Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്‍മുന്നില്‍ പര്‍വ്വതം മാഞ്ഞുപോകുകയോ?(മൂന്ന്)

കണ്‍മുന്നില്‍ പര്‍വ്വതം മാഞ്ഞുപോകുകയോ?(മൂന്ന്)
ചിരിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം

മണിസാര്‍ മരിച്ച ദിവസം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഒരു കാഴ്ച കണ്ടു. മനോരോഗം ഭേദമായിക്കഴിഞ്ഞ ഒരു രോഗി ചിരിക്കുന്നു. കാരണം ചോദിച്ചവരോട് ആ വൃദ്ധന്‍ പറയുന്നതു കേട്ടു - ""കുറച്ചു മുമ്പ് ഞാനെന്‍റെ ഡോക്ടറെ ജീവനോടെ നടന്നു പോകുന്നതു കണ്ടു. ഇനിയാ ശരീരം എനിക്കു കാണണ്ടാ. ഞാന്‍ ചിരിക്കുന്നതായിരുന്നു അദ്ദേഹത്തിനിഷ്ടം. ചിരിക്കാന്‍ മാത്രം പഠിപ്പിച്ച മണിസാറെന്തിന് കരയാന്‍ മാത്രം വിട്ടു മടങ്ങിപ്പോയി?''

കഴിഞ്ഞ കുറേ മാസങ്ങളില്‍ ഒരു മനുഷ്യന്‍ ചെയ്തു തീര്‍ക്കാവുന്ന ജോലിയല്ല അദ്ദേഹം ചെയ്തിരുന്നത്. രാത്രി പത്തുമണിക്കപ്പുറം നീളുന്ന രോഗികളുടെ നിര, പിന്നെ സ്വന്തം പണികള്‍, സര്‍ക്കാരിനും ആരോഗ്യവകുപ്പിനുമൊക്കെ വേണ്ടി തയ്യാറാക്കുന്ന വിവിധ പദ്ധതികള്‍, ദേശീയ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകള്‍, ഇതിനിടയ്ക്ക് വള്ളക്കടവിലും മറ്റുമുള്ള സേവനം. ഇതൊക്കെക്കൂടി ഒറ്റയാളാണല്ലോ ചെയ്തിരുന്നത്.

മണിസാര്‍ സ്ഥിരം പറയുന്ന ഒരു വാചകമുണ്ടായിരുന്നു - "" പത്തു കാര്യങ്ങള്‍ ചെയ്യുന്നവന് ഒന്നുകൂടി കൊടുത്താല്‍ അവന്‍ ഇല്ലാത്ത സമയം കണ്ടെത്തി ആ പതിനൊന്നാമത്തെ കാര്യം കൂടി ചെയ്യും. ഒന്നും ചെയ്യാതിരിക്കുന്നവന് അല്പം ജോലി കൊടുത്താലും അവന്‍ ചെയ്യില്ല'' ഈ വാചകം സാര്‍ത്ഥകമാക്കിയത് അദ്ദേഹം സ്വന്തം ജീവിതത്തിലായിരുന്നു. ഈ ജനുവരി മാസത്തില്‍ ശ്രീചിത്രാ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച ഹാര്‍വാര്‍ഡില്‍ നിന്നുള്ള വിദ്യാര്‍ത്ഥി സംഘത്തിനു മുന്നില്‍ നിറഞ്ഞുനിന്നത് ""കേരളപ്പെരുമ'' പറയുന്ന മണിസാര്‍! ആരോഗ്യവകുപ്പിന്‍റെയും സര്‍ക്കാരിന്‍റെയും വിവിധ കമ്മിറ്റികളില്‍ നിറഞ്ഞിരുന്ന് അളന്നു തൂക്കി അഭിപ്രായം പറയുന്ന മണിസാര്‍! സ്വന്തം മോനോടെന്നപോലെ ഭാവി പരിപാടികളെക്കുറിച്ച് ഉപദേശിച്ച് ചിരിച്ചു നില്‍ക്കുന്ന മണിസാര്‍! തമാശ പറഞ്ഞ് ഉറക്കെ പൊട്ടിച്ചിരിക്കുന്നതില്‍ പരിസരബോധം പോലും മറക്കുന്ന മണിസാര്‍!

""മനുഷ്യന്‍'' ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഈ ഭൂമുഖത്തുനിന്ന് മറഞ്ഞുപോയത് ഒരു ""യഥാര്‍ത്ഥ മനുഷ്യനായിരുന്നു''. അറിഞ്ഞവര്‍ അധികമുണ്ടെങ്കിലും ഭാഗികമായി അറിഞ്ഞവരാണധികം. അല്ലെങ്കില്‍ത്തന്നെ ആ വ്യക്തിത്വത്തെ പൂര്‍ണ്ണമായി അറിയുവാന്‍ ഒരു മനസ്സും ഒരു മനുഷ്യ മസ്തിഷ്കവും പോരല്ലോ. ഇവിടെ ഉപേക്ഷിച്ചുപോയ നന്മകളിലൂടെ മണിസാര്‍ എന്നും കണ്‍മുന്നില്‍ തെളിയുന്നു - ആ തെളിഞ്ഞ ചിരിയുമായി. ആ ചിരിയുടെ ഓര്‍മ്മ മതി ഞങ്ങളില്‍ പലര്‍ക്കും ജീവിക്കാന്‍.

Share this Story:

Follow Webdunia malayalam