രണ്ടു വര്‍ഷം അടുപ്പിച്ച് എസ്.എസ്.എല്‍സിയ്ക്ക് പരാജയം നേരിട്ടപ്പോഴാണ് ഏക മകനെയും കൊണ്ട് ദമ്പതികള്‍ മനശാസ്ത്രജ്ഞനെ കാണാനെത്തുന്നത്. മാതാപിതാക്കള്‍ പഠനത്തിന് നല്കുന്ന അമിത ശ്രദ്ധയാണ് കുട്ടിയുടെ ഇന്നത്തെ നിലയ്ക്ക് കാരണമെന്ന നിഗമനത്തില്‍ മനശാസ്ത്രജ്ഞനെത്തി.
വളരെ ചെറിയ ക്ളാസുകള്‍ മുതല്‍ തന്നെ ഹോം ട്യൂഷനും മറ്റുമായി, പഠനത്തെ വെറുപ്പിക്കുന്ന അനുഭവങ്ങളാണ് കുട്ടിയെ ഈ നിലയില്‍ എത്തിച്ചത്. ഏക മകനായതിനാല്‍ മറ്റു കുട്ടികളുമായുള്ള ബന്ധങ്ങളും മാതാപിതാക്കള്‍ അനുവദിച്ചില്ല. സ്കൂളിലും ട്യൂഷനും മുടക്കമില്ലാതെ പോകുന്ന കുട്ടി പരീക്ഷാ പേപ്പറില്‍ ഒന്നും തന്നെ എഴുതാറില്ല. പരീക്ഷ എന്ന സമ്പ്രദായത്തെത്തന്നെ തിരസ്കരിച്ച് അവന് മാതാപിതാക്കളോട് പകരം വീട്ടി.
ഇന്നത്തെ മാതാപിതാക്കള്‍ കുട്ടികളുടെ വിദ്യാഭ്യസത്തില്‍ ഏറെ ശ്രദ്ധ നല്കുന്നു. സമ്പാദ്യത്തിന്റെ നല്ലൊരു പങ്കും വിദ്യാഭ്യാസത്തിനായി ചിലവഴിക്കുകയും അവര്‍ക്ക് വേണ്ടുന്ന ഏറ്റവും മികച്ച സൗകര്യങ്ങള്‍ തന്നെ നല്‍കുകയും ചെയ്യുന്നു. ഒപ്പം അവരുടെ ആശങ്കകളും കുട്ടികളിലേയ്ക്ക് പകരുന്നു. കുട്ടിയുടെ മാര്‍ക്ക് കുറഞ്ഞാല്‍ മറ്റുള്ളവരുടെ മുഖത്തെങ്ങനെ നോക്കുമെന്ന് പരിതപിക്കുന്നവര്‍ മുതല്‍ തോറ്റാല്‍ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്ന അച്ഛനമ്മമാര്‍ വരെ കുട്ടികളെ സമ്മര്‍ദ്ധത്തിന്റെ നീരാളി പിടുത്തത്തിലേയ്ക്ക് അറിഞ്ഞുകൊണ്ട് വലിച്ചെറിഞ്ഞു കൊടുക്കുന്നവരാണ്. ഇതോടെ പഠനത്തിലെ തോല്‍വി ജീവിതത്തിനേല്ക്കുന്ന ഏറ്റവും വലിയ തിരിച്ചടിയായിരിക്കുമെന്ന അറിവ് കുട്ടികളില്‍ വേരൂന്നുന്നു. ഇത് ആത്മഹത്യകള്‍ക്ക് വഴിവയ്ക്കുന്നു.
യാന്ത്രികമായ ജീവിത ശൈലിയും കുട്ടികളില്‍ അരക്ഷിത മനോഭാവവും, വിഷാദവും നിറയ്ക്കും. അഞ്ചു കുടുംബങ്ങളില്‍ കുട്ടികളുടെ കുലൂഹതകളും, സംശയങ്ങളും പലപ്പോഴും പരിഹരിക്കപ്പെടാതെ പോകുന്നു. അച്ഛനമമ്മാര്‍ ഉദ്യോഗസ്ഥരാണെങ്കില്‍ പ്രത്യേകിച്ച്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഭൗതിക സൗകര്യങ്ങള്‍ മാത്രം പോര. മാനസിക സുരക്ഷിതത്വവും വ്യക്തിത്വ വികാസവും അച്ഛനമ്മമാരുടെ സ്നേഹവും ഇവര്‍ക്ക് ആവശ്യം വേണ്ടതു തന്നെ.
