സംഗീതം കൊണ്ട് മഴ പെയ്യിക്കാം. രോഗം മാറ്റാം. മനസിലെ കന്മഷങ്ങളൊക്കെ അകറ്റാം. സത്യമാണോ ? ആണെന്ന് ആവര്‍ത്തിച്ചു തെളിയിക്കുന്നു തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍.
അക്രമാസക്തി കൂടുതലുള്ളവരും, വിഷാദരോഗം ബാധിച്ചവരും, ആത്മഹത്യാ പ്രവണതയുള്ളവരു മടങ്ങുന്ന പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് മുന്നില്‍ സംഗീത മഴ പെയ്യിക്കാനെത്തിയവര്‍ നിസ്സാരരായിരുന്നില്ല. സാക്ഷാല്‍ ചെമ്മാങ്കുടി ശ്രീനിവാസയ്യര്‍ മുതല്‍ എം.ജി.ശ്രീകുമാര്‍ വരെ. പാട്ടുകേട്ട് നിശ്ശബ്ദരായിരുന്ന് ഓര്‍മ്മകളില്‍ മുഴുകിയും, ആനന്ദിച്ചും, കൂടെപാടിയും സഹകരിച്ചവര്‍ ഒടുവില്‍ വേദിക്കു മുന്നില്‍ എല്ലാം മറന്ന് ഗാനാലാപം വരെ നടത്തി. സംഗീതത്തിന്‍റെ ദിവ്യാദ്ഭുതങ്ങളാണിത്.
മാര്‍ച്ച് ആദ്യവാരം മനോരോഗികള്‍ക്ക് സംഗീത വിരുന്നൊരുക്കിയത് ശ്രീരാഗം മ്യൂസിക്ക് ക്ളബ്ബാണ്. മാനസികാരോഗ്യ കേന്ദ്രം സൂപ്രണ്ട് ജയറാം, ക്ളബ്ബംഗങ്ങള്‍, തിരുവനന്തപുരം ലയണ്‍സ് ക്ളബ്ബ് എന്നിവരുടെ സംയുക്ത ശ്രമമായിരുന്നു അത്.
അറുപതുകളിലേയും എഴുപതുകളീലേയും പാടിപ്പതിഞ്ഞ പാട്ടുകളോടെയായിരുന്നു തുടക്കം. ഒരു വൈകുന്നേരം മുഴുവന്‍ അവര്‍ മനം തുറന്നു പാടി. അതോടൊപ്പം അന്തേവാസികള്‍ക്ക് തുണിത്തരങ്ങളും മിഠായികളൂം സമ്മാനിച്ചു.
കണികാണുന്നേരം...., ഒരു പുഷ്പം മാത്രം..., എന്‍റെ സ്വപ്നത്തിന്‍...., മഞ്ഞണി പൂനിലാവില്‍...., താഴമ്പൂ മണമുള്ള..., പാരിജാതം തിരുമിഴി തുറന്നു... ഗൃ ഹാതുരത്വവും നൊമ്പരങ്ങളൂമടങ്ങിയ എത്രയെത്ര ഗാനങ്ങള്‍.
ഗാനങ്ങളൊക്കെ അന്തേവാസികള്‍ ശ്രദ്ധാപൂര്‍വം കേട്ടിരുന്നു ക്ളബ്ബ് സെക്രട്ടറി വി.രാജീവന്‍. ആദ്യമൊക്കെ നിശ്ശബ്ദരായി പാട്ടുകേട്ടവര്‍ പിന്നീട് കൈയടിച്ചും സന്തോഷ പ്രകടനങ്ങള്‍ നടത്തി. അതുകൊണ്ടുതന്നെ റിഹേഴ്സല്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ പാട്ടുകള്‍ പാടുകയും ചെയ്തു.
തുടക്കക്കാരും പാടിപ്പതിഞ്ഞവരും, പാട്ടു മറന്നവരും, പാടാനാഗ്രഹിച്ചവരും കൂട്ടത്തിലുണ്ടായിരുന്നു. എല്ലാവര്‍ക്കും സന്തോഷം. മനസ്സുതുറന്നു പാടാനവസരം കിട്ടിയതില്‍. മനസ്സു നിറയെ പാട്ടുകേള്‍ക്കാനായതില്‍ രോഗികള്‍ക്കും.