ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്‍റി-ട്വന്‍റി മത്സരത്തില്‍ ഓസീസിന് 52 റണ്‍സിന്‍റെ തിളക്കമേറിയ ജയം. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഓസീസ് അരങ്ങേറ്റക്കാരന്‍ ഡേവിഡ് വാര്‍ണര്‍(43 പന്തില്‍ 89) നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്‍റെ കരുത്തില്‍ ഒമ്പത് വിക്കറ്റിന് 182 റണ്‍സെടുത്തപ്പൊള്‍ ദക്ഷിണാഫ്രിക്ക ഓസീസ് സ്കോറിന് 60 റണ്‍സകലെ കാലിടറി വീണു.
ഓസ്ട്രേലിയ 20 ഓവറില്‍ 182/9 റണ്‍സിന്‍റെ വെല്ലുവിളിയാണ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കിയത്. ദക്ഷിണാഫ്രിക്ക 18 ഓവറില്‍ 130 റണ്‍സ് നേടിയപ്പോഴേക്കും പരാജയം സമ്മതിച്ചു.
തുടക്കത്തിലേ തകര്‍ന്ന ദക്ഷിണാഫ്രിക്കയുടെ ജയപ്രതീക്ഷകള്‍ ജ്വലിപ്പിച്ച് ഡൂമിനി ആളിക്കത്തിയെങ്കിലും(48 പന്തില്‍ 78) പരാജയഭാരം കുറക്കാനെ കഴിഞ്ഞുള്ളൂ. ഡുമിനിയുടെയും വാര്‍ണറുടെയും പ്രകടനം മാറ്റി നിര്‍ത്തിയാല്‍ ഇരു ടീമിന്‍റെയും മറ്റ് ബാറ്റ്‌സമാന്മാര്‍ക്കൊന്നും കാര്യമായി തിളങ്ങാനായില്ല.
ഓസീസ് നിരയില്‍ 21 റണ്‍സെടുത്ത പോണ്ടിംഗും 19 റണ്‍സെടുത്ത ഡേവിഡ് ഹസിയും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ദക്ഷിണാഫ്രിക്കയ്ക്കായി സ്റ്റ്യുഇനും ഓസീസിനായി ഡേവിഡ് ഹസിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.