മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ പരമ്പര സ്വന്തമാക്കി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ തന്റെ ജൈത്രയാത്ര തുടരുകയാണ്. മുന്‍ നായകന്‍ വിരാട് കോലിയെ വിശ്വാസത്തിലെടുത്താണ് രോഹിത് മൈതാനത്ത് പല തീരുമാനങ്ങളും സ്വീകരിക്കുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇതിന്റെ ദൃശ്യങ്ങള്‍ ആരാധകര്‍ കണ്ടതാണ്. ടീം അംഗം യുസ്വേന്ദ്ര ചഹലിനെ നായകന്‍ രോഹിത് ശര്‍മ ശകാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഫീല്‍ഡ് ചെയ്യുന്ന സമയത്താണ് ചഹലിനോട് രോഹിത് ശബ്ദം ഉയര്‍ത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്‌സിന്റെ 45-ാം ഓവറിലാണ് സംഭവം. വാഷിങ്ടണ്‍ സുന്ദറാണ് പന്തെറിയുന്നത്. രോഹിത് ശര്‍മ ഫീല്‍ഡ് ചെയ്ഞ്ച് നിര്‍ദേശിക്കുകയായിരുന്നു. ഫീല്‍ഡില്‍ ചഹല്‍ അലസനായി നില്‍ക്കുന്നത് കണ്ട രോഹിത് ഉടന്‍ സ്വരമുയര്‍ത്തി. ചഹലിനോട് രോഹിത് സംസാരിക്കുന്നത് സ്റ്റംപ് മൈക്കില്‍ റെക്കോര്‍ഡ് ചെയ്യപ്പെട്ടു.
' നിനക്ക് എന്താണ് സംഭവിച്ചത്? നീ എന്താ ശരിക്ക് ഓടാത്തത്? വേഗം ഓടിപ്പോയി അവിടെ ഫീല്‍ഡ് ചെയ്യൂ,' എന്നാണ് രോഹിത് ശര്‍മ ചഹലിനോട് പറയുന്നത്. ചഹലിന്റെ പേര് വിളിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.