Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്‍മുന്നില്‍ ഒരു പര്‍വ്വതം മാഞ്ഞുപോകുകയോ?

കണ്‍മുന്നില്‍ ഒരു പര്‍വ്വതം മാഞ്ഞുപോകുകയോ?
കണ്ടു നില്‍ക്കെ ഒരു വന്‍പര്‍വ്വതം അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകുക! പര്‍വ്വതം നിന്ന സ്ഥാനത്ത് ശൂന്യത മാത്രം അവശേഷിപ്പിച്ചുകൊണ്ട്.അറിയുന്നവരൊക്കെ "മണി സാര്‍' എന്ന് സ്നേഹാദരപൂര്‍വ്വം വിളിക്കുന്ന ഡോ. സുരരാജ് മണിയുടെ അനവസരത്തിലെ തിരോധാനത്തെ ഇങ്ങനെയേ വിശേഷിപ്പിക്കുവാന്‍ കഴിയൂ. വീട്ടില്‍ അവശേഷിപ്പിച്ച രണ്ടു കുട്ടികളോടൊപ്പം പതിനായിരക്കണക്കിന് പ്രായപൂര്‍ത്തിയായവരേയും അനാഥരാക്കിയാണ് "മണി സാര്‍' മടങ്ങിയത്. അവരില്‍ ഇതെഴുതുന്നയാളുള്‍പ്പൈടെ നൂറു കണക്കിന് ഡോക്ടര്‍മാരും പെടും.

മണി സാര്‍ മെഡിക്കല്‍ കോളജദ്ധ്യാപകന്‍ ആയിരുന്നില്ല. പക്ഷേ കേരളത്തിലെ മെഡിക്കല്‍ രംഗത്ത് അദ്ദേഹത്തിന്‍റെ ശിഷ്യന്മാര്‍ക്ക് എണ്ണമില്ല. ഏകലവ്യനെപ്പോലെ മനസ്സുകൊണ്ട് ഗുരുസ്ഥാനം നല്‍കി ആ പുണ്യാത്മാവിനെ ദൂരെനിന്ന് ആരാധിച്ചു പഠിച്ചവരെത്ര? നൂറ്റാണ്ടു പഴക്കമുള്ള തിരുവനന്തപുരം ജനറല്‍ ആശുപത്രിയുടെ ഓരോ മണ്‍തരിയേയും സ്നേഹിച്ചു നടന്നുനീങ്ങിയിരുന്ന ആ മന്ദഹാസം ഇനിയൊരിക്കലും ഉണ്ടാകുകയില്ലെന്ന് എങ്ങനെ വിശ്വസിക്കും.

മുമ്പേ പറന്ന പക്ഷി

മനോരോഗ ചികിത്സയ്ക്ക് മണിസാര്‍ നല്‍കിയ മാനങ്ങള്‍ വിവരണാതീതമാണ്. മാനസിക രോഗം ശാരീരിക രോഗംപോലെ മാത്രം കണ്ട് ചികിത്സിക്കേണ്ടതാണെന്ന പുതിയ അറിവിനും അവബോധത്തിനും തുടക്കത്തില്‍ അംഗീകാരം നല്‍കാന്‍ പലരും മടിച്ചു. കേരളത്തിലെ മെഡിക്കല്‍ കോളജുകളില്‍ പോലും ""സാമൂഹ്യ മനോരോഗ ചികിത്സ'' യെക്കുറിച്ച് കേട്ടുകേള്‍വി ഇല്ലാതിരുന്ന കാലത്ത് അത് പ്രചരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച മുമ്പേ പറക്കുന്ന പക്ഷിയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ1993 ല്‍ കോഴിക്കോട്ടു നടന്ന ദേശീയ സമ്മേളനത്തില്‍ ആറ് ജനറല്‍ പ്രാക്ടീഷണര്‍മാരെക്കൊണ്ട് മനോരോഗ വിഭാഗത്തില്‍ ഗവേഷണപ്രബന്ധം അവതരിപ്പിക്കാന്‍ കാണിച്ച ആ ചങ്കൂറ്റം അദ്ധ്യാപനം തൊഴിലാക്കിയവരില്‍ പോലും കാണാന്‍ കിട്ടാത്തതാണ്. മനോരോഗി ചികിത്സിക്കപ്പെടേണ്ടത് സ്വന്തം വീട്ടില്‍വച്ചും, സമൂഹത്തില്‍ വച്ചും ഏറിയാല്‍ സാധാരണ ആശുപത്രികളിലും വച്ചാണെന്ന് നെഞ്ചും വിരിച്ചുനിന്ന് പറയുവാന്‍ ആ പഴയ ""മിസ്റ്റര്‍ മെഡിക്കോ''യ്ക്ക് രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. മനോരോഗാശുപത്രികള്‍ എന്ന നരകക്കുഴികളെ മനുഷ്യര്‍ക്ക് ചെന്ന കയറാന്‍ പറ്റുന്ന സ്ഥാപനങ്ങളാക്കുന്നതിനുള്ള സംരംഭങ്ങളും അവിടെ ആരംഭിക്കുകയായിരുന്നു.

മനോരോഗ ചികിത്സയില്‍ മരുന്നുകളുടെ പങ്ക് ഇത്രയധികം മനസ്സിലാക്കിയ മറ്റാരെങ്കിലുമുണ്ടോ എന്നു സംശയമാണ്. ബിരുദാനന്തര ബിരുദ പഠനങ്ങളും ഗവേഷണങ്ങളും നടക്കുന്ന മെഡിക്കല്‍ കോളജുകളില്‍ നിന്നല്ല മറിച്ച് പരാധീനതകളുടെ നടുവില്‍ നട്ടം തിരിയുന്ന കേരള ആരോഗ്യ വകുപ്പില്‍ നിന്നായിരുന്നു ഈ ചുണക്കുട്ടി ദേശീയ, അന്തര്‍ദേശീയ, ആഗോള ശാസ്ത്രസംഗമങ്ങളില്‍ പോയി വെന്നിക്കൊടി പറപ്പിച്ചത്. ഇതറിയുന്നവര്‍ ചുരുക്കം. ലോകാരോഗ്യ സംഘടനയില്‍ പോലും എത്തിപ്പറ്റുമായിരുന്ന ഒരു ബുദ്ധിസാഗരം അകാലത്തില്‍ ആവിയായിപ്പോയിരിക്കുന്നു.

Share this Story:

Follow Webdunia malayalam