പരമ കാരുണ്യവാനായ ദൈവം തന്‍റെ ദാസന്‍മാരായ മനുഷ്യ വംശത്തിനായി സൃഷ്ടിച്ചതാണ് ഈ മനോഹര ഭൂമി. അവന് ജീവിക്കാനാവശ്യമായ എല്ലാ വസ്തുക്കളും ഇവിടെ ഒരുക്കപ്പെട്ടു. ഈ സാദ്ധ്യതകളേയെല്ലാം ഉപയോഗിച്ച് ശാന്തിയും സമാധാനവും നിറഞ്ഞ ജീവിതം നയിക്കുക എന്നതായിരുന്നു മനുഷ്യന്‍റെ കടമ.
കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ മനുഷ്യനില്‍ ഉറങ്ങിക്കിടന്ന അധര്‍മ്മ ചിന്തകള്‍ മെല്ലെ മെല്ലെ പുറത്തു വന്നു തുടങ്ങി. താന്‍ സൃഷ്ടിച്ച മനുഷ്യ കുലം അസത്യത്തിന്‍റെ വഴികളിലേക്ക് നീങ്ങുന്നത് മനസ്സിലാക്കിയ ദൈവം മുഹമ്മദ് നബിയെ ദൂതനായി തെരഞ്ഞെടുത്തു. നശിച്ചു കൊണ്ടിരിക്കുന്ന ധര്‍മ്മ ചിന്തകളെ മനുഷ്യ മനസിലേക്ക് തിരികെയെത്തിക്കാന്‍ മഹാനായ നബി തിരുമേനി നിയോഗിക്കപ്പെട്ടു.
പ്രവാചകന്‍ ഖുര്‍ ആനിലൂടെ സര്‍വ ശക്തനായ ദൈവത്തിന്‍റെ ഉപദേശങ്ങള്‍ ജനങ്ങളിള്‍ എത്തിച്ചു. അങ്ങനെ ഉപദേശിക്കപ്പെട്ട അനുഷ്ഠാനമാണ് റംസാന്‍ വ്രതം. മനുഷ്യന് നന്മയിലേക്കും, സത്യത്തിലേക്കും മടങ്ങിവരാനുള്ള വഴിയാണ് റംസാന്‍ വ്രതം. ഒരു മാസം നീളുന്ന വ്രതത്തിലൂടെ എല്ലാവിധ ദുഷ്ചിന്തകളില്‍ നിന്നും മോചനം നേടുന്നു.
വിശപ്പിനെ അതിജീവിച്ച് മുന്നേറുക എന്നത് ഏറെ ശ്രമകരമാണ്. അതിനുമേല്‍ നിയന്ത്രണം നേടാനാവുന്ന മനുഷ്യന് അവന്‍റെ മനസിനേയും നിയന്ത്രിക്കാന്‍ കഴിയും. അങ്ങനെ എല്ലാ ഇന്ദ്രയങ്ങള്‍ക്കും മേലുള്ള പൂര്‍ണ നിയന്ത്രണമാണ് റംസാന്‍ വ്രതാനുഷ്ഠാനത്തിലൂടെ നാം നേടിയെടുക്കുന്നത്.
ദൈവത്തിന്‍റെ ഇംഗിതത്തിനനുസരിച്ച് അവന്‍റെ നന്മകളെ നമ്മിലേക്കും പകര്‍ത്തി ജീവിതത്തെ സത്യത്തിന്‍റെ വഴിയിലൂടെ
മുന്നോട്ട് നയിക്കുമ്പോള്‍ അവന്‍ ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനാകുന്നു.