കാണ്‍പൂര്‍ ഏകദിനത്തില്‍ ഇന്ത്യക്ക് 241 റണ്‍സ് വിജയലക്‌ഷ്യം. ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 48.4 ഓവറുകളില്‍ 240 റണ്‍സ് നേടുമ്പോഴേക്കും വിക്കറ്റുകളെല്ലാം നഷ്ടമാക്കുകയായിരുന്നു.
കളി തുടങ്ങാന്‍ വൈകിയതിനാല്‍ ഇരു ടീമുകള്‍ക്കും 49 ഓവറുകള്‍ വീതമാക്കി മത്സരം പുന:ക്രമീകരിച്ചിരുന്നു.
ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഇംഗ്ലണ്ട് നായകന്‍ കെവിന്‍ പീറ്റേഴ്സന്‍റെ തീരുമാനം ശരി വെയ്ക്കുന്ന തുടക്കമാണ് ഓപ്പണര്‍മാരായ ഇയാന്‍ ബെല്ലും രവി ബോപ്പാറയും നല്‍കിയതെങ്കിലും ഹര്‍ഭജന്‍ സിങ്ങിന്‍റെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ ഇംഗ്ലണ്ടിനെ പിടിച്ച് കെട്ടുകയായിരുന്നു.
ഹര്‍ഭജന്‍ 31 റണ്‍സ് വിട്ട് കൊടുത്ത് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ യുവരാജ് സിങ്ങും യൂസേഫ് പത്താനും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സഹീര്‍ ഖാന്‍ എടുത്ത ക്യാച്ചിലൂടെ ഒവൈസ് ഷാ പുറത്താകുമ്പോള്‍ ഹര്‍ഭജന്‍ സിങ്ങ് തന്‍റെ ഇരുന്നൂറാം ഏകദിന വിക്കറ്റ് സ്വന്തമാക്കി. ടീമില്‍ മടങ്ങിയെത്തിയ ഇഷാന്ത് ശര്‍മ്മ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി തിരിച്ചു വരവ് ആഘോഷിച്ചപ്പോള്‍ മുനാഫ് പട്ടേലും രണ്ട് വിക്കറ്റുകള്‍ നേടി സാഹിര്‍ ഖാന്‍ ഒരു വിക്കറ്റ് വീഴ്ത്തി.
ഇംഗ്ലണ്ടിനായി ഓപ്പണിങ്ങ് വിക്കറ്റില്‍ രവി ബോപ്പാറയും(60) ഇയാന്‍ ബെല്ലും (46) ചേര്‍ന്ന് 79 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഇവരേ കൂടാതെ ഒവൈസ് ഷാ(40) ആന്‍ഡ്രൂ ഫ്ലിന്‍റോഫ്(26), സമിത് പട്ടേല്‍(26) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ട് നിരയില്‍ ഭേദപ്പെട്ട ബാറ്റിങ്ങ് കാഴ്ച വെച്ചത്.