പുഴുക്കുത്തേല്‍ക്കാത്ത
റോസാപ്പൂക്കളുണ്ടോ?
നഗരപ്രാന്തത്തിലെ
നദിക്കരയില്‍
റോസാത്തോട്ടങ്ങളുണ്ട്.
കാവല്‍ക്കാര്‍ വേട്ടപ്പട്ടികള്‍
കിഴവരെങ്കിലും
പല്ലിനു മൂര്‍ച്ചയുള്ളവ
ഇപ്പോള്‍, ചോര സ്വപ്നം കണ്ട്
പാതി മയക്കത്തില്‍.
റോസാപ്പൂക്കളില്‍ പുഴുക്കുത്തുകള്‍.
മനസ്സിലൊരു പുഴു നുരയുന്നു
മനസ്സ് കാര്‍ന്നു തിന്നുന്നു.
ചെറുനൊമ്പരം
ബാക്കിയായി.
അകലെയൊരു പൂവ്.
അതെന്നെ മാടി വിളിച്ചു.
ഞാനടുത്തെത്തി
ദളങ്ങളില്‍ ചുണ്ടമര്‍ത്തി
കണ്ണീരിന്‍റെ ഉപ്പുരസം.
'നിന്നെ എന്‍റെയാക്കട്ടെ?"
അവള്‍ കണ്ണു ചിമ്മി.
മൗനം സമ്മതം
മുള്ളുകള്‍ അടര്‍ന്നു വീണു.
ഒരു ചെറു പുഞ്ചിരി.
ഒരായിരം പൂക്കള്‍
എന്നെ തുറിച്ചു നോക്കി.
പൂക്കള്‍ക്ക് ദംഷ്ട്രങ്ങള്‍ മുളച്ചു
ചോര പുരണ്ട് ചുവന്നത്.
അവള്‍ക്ക് ദൈന്യത.
ഇവിടമുപേക്ഷിക്കാന്‍
അവള്‍ക്കാവില്ല.
പുഴുക്കുത്തേറ്റവര്‍ക്കിടയിലെ
പുഴുക്കുത്തേല്‍ ക്കാത്തവള്‍.
അവള്‍ കാക്കുന്നതാരെയാണ്?
അകലെയൊരു മുരള്‍ച്ച.
വേട്ടപ്പട്ടികള്‍ ഉണര്‍ന്നിരിക്കുന്നു
അവയെന്നെ കുടഞ്ഞെറിഞ്ഞു.
അവള്‍ മിഴി പൂട്ടി.
മറ്റു പൂക്കള്‍ ആര്‍ത്തു ചിരിച്ചു.
എന്‍റെ നെഞ്ചിലെ പച്ചമാംസം
അവ കടിച്ചു തുപ്പി.
നെഞ്ചില്‍ നിണം പൊടിയുന്നു.
അവിടെയൊരു റോസാപ്പൂവ്
രൂപപ്പെട്ടു.
അതു നീയായിരുന്നു
നീ മാത്രമായിരുന്നു.
Follow Webdunia malayalam