കാവടിയാടാന്‍ ഒരു ജന്മം
സോമന് സ്വാമിയുമായി അഭിമുഖം- ജനാര്‍ദ്ദന അയ്യര്‍
ശ്രീമുരുകന് ഭക്തര്‍ നല്കുന്ന ആത്മസമര്‍പ്പണമാണ് കാവടി. കാവടി എന്നാല്‍ ചുമലില്‍ വയ്ക്കുന്ന വടി (കാവണ്ഡം) എന്നേ അര്‍ത്ഥമുള്ളു. ദൈവ പ്രീതിക്കായി കാവടി ഉണ്ടാക്കുമ്പോള്‍ അതില്‍ അലങ്കാരങ്ങളും അര്‍ദ്ധ ചന്ദ്രാകൃതിയിലുള്ള പണികളും മറ്റും ഉണ്ടാവും.കവിളില്‍ നീണ്ട വേല് തറച്ചാലും അത് കാവടിയാവും.
സാധാരണ കാവടി കൂടാതെ അഗ്നിക്കാവടി, പറവക്കാവടി, സൂര്യകാവടി തുടങ്ങിയ പല കാവടിയാട്ടങ്ങളും നടക്കാറുണ്ട്.ഇതിനെല്ലാം ഭക്തിയും മെയ്യൊരുക്കവും സാധനയും ഉള്ള ആളുകള്‍ വേണം.
ജീവിതം മുരുക ഭക്തിക്കും കാവടിയാട്ടത്തിനും വേണ്ടി സമര്‍പ്പിച്ച വ്യക്തിയാണ് തിരുവനന്തപുരം സ്വദേശിയും, തിരിച്ചെന്തൂര്‍ കാവടിസംഘാംഗവുമായ സോമന് സ്വാമി എന്ന ജി.പി.സോമന് നായര്‍. അദ്ദേഹവുമായി നടത്തിയ അഭിമുഖം :
താങ്കള്‍ എത്രകാലമായി അഗ്നിക്കാവടി ആടാന്‍ തുടങ്ങിയിട്ട് ?
ഇരുപതാമത്തെ വയസ്സിലാണ് ഞാന്‍ അഗ്നികാവടി എടുക്കാന്‍ തുടങ്ങിയത്. 39 വര്‍ഷമായി അഗ്നിക്കാവടി, പറവക്കാവടി, സൂര്യകാവടി എന്നിവ എടുക്കാറുണ്ട്. ഇക്കൊല്ലം തിരുവനന്തപുരം കോട്ടയ്ക്കകം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ നടത്തിയത് എന്റെ അറുപത്തിയാറാമത് അഗ്നിക്കാവടിയാണ്.
കാവടിക്കാരനാവാന്‍ എന്താണ് കാരണം ?
പതിമൂന്നാം വയസ്സില്‍ വൈശാഖ വിശാഖ ആഘോഷ വേളയില്‍ തിരുവനന്തപുരം ശ്രീവരാഹത്ത് കാവടി എഴുന്നള്ളത്ത് കണ്ട് നില്‍ക്കുകയായിരുന്നു ഞാന്‍. ആ സമയത്ത് ശബരിമല അയ്യപ്പന് മാത്രമായിരുന്നു എന്റെ ഇഷ്ടദേവന്.
കാവടി ഘോഷയാത്ര എന്റെയടുക്കല്‍ വന്നതോടെ അതിലുണ്ടായിരുന്ന ഒരു ഭക്തന് നീയും കാവടി എടുക്കണം എന്ന് എന്നോട് മണ്ണില്‍ എഴുതിക്കാണിച്ചു. എനിക്ക് ഒട്ടും താത്പര്യമില്ലായിരുന്നു. പക്ഷെ, ഏതോ ഒരു അദൃശ്യ ശക്തി എന്നെ കാവടി ഘോഷയാത്രയ്ക്കൊപ്പം നയിച്ചു.ഇതാണ് എന്നെ പിന്നീട് കാവടിയെടുക്കാന്‍ പ്രേരിപ്പിച്ചത്. പതിമൂന്ന് വര്‍ഷങ്ങള്‍ തുടര്‍ച്ചയായി കാവടി എടുത്തശേഷമാണ് അഗ്നിക്കാവടി എടുക്കാന്‍ തുടങ്ങിയത്.
എവിടെയായിരുന്നു ആദ്യത്തെ കാവടി ?
അന്ന് തിരുവനന്തപുരത്തെ കോട്ടയ്ക്കകത്തുള്ള രണ്ടാം പുത്തന്‍തെരുവിലെ കല്‍പ്പക നായകി ക്ഷേത്രത്തില്‍ വര്‍ഷം തോറും കാവടി എഴുന്നള്ളത്ത് നടത്താറുണ്ടായിരുന്നു. ഞാനും അടുത്ത വര്‍ഷം ഈ ക്ഷേത്രത്തില്‍ കാവടി എടുക്കാന്‍ ആരംഭിച്ചു. കാവടി എടുക്കാന്‍ 15 രൂപയായിരുന്നു ചെലവ്.ഇത്ര രൂപ ചെലവാക്കാനുള്ള ശേഷി അന്നില്ലായിരുന്നു.
കോവിലില്‍ കാവടി എടുപ്പിന് മേല്‍നോട്ടം വഹിച്ചിരുന്ന പിച്ചുമണി അയ്യരുടെ സഹായത്തോടെ വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ അഗ്നിക്കാവടിയും എടുത്തു. അദ്ദേഹമാണ് എന്റെ ഗുരു.
പക്ഷെ, ചില സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടായതോടെ ഞാന്‍ ആ ക്ഷേത്രത്തില്‍ കാവടി എടുക്കുന്നത് പലര്‍ക്കും ഇഷ്ടമല്ലാതായി. അതുകൊണ്ട് ഞാന്‍ അവിടെ നിന്നും മാറി. വന്നു വിളിച്ചാല്‍ വീണ്ടും കാവടിയെടുക്കാന്‍ തയ്യാറാണെന്ന് ഗുരുവിന് വാക്കു കൊടുത്താണ് മാറിയത്. എന്റെ തട്ടകം പിന്നെ തെക്കേത്തെരുവ് സുബ്രഹ്മണ്യസ്വാമി ക്ഷേത്രമായി മാറി.
പിന്നീട് ആ ക്ഷേത്രത്തില്‍ തിരിച്ചു പോയില്ലേ ?
പോയി. അടുത്ത വര്‍ഷത്തെ വൈശാഖ വിശാഖം ആഘോഷങ്ങള്‍ വന്നപ്പോള്‍ കല്‍പ്പക നായകി ക്ഷേത്രത്തില്‍ വേല് കുത്താന്‍ എന്നോട് ആവശ്യപ്പെട്ടുകൊണ്ട് ആള് വന്നു. ഗുരു അന്ന് എന്നോട് 26 അടി നീളമുള്ള വേല് കുത്താന്‍ ആവശ്യപ്പെടുകയും ,ഞാന്‍ വാക്കുപാലിക്കുകയും ചെയ്തു.
പിന്നീട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ തുടര്‍ച്ചയായി 14 വര്‍ഷം അഗ്നിക്കാവടി നടത്തി.
എന്നാല്‍ അവിടെയും ചില സാമുദായിക പ്രശ്നങ്ങളുണ്ടായി. പതിനഞ്ചാം വര്‍ഷം ഞാന്‍ അഗ്നിക്കാവടിയെടുക്കാന് കാപ്പ് കെട്ടി തയ്യാറായിരിക്കുകയായിരുന്നു.
അന്ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ ‘അടിമ’ സ്ഥാനത്തുണ്ടായിരുന്ന ഭൂതപ്പാണ്ടി സ്വദേശി നാഗനാഥ അയ്യരും മറ്റ് അധികാരികളും അഗ്നിക്കാവടി നടത്തരുതെന്ന് തലേ ദിവസം എന്നോട് ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ മിക്കവാറും പൂര്‍ത്തിയാക്കിയതിനാല്‍ പിന്മാറാന് ഞാന്‍ തയ്യാറായില്ല.
അഗ്നിക്കാവടി ക്ഷേത്രത്തിനു മുന്‍വശത്തുള്ള റോഡില്‍ നടത്താന്‍ തയ്യാറായി. ഏതെങ്കിലും കാരണവശാല്‍ അധികാരികള്‍ തടഞ്ഞേക്കുമോ എന്ന ഭയത്താല്‍ പൊലീസ്, നഗരസഭ എന്നിവരില്‍ നിന്ന് രഹസ്യമായി അനുവാദവും വാങ്ങിയിരുന്നു. അഗ്നിക്കാവടി നടക്കുന്നത് ഞായറാഴ്ചയായതിനാല്‍ കോടതിയില്‍ നിന്ന് സ്റ്റേവരാന് സാധ്യതയില്ലെന്നും ഞാന്‍ സമാധാനിച്ചു.
അഗ്നിക്കാവടി നടക്കേണ്ട ദിവസം രാവിലെ എനിക്ക് എന്തെന്നില്ലാത്ത ഒരു പാരവശ്യവും തളര്‍ച്ചയും അനുഭവപ്പെടാന്‍ തുടങ്ങി. അടുത്തുള്ള ആശുപത്രിയില്‍ പോകാമെന്നായി ബന്ധുക്കള്‍. പക്ഷെ എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ച് ഞാന്‍ ഭജനമിരുന്നു.
അഗ്നിക്കാവടിക്ക് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് ഞാന്‍ ഒരു വാര്ത്തകേട്ടു.. അതൊരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നു... പണ്ഡിതനും അഗ്നിക്കാവടിയില്‍ ഏറെ അനുഭവസമ്പത്തുള്ള ഗുരുതുല്യനുമായ നാഗനാഥ അയ്യര്‍ അന്തരിച്ചു എന്ന്.
അദ്ദേഹത്തിന്റെ ഏതോ അദൃശ്യ ശക്തി എന്നില്‍ പ്രവേശിച്ചു എന്ന് എനിക്ക് തോന്നി. ഇതാണ് എന്റെ ശരീരത്തിനു താങ്ങാനാവാത്ത ഒരു അസ്വസ്ഥതക്ക് കാരണമായത്. ഭഗവാനെ ഉള്ളുരുകി പ്രാര്‍ത്ഥിച്ച എനിക്ക് ആ വര്‍ഷവും അഗ്നിക്കാവടി സകല അനുഗ്രഹത്താലും നടത്താന്‍ കഴിഞ്ഞു.
പറവക്കാവടി, സൂര്യകാവടി എന്നിവയ്ക്ക് അഗ്നിക്കാവടിയില്‍ നിന്നും എന്താണ് വ്യത്യാസം ?
ഭഗവാനില്‍ എല്ലാം സമര്‍പ്പിച്ച് അഗ്നിയിലൂടെ നടന്ന് നടത്തുന്ന പ്രാര്‍ത്ഥനയാണ് അഗ്നിക്കാവടി. അഗ്നിക്കാവടി പോലെ തന്നെ വിശേഷമാണ് പറവക്കാവടിയും സൂര്യകാവടിയും.
പറവക്കാവടി എന്നാല്‍ സാധാരണ രീതിയില്‍ ദേവീക്ഷേത്രങ്ങളില്‍ നടത്തുന്ന തൂക്കം പോലെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വേല് കയറ്റി മുതുകില്‍ കൊളുത്തിട്ട് തൂക്കുന്നതാണ് പറവക്കാവടി കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്തന്റെ ദേഹത്ത് സൂര്യരൂപത്തില്‍ 265 വേലുകള് തറച്ച് കാവടിയെടുക്കുന്നതാണ് സൂര്യകാവടി.
തിരുവനന്തപുരത്ത് അല്ലാതെ വേറെയെവിടെയെങ്കിലും അഗ്നിക്കാവടി നടത്താറുണ്ടോ ?
ഏറെ വര്‍ഷങ്ങളായി ഞാന്‍ തമിഴ്നാട്ടിലെ പേരുകേട്ട സുബ്രഹ്മണ്യക്ഷേത്രമായ തിരുച്ചെന്തൂര്‍ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ അഗ്നിക്കാവടി നടത്താറുണ്ട്. ഡിസംബര്‍ മാസത്തിലാണ് എല്ലാ വര്‍ഷവും ഈ ചടങ്ങ് നടത്താറുള്ളത്.
എനിക്കൊപ്പം 26 ഭക്തര്കൂടിയുണ്ടാവും. വളരെ ആഘോഷപൂര്‍വ്വമാണ് ഭക്തര്‍ ഇതിനെത്താറുള്ളത്. തമിഴ്നാട്ടിലെ പ്രസിദ്ധ ടെലിവിഷന്‍ ചാനലായ സണ്‍ ടിവി മിക്ക വര്‍ഷങ്ങളിലും നേരിട്ടുള്ള സംപ്രേക്ഷണം നടത്താറുണ്ട്.
ഇത്തരം തയ്യാറെടുപ്പുകള്‍ക്കായി താങ്കള്‍ എന്തെങ്കിലും തരത്തിലുള്ള സംഭാവനകള്‍ സ്വീകരിക്കാറുണ്ടോ ?
ഇത്തരം ചടങ്ങുകള്‍ക്കൊന്നും തന്നെ ഞാന്‍ പൊതുജനത്തില്‍ നിന്ന് സംഭാവനകളൊന്നും സ്വീകരിക്കാറില്ല. എല്ലാ വര്‍ഷവും അഗ്നിക്കാവടി ദര്‍ശനത്തിനായി എത്തുന്ന ചില പ്രത്യേക ഭക്തര്‍ നല്കുന്ന സഹായസഹകരണങ്ങളാണ് ഇത്തരം ചടങ്ങുകള്‍ക്ക് എന്ന് സഹായിക്കുന്നത്. എന്റെ രണ്ട് ആണ് മക്കളും എനിക്ക് ഇതിനു സഹായികളായി എപ്പോഴും ഉണ്ടാകും. ഇവരെ കൂടാതെ ചില അടുത്ത സുഹൃത്തുക്കളും എനിക്ക് തുണയായി ഉണ്ടാകാറുണ്ട്.
അഗ്നിക്കാവടിയും സൂര്യകാവടിയും ഒക്കെ എടുക്കുമ്പോള്‍ ശാരീരികമായ ക്ഷതങ്ങളും വേദനയും ഉണ്ടാകാറില്ലേ ?
ഇല്ല. കാപ്പ് കെട്ട് ഭഗവാനെ പ്രാര്‍ത്ഥിച്ച് വ്രതമെടുത്തു കഴിഞ്ഞാല്‍ പിന്നെ മറ്റൊന്നും ഞാന്‍ അറിയാറില്ല. എത്രയോ തവണ അഗ്നിക്കാവടി എടുത്തിട്ടും എന്റെ കാലിന് ഒരിക്കല്‍ പോലും പൊള്ളല്‍ ഏറ്റിട്ടില്ല. എല്ലാം ഭഗവാനില്‍ സമര്‍പ്പിച്ചിരിക്കുകയാണ്.
എന്റെ ജീവിതത്തില്‍ ഉണ്ടായ നേട്ടങ്ങള്‍ക്കെല്ലാം ഭഗവാന് സുബ്രഹ്മണ്യനാണ് കാരണം. ചില സാമുദായിക പ്രശ്നങ്ങള്‍ ചിലപ്പോള്‍ ഉണ്ടായെങ്കിലും ഇപ്പോള്‍ ഏവരും ഞാന്‍ അഗ്നിക്കാവടി എടുക്കുന്നത് ഇപ്പോള്‍ എല്ലാവരും സന്തോഷപൂര്‍വം സ്വാഗതം ചെയ്യുകയാണ്.
തിരുച്ചെന്തൂര്‍ അഗ്നിക്കാവടിക്ക് എന്നാണ് പുറപ്പെടുന്നത് ?
ഡിസംബര്‍ അഞ്ചാം തീയതി രാവിലെ പുറപ്പെടും. തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ക്ഷേത്രദര്‍ശനത്തിനു ശേഷം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം വരെ പറവക്കാവടിയായി തുറന്ന വാഹനത്തിലാണ് പോകുന്നത്. അവിടെ ഇറങ്ങുമെങ്കിലും ശരീരത്തിലെ കൊളുത്തുകള്‍ ഊരാതെ തന്നെ വാഹനഘോഷയാത്രയായി തിരുച്ചെന്തൂരിലേക്ക് പോകും.
Follow Webdunia malayalam