Select Your Language

Notifications

webdunia
webdunia
webdunia
webdunia

പരമഹംസര്‍:സമന്വയത്തിന്റെ ആത്മീയത

പരമഹംസര്‍:സമന്വയത്തിന്റെ ആത്മീയത
FILEFILE
ആധുനിക ഭാരതത്തിലെ ആധ്യാത്മിക നേതാക്കന്മാരില്‍ പ്രമുഖനാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍.

ഭാരതീയ ആത്മീയ ചിന്തയ്ക്ക് പുത്തന്‍ നിര്‍വചനങ്ങള്‍ നല്‍കിയ സന്യാസി വര്യനാണ് പരമഹംസന്‍. അദ്ദേഹത്തിന്‍റെ സമാധിദിനമാണ് 2003 ഓഗസ്റ്റ് 16.

ബംഗാളിലെ ഹൂഗ്ളി ജില്ലയിലുള്ള കാമാര്‍പൂക്കൂര്‍ ഗ്രാമത്തില്‍ 1836 ഫെബ്രുവരി 18 നായിരുന്നു പരമഹംസന്‍റെ ജനനം. കുദ്ദിരാം - ചന്ദ്രമണി ദന്പതികളുടെ പുത്രനായ ജനിച്ച പരമഹംസന്‍റെ പൂര്‍വ്വാശ്രമത്തിലെ പേര് ഗദാധരന്‍ എന്നായിരുന്നു.

ഭാരതീയവും ഇതരങ്ങളുമായി സര്‍വ മതങ്ങളുടെയും സത്യം സാക്ഷാത്ക്കരിക്കുകയും വിഭിന്നോപാസനകളെയും ദര്‍ശനങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്ത ആചാര്യവര്യനായിരുന്നു ഇദ്ദേഹം.

1859ല്‍ ശാരദാദേവിയെന്ന ബാലികയെ വിവാഹം കഴിച്ചു. യുവതിയായിട്ടും അവരെ ഭാര്യയെന്ന നിലയിലല്ല ലോകജനനിയായ ദേവിയെന്ന നിലയിലാണ് പെരുമാറിയത്.

രാമകൃഷ്ണന്‍റെ നിഷ്കളങ്കമായ ഭക്തിയും തീവ്രമായ ഈശ്വര ഭക്തിയും കേട്ടറിഞ്ഞ ധാരാളം പേര്‍ അദ്ദേഹത്തിന്‍റെയടുത്തെത്തി. അക്കൂട്ടത്തില്‍ ഒരാളായിരുന്നു നരേന്ദ്രദത്തന്‍. പില്‍ക്കാലത്ത് സ്വാമിവിവേകാനന്ദന്‍ എന്ന പേരില്‍ ലോകപ്രശസ്തനായി.

എത്ര ഗഹനമായ വേദാന്തതത്വവും ലളിതമായ ഭാഷയില്‍ ഉചിതോദാഹരണങ്ങള്‍ കൊണ്ട് വിശദീകരിക്കാനുള്ള അസാമാന്യ വൈഭവം രാമകൃഷ്ണനുണ്ടായിരുന്നു.

16-ാമത്തെ വയസ്സില്‍ കല്‍ക്കട്ടയിലെത്തി. ചില ഭവനക്ഷേത്രങ്ങളില്‍ പുരോഹിതവൃത്തി അനുഷ്ഠിച്ചു. പിന്നീട് ദക്ഷിണേശ്വരത്തുള്ള കാളീ ക്ഷേത്രത്തില്‍ പുരോഹിതനായി കാളിയെ സ്വന്തം മാതാവിനെപ്പോലെ കരുതിയാണ് ഇദ്ദേഹം ആരാധിച്ചത്.

ഭൈരവിബ്രാഹ്മണി, തോതാപുരി തുടങ്ങിയ ഗുരുക്കന്മാരില്‍ നിന്ന് ഹിന്ദു മതത്തിലെ വിവിധ മാര്‍ഗങ്ങള്‍ പരിചയിക്കുകയും അവയെല്ലാം സ്വയം പരീക്ഷിച്ചറിയുകയും ചെയ്തു. തോതാപുരിയാണ് ഗദാധരന് രാമകൃഷ്ണന്‍ എന്ന സന്യാസ നാമം നല്‍കിയത്.

പ്രത്യക്ഷപ്രമാണത്തില്‍ വിശ്വാസമര്‍പ്പിക്കുകയും വിശ്വാസപ്രമാണങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്ന ആധുനിക യുഗത്തില്‍, മതസിദ്ധാന്തങ്ങള്‍ക്ക് പ്രാമാണികത വീണ്ടെടുത്തത് രാമകൃഷ്ണനാണ്. 1886 ഓഗസ്റ്റ് 16നാണ് ശ്രീരാമകൃഷ്ണ പരമഹംസന്‍ മഹാസമാധിയായത്.

Share this Story:

Follow Webdunia malayalam