എന്നെ ഞാനിന്നുപേക്ഷിച്ചു പോകുന്നു
ഈ ജഢവും നിങ്ങളെടുത്തുകൊള്‍ക
സ്വന്തമാക്കാന്‍ ഇനിയാവില്ല, മരണമേ
വേറിട്ട പ്രാണനെയെടുത്തുകൊള്‍ക.
സ്വപ്നങ്ങള്‍ വാരി നിറച്ചയെന്‍യെന്‍ കീശയില്‍
ചില്ലറകള്‍ തെല്ലും ശേഷിപ്പതില്ല,
കടം കൊണ്ടുവാങ്ങിയ വലിയ സ്വപ്നങ്ങളെ
മരണമേ! നീ തന്നെയെടുത്തുകൊള്‍ക.
നിനക്കുള്ളതെല്ലാം നല്‍കുന്നു നിന്‍റെയീ
വാടക വീടും തിരികെയെടുത്തുകൊള്‍ക
ഈ വഴിയൊരുനാളും വരാനില്ല, ഇനിയെന്‍റെ
കണക്കുകളൊന്നും ബാക്കിയില്ല.
യാത്ര ചൊല്ലാനിനിയാരുമില്ല, അമ്മയല്ലാതെ
എനിക്കെന്നു പറയാന്‍ ആരുമില്ല
അമ്മേ, ഈ വിഷക്കുപ്പി മാറ്റി നീ വയ്ക്കുക
എന്നെ മറക്കാനിത് കുടിച്ചുകൊള്‍ക.
മടങ്ങിവരുമെന്നൊരു വാക്കോ പ്രതീക്ഷയോ
വാഗ്ദാനങ്ങളൊന്നുമേ ആവുകില്ല
അമ്മേ! നീ തന്ന ദേഹമിതാ നിന്‍ മുമ്പില്‍
നീ നിന്‍റെ പങ്കുമെടുത്തുകൊള്‍ക.
നോട്ടുബുക്കിന്‍റെ ഉള്ളിലൊളിപ്പിച്ച
ചിന്തിയ ചിന്തകള്‍ ചുരുട്ടിയെറിയരുതേ!
ഈ മകനെത്രയോ ക്രൂരനാണെന്നോര്‍ക്കില്‍
അമ്മേ, നീയതും മറിച്ചു നോക്കിക്കൊള്‍ക.
ചിന്തകള്‍ വാരി വലിച്ചിട്ട കവിതകള്‍,
ഇടനെഞ്ച് കൊത്തിനുറുക്കിയ വചസുകള്‍,
നുര പൊട്ടിയൊഴുകിയ കണ്ണീര്‍ക്കുമിളകള്‍,
എല്ലാം പെറുക്കിയടുക്കി നോക്കുക.
ഞെക്കിയമര്‍ത്തിപ്പിടിച്ചയെന്‍ ഭാവങ്ങള്‍,
മുഖംമൂടിയാലെ മുറിവേറ്റ പാടുകള്‍,
അതിലാണ്ട ചലവും മൌനനൊമ്പരങ്ങളും
അകലെയാണെങ്കിലും വായിച്ചറിഞ്ഞുകൊള്‍ക.
പോറ്റിവളര്‍ത്തിയ കണ്മണിയിങ്ങനെ
വീണുകിടക്കുന്നതോര്‍ത്താല്‍ സഖിക്കുമോ നീ-
യെങ്കിലുമമ്മേ നീയെനിക്കേകണം
പുഴുക്കുത്തു വീഴാത്ത അന്ത്യചുംബനമെങ്കിലും!
ഇനിയൊരു ജന്‍മം ഉടനേയെടുക്കുവാന്‍
നിന്‍റെ ഗര്‍ഭപാത്രം എന്നെ കാട്ടാതിരിക്കുക,
ഛായപ്പൊലിമകള്‍ തേച്ചു മിനുക്കിയ
ഈ വേഷപ്പകര്‍ച്ചകള്‍ നല്‍കാതിരിക്കുക.
മൌനത്തിലുടനീളം ഗര്‍ജിക്കും ശ്വാസങ്ങള്‍
ഇല്ലെന്നു വരികിലും, അമ്മേ നീയോര്‍ക്കുക
അനര്‍ത്ഥ സത്യങ്ങളില്‍ മുമ്പേ മരിച്ചു ഈ മകന്‍
ഈ സത്യമിനിയെങ്കിലുമറിഞ്ഞുകൊള്‍ക.