അച്ഛനമ്മമാര്‍ പഠനത്തില്‍ അമിതശ്രദ്ധ കാട്ടുമ്പോള്‍ പഠന പ്രക്രിയയെ ആവശ്യമായി കുട്ടികള്‍ തെറ്റിദ്ധരിക്കുന്നു. സൈക്കിള്‍ വേണമെന്നോ, ബാറ്റ് വേണമെന്നോ ഉള്ള ആവശ്യം നിരാകരിക്കുമ്പോള്‍ പഠനം വച്ച് കുട്ടികള്‍ അവരോട് വിലപേശുന്നു. ഇനി മറ്റൊരു കൂട്ടര് പഠന സമ്മര്‍ദ്ദം മറ്റൊരു രീതിയിലാണ് പ്രകടിപ്പിക്കുന്നത്. തൊട്ടതിനും പിടിച്ചതിനുമെല്ലാം ഇവര്‍ക്ക് ദേഷ്യമാണ്.
കുട്ടികളിലെ ഇത്തരം മാസനികാവസ്ഥയ്ക്ക് കാരണം മാതാപിതാക്കള്‍ മാത്രമല്ല. വളരെ നിസ്സാര വീഴ്ചയ്ക്ക് ക്ളാസിന് പുറത്തിറക്കി നിര്‍ത്തുന്ന അധ്യാപകര്‍ മുതല്‍ മാര്‍ക്ക് കുറവായാല്‍ വര്‍ഷാവസാന പരീക്ഷ എഴുതിക്കാത്ത സ്കൂള്‍ അധികൃതര്‍ വരെ കുട്ടികളെ മാനസിക സമ്മര്‍ദ്ദത്തില്‍ ആഴ്ത്തുകയാണ്. മറ്റു കുട്ടികളുമായുള്ള താരതമ്യം കൂടിയാകുമ്പോള്‍ കുട്ടിയുടെ വ്യക്തിത്വവും മുറിവേല്പ്പിക്കപ്പെടുന്നു.
ഈ പ്രശ്നങ്ങളൊക്കെ തരണം ചെയ്യാനുള്ള ഏക പോം വഴി കുട്ടികളെ വ്യക്തികളായി പരിഗണിക്കുകയാണ്. അധ്യാപകരും മാതാപിതാക്കളും ഈ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളണം. അവരെ നിര്‍ബന്ധിച്ചോ ഉപദേശിച്ചോ ഉദ്യമത്തിലേയ്ക്ക് കൊണ്ടുവരാതെ പഠനത്തിന്റെ പ്രാധാന്യം കാര്യകാരണ സഹിതം മനസിലാക്കുകയാണ് വേണ്ടതെന്ന അഭിപ്രായമാണ് പല മനശാസ്ത്രജ്ഞന്മാരും പ്രകടിപ്പിച്ചത്.
കുട്ടികളില്‍ ഉണ്ടാകുന്ന വ്യതിയാനങ്ങള്‍ അധ്യാപകര്‍ ശ്രദ്ധിക്കണം. കഴിയുന്ന പരിഹാരം നിര്‍ദേശിക്കണം. ചിലപ്പോള്‍ പരീക്ഷയ്ക്ക് തോല്‍ക്കുമോ എന്ന പേടിമാത്രമാവും കുട്ടിയുടെ ഉള്ളില്‍. പേടിക്കേണ്ട നന്നായി എഴുതിക്കൊള്ളൂ. നല്ലമാര്‍ക്ക് കിട്ടും എന്ന സാന്ത്വനം മാത്രം മതി അവര്‍ക്ക് . മാര്‍ക്ക് വാങ്ങാനുള്ള യന്ത്രങ്ങള്‍ മാത്രമല്ല അവര്‍ എന്ന തിരിച്ചറിവോടെ സൗഹൃദത്തോടെ സ്നേഹത്തോടെ ആത്മവിശ്വാസം പകര്‍ന്ന് നല്കി പഠനത്തിന്റെ രസകരമായ വശങ്ങളിലേയ്ക്ക് കുട്ടിയെ നയിക്കാന്‍ പഠന വഴിയില്‍ പൊലിയുന്ന ജീവിതങ്ങളെ നമുക്ക് രക്ഷിയ്ക്കാം .