Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലത്ത് എം എ ബേബി തന്നെ!

കൊല്ലത്ത് എം എ ബേബി തന്നെ!
തിരുവനന്തപുരം , വ്യാഴം, 6 ഫെബ്രുവരി 2014 (19:31 IST)
PRO
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സി പി എം നിലപാടുകളില്‍ മാറ്റം വരുത്തുന്നു. നിലവിലുള്ള എം എല്‍ എമാരെ മത്സരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കൊല്ലത്ത് എം എ ബേബിയെ മത്സരിപ്പിക്കാന്‍ ഏകദേശ ധാരണയായതായും റിപ്പോര്‍ട്ടുകള്‍.

പൊന്നാനി - വയനാട് സീറ്റുകള്‍ സി പി ഐയുമായി വച്ചുമാറാനും സി പി എം ആലോചിക്കുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പൊന്നാനി മണ്ഡലം സി പി ഐയില്‍ നിന്ന് സി പി എം പിടിച്ചെടുത്തതാണ്. എന്നാല്‍ ഇത്തവണ അത് മടക്കി നല്‍കി പകരം വയനാട് നേടിയെടുക്കാനാണ് നീക്കം. കസ്തൂര്‍ രംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് വയനാട്ടില്‍ അനുകൂല കാലാവസ്ഥയുണ്ടെന്ന് സി പി എം വിലയിരുത്തുന്നു.

ഒന്നിലധികം എം എല്‍ എമാരെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാനാണ് സി പി എം ആലോചിക്കുന്നത്. കൊല്ലത്ത് എം എ ബേബി സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏതാണ്ടുറപ്പാണ്. കേരളത്തില്‍ നിന്ന് ഒരു പി ബി അംഗമെങ്കിലും ലോക്സഭയിലെത്തണമെന്ന് സി പി എം നേതൃത്വം ആഗ്രഹിക്കുന്നു.

ആലപ്പുഴയില്‍ കെ സി വേണുഗോപാലിനെതിരെ ജി സുധാകരനെ രംഗത്തിറക്കാനും സി പി എം ആലോചിക്കുന്നു. എന്നാല്‍ ജി സുധാകരന്‍ ഇതിന് സമ്മതം മൂളിയിട്ടില്ല.

എറണാകുളത്ത് തോമസ് ഐസക്കിനെയും വടകരയിലോ കോഴിക്കോടോ എ പ്രദീപ് കുമാറിനെയും കളത്തിലിറക്കാനും പാര്‍ട്ടി ചിന്തിക്കുന്നുണ്ട്.

രണ്ടുതവണ മത്സരിച്ചിട്ടുള്ളവര്‍ക്ക് സീറ്റ് നിഷേധിക്കുന്ന പതിവിനും ഇത്തവണ സി പി എം മാറ്റം വരുത്തും. കാസര്‍കോട് മൂന്നാം തവണയും പി കരുണാകരന്‍ സ്ഥാനാര്‍ത്ഥിയാകും എന്നാണ് അറിയുന്നത്.

മൂന്നാം മുന്നണി രൂപം കൊള്ളുന്ന സാഹചര്യത്തില്‍ പരമാവധി സീറ്റുകളോടെ ദേശീയ രാഷ്ട്രീയത്തില്‍ നില ശക്തമാക്കാനാണ് സി പി എമ്മിന്‍റെ ശ്രമം. വിജയം മാത്രമാണ് ഇത്തവണ സി പി എമ്മില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ മാനദണ്ഡം.

Share this Story:

Follow Webdunia malayalam