി വിവേകാനന്ദന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ എറണാകുളത്തുവച്ച് ചട്ടമ്പിസ്വാമിയെ കണ്ടതായി ചരിത്ര രേഖകള്‍ പറയുന്നു.

ചട്ടമ്പിസ്വാമികള്‍ക്ക് ഏകദേശം മുപ്പതു വയസ്സു പ്രായമുള്ളപ്പോള്‍, ശ്രീനാരായണഗുരുവിനെ പരിചയപ്പെട്ടു. നാണുവാശാനെന്നായിരുന്നു അന്ന് നാരായണഗുരു അറിയപ്പെട്ടിരുന്നത്.

1924 മേയ് 5-ാം തീയതി തിങ്കളാഴ്ച ചട്ടമ്പിസ്വാമികള്‍ പന്മനയില്‍ സമാധിയടഞ്ഞു. ആ സമാധിസഥലത്താണ് കുമ്പളത്ത് ശങ്കുപ്പിള്ള നിര്‍മ്മിച്ച ശ്രീ ബാലഭട്ടാരകക്ഷേത്രവും ആശ്രമവും സ്ഥിതിചെയ്യുന്നത്. ആദ്ധ്യാത്മികാന്തരീക്ഷം നിറഞ്ഞുനില്‍ക്കുന്ന ഈ തപോവനം സത്യാന്വേഷികളുടെ പുണ്യഭൂമിയാണ്.

പ്രാചീനമലയാളം, വേദാധികാരനിരൂപണം, അദ്വൈതചിന്താപദ്ധതി, ക്രിസ്തുമതച്ഛേദനം, ജീവകാരുണ്യ നിരൂപണം., നിജാനന്ദവിലാസം, മുതലായവയാണ് കൃതികള്‍. ശ്രീനാരായണ ഗുരു, നീലകണ്ഠ തീര്‍ത്ഥ പാദ സ്വാമികള്‍, ശ്രീ തീര്‍ത്ഥപാദ പരമഹംസ സ്വാമികള്‍ എന്നിവര്‍ ശിഷ്യന്മാരാണ്.

Share this Story:

Follow Webdunia malayalam