അങ്കമാലിയില്‍ തെരഞ്ഞെടുപ്പ് സ്ക്വാഡിനെതിരെ അക്രമം
കൊച്ചി , വ്യാഴം, 20 മാര്‍ച്ച് 2014 (15:58 IST)
അങ്കമാലിയില്‍ കുറുമശേരിയില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഡീഫേസ്‌മെന്റ് സ്ക്വാഡിനെതിരെ അക്രമം. സ്ക്വാഡിന്റെ പക്കലുണ്ടായിരുന്ന ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ക്യാമറ അക്രമത്തില്‍ തകര്‍ന്നു. സംഭവത്തില്‍ വിജയനെന്നയാളെ പൊലീസ് പിടികൂടി. അക്രമത്തെത്തുടര്‍ന്ന് സ്ഥലത്തെത്തിയ ജില്ല തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ല കളക്ടര്‍ എം ജി രാജമാണിക്യത്തിന്റെ നേതൃത്വത്തില്‍ പരിസരമാകെ പരിശോധന നടത്തി. പൊതുമുതല്‍ നശിപ്പിച്ചതിന് വിജയനെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയ കളക്ടര്‍ ഇദ്ദേഹത്തിന്റെ വസ്തുവകകള്‍ താല്‍ക്കാലികമായി മരവിപ്പിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും പൊലീസ് പിടിച്ചെടുത്തു. തുടര്‍ന്ന് കളക്ടറുടെ നേതൃത്വത്തില്‍ അങ്കമാലി, അത്താണി ഭാഗങ്ങളിലും പരിശോധന നടത്തി നിരവധി പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു. തെരഞ്ഞെടുപ്പ് ഡപ്യൂട്ടി കളക്ടര്‍ എസ് ഷാനവാസും കളക്ടര്‍ക്കൊപ്പമുണ്ടായിരുന്നു. ഇതേതുടര്‍ന്ന് രാഷ്ട്രീയ കക്ഷി പ്രതിനിധികളും സ്ഥലത്തെത്തി പ്രചരണ സാമഗ്രികള്‍ മാറ്റിയിട്ടുണ്ട്. കളക്ടറുടെ നേതൃത്വത്തില്‍ ആറോളം സംഘമാണ് കുറുമശേരിയില്‍ പരിശോധനയ്ക്ക് ഇറങ്ങിയത്. തെരഞ്ഞെടുപ്പു കഴിയും വരെ പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള നാലംഗ സ്റ്റാറ്റിക് സര്‍വയലന്‍സ് ടീം പ്രദേശത്തു നില്‍ക്കാന്‍ കളക്ടര്‍ നിര്‍ദേശിച്ചു. ഇതിനു പുറമെ പൊലീസ് ഫ്ലയിങ് സ്ക്വാഡും രംഗത്തുണ്ടാവും.
Follow Webdunia malayalam