രാഹുല്‍ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി: ഓസ്കര്‍ ഫെര്‍ണാണ്ടസ്
ന്യൂഡല്‍ഹി , വ്യാഴം, 16 ജനുവരി 2014 (16:55 IST)
രാഹുല്‍ ഗാന്ധി തന്നെയാണ് കോണ്‍ഗ്രസിന്‍റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് കേന്ദ്രമന്ത്രി ഓസ്കര്‍ ഫെര്‍ണാണ്ടസ്. നിര്‍ണായകമായ എ ഐ സി സി സമ്മേളനം ചേരുന്ന പശ്ചാത്തലത്തില്‍, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തില്‍ തീരുമാനമാകും മുമ്പേ ഓസ്കര്‍ ഫെര്‍ണാണ്ടസ് നടത്തിയ ഈ അഭിപ്രായപ്രകടനം ശ്രദ്ധേയമായി. “രാഹുല്‍ ഗാന്ധി സമ്മതിച്ചാലും ഇല്ലെങ്കിലും അദ്ദേഹമാണ് ഞങ്ങളുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി. ആ ഉത്തരവാദിത്തം അദ്ദേഹം തീര്‍ച്ചയായും ഏറ്റെടുക്കും. ഇത് എന്‍റെ അഭിപ്രായമാണ്” - ഓസ്കര്‍ ഫെര്‍ണാണ്ടസ് വ്യക്തമാക്കി.ഇക്കാര്യത്തില്‍ ഒരു ഔദ്യോഗിക തീരുമാനത്തിന് വെള്ളിയാഴ്ച വരെ കാത്തിരിക്കാനാണ് ഓസ്കര്‍ ഫെര്‍ണാണ്ടസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം.രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാകുന്നതിനെ ചൊല്ലി മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന വാര്‍ത്തകള്‍ അദ്ദേഹം നിഷേധിച്ചു. “ഒരു അഭിപ്രായഭിന്നതയുമില്ല. ഞങ്ങള്‍ സന്തുഷ്ടരാണ്” - ഓസ്കര്‍ ഫെര്‍ണാണ്ടസ് പറഞ്ഞു.
Follow Webdunia malayalam