Select Your Language

Notifications

webdunia
webdunia
webdunia
webdunia

മ‌അദിന്‍ പ്രാര്‍ഥനാ സംഗമം

ഇസഹാഖ് മുഹമ്മദ്

മ‌അദിന്‍ പ്രാര്‍ഥനാ സംഗമം
കേരളത്തിലെ ഏറ്റവും വലിയ മുസ്ലിം ആത്മീയ സംഗമമാണ് മ‌അദിന്‍ പ്രാര്‍ഥനാ സംഗമം. കേരളത്തിന് അകത്തും പുറത്തു നിന്നും ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ഈ ആത്മീയ സംഗമം ഏറെ പ്രസിദ്ധമാണ്.

എല്ലാമാസവും ഇത്തരമൊരു പ്രാര്‍ഥനാ സംഗമം നടക്കുന്നുണ്ട്. ഇതിന്‍റെ വാര്‍ഷികമാണ് റമസാന്‍ മാസത്തിലെ പുണ്യങ്ങളുടെ പുണ്യ രാവായ ഇരുപത്തി ഏഴാം രാവിന് നടന്നു വരുന്നത്.

കേരളത്തിന് അങ്ങോളമിങ്ങോളമുള്ള വിശ്വാസികള്‍ പ്രാര്‍ഥനാ സംഗമത്തില്‍ പങ്കെടുക്കാനായി ദിവസങ്ങള്‍ മുമ്പെ ഇവിടെ എത്തുന്നു. മലപ്പുറം ജില്ലയില്‍ പാലക്കാട് കോഴിക്കോട് റൂട്ടില്‍ കോണാം‌പാറ മേല്‍‌മുറിയിലാണ് ഈ സംഗമത്തിന് വേദിയൊരുങ്ങുന്നത്.

ചെറിയൊരു ആത്മീയ സ്ഥാപനത്തിന് കീഴിയില്‍ തുടങ്ങിയ ഈ പ്രാര്‍ഥനാ വേദി പെട്ടെന്നാണ് വളര്‍ന്നത്. സയ്യിദ്‌ ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരിയാണ് ഈ ആത്മീയ സംഗമത്തിന് നേതൃത്വം നല്‍കുന്നത്. വിദേശ രാജ്യങ്ങലില്‍ നിന്നുള്ള നിരവധി പണ്ഡിതന്മാരും സൂഫിവര്യന്‍‌മാരും സാദാത്തുകളും സംഗമത്തില്‍ പങ്കെടുക്കാറുണ്ട്.

പ്രാര്‍ഥനാസംഗമ ദിവസം ഒരു ലക്ഷത്തോളം പേര്‍ ഒന്നിച്ചിരുന്നുള്ള നോമ്പുതുറ ശ്രദ്ധേയമാണ്. പിന്നീട് മഗ്‌രിബ്, ഇശാഹ്, തറാവീഹ്, വിത്‌ര്‍, തസ്ബീഹ് നമസ്കാരങ്ങള്‍ക്ക് സ്വലാത്ത് നഗറിലും പരിസരത്തുള്ള മൈതാനങ്ങളിലുമായി നടക്കും.


ജീവിതത്തിലുടനീളം ചെയ്തു കൂട്ടിയ പാപങ്ങളില്‍ മോചിതരാക്കാന്‍ വേണ്ടി വിശ്വാസികളുടെ ഉള്ളുതുറന്ന പ്രാര്‍ഥനയാണ് ഈ സംഗമം കൊണ്ട് ഉദ്ദേശിക്കുന്നത്.

തെറ്റുകളില്‍ നിന്ന് പൂര്‍ണമായി സത്യത്തിലേക്ക് നന്മയിലേക്കുള്ള ഒരു തിരുച്ചു പോക്കു കൂടിയാണിത്. സംഗമത്തില്‍ പങ്കെടുത്തവര്‍ മൊത്തമായി തൌബ ചെയ്ത് ദൈവത്തിലേക്ക് മടങ്ങും. പിന്നീട് മണിക്കൂറുകള്‍ നീണ്ട പ്രാര്‍ഥനയും നടക്കും.

ഇവിടെ നിന്ന് വിശ്വാസികള്‍ മടങ്ങുന്നത് ആത്മനിര്‍വൃതിയോടെയും വിവരിക്കാനാവാത്ത ആത്മീയ സാഫല്യത്തോടെയുമാണ്. എല്ലാ പ്രശ്നങ്ങളും പ്രതിസന്ധികളും അവര്‍ ഈ സദസ്സില്‍ അഴിച്ചുവെയ്ക്കുന്നു.

പ്രവാചകസ്നേഹത്തിന്‍റെ കൈവഴികളിലൂടെ ഒഴുകിയെത്തുന്ന മനുഷ്യമനസ്സുകളുടെ സംഗമസ്ഥാനമായി, വിശ്വാസികളുടെ ഹൃദയത്തില്‍ നിന്നിറങ്ങുന്ന ഭക്തി മന്ത്രങ്ങളുടെ സ്വലാത്ത് തുരുത്തായിത്തീര്‍ന്നിരിക്കയാണ് മ‌അ്ദിന്‍ പ്രാര്‍ഥനാ സംഗമം.

ഈ വര്‍ഷവും വിപുലമായ ചടങ്ങുകളോടെ പ്രാര്‍ഥനാ സംഗമം നടക്കുന്നുണ്ട്.

Share this Story:

Follow Webdunia malayalam