Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദൈവത്തിന് വജ്രം പതിച്ച കോണ്‍‌ടാക്ട് ലെന്‍സുകള്‍!

ദൈവത്തിന് വജ്രം പതിച്ച കോണ്‍‌ടാക്ട് ലെന്‍സുകള്‍!
കോലാപൂര്‍ , വ്യാഴം, 23 ഫെബ്രുവരി 2012 (18:36 IST)
PRO
PRO
മഹാരാഷ്ട്രയിലെ കോലാപൂര്‍ മഹാലക്ഷ്മി ക്ഷേത്രത്തില്‍ തൊഴാനെത്തുന്ന ഭക്തര്‍ ദേവീ വിഗ്രഹം ദര്‍ശിക്കുമ്പോള്‍ ആദ്യമൊന്ന് അമ്പരന്നേക്കും. ദേവിയുടെ കണ്ണുകള്‍ക്ക് പതിവില്ലാത്ത ഒരു തിളക്കം കൈവന്നിരിക്കുന്നു. തിളക്കത്തിന്റെ കാരണം മറ്റൊന്നുമല്ല. ഒരു ഭക്തന്‍ കാണിക്കയായി സമര്‍പ്പിച്ച, വജ്രം പതിച്ച കോണ്‍‌ടാക്ട് ലെന്‍സുകള്‍ ‘ധരിച്ചാണ്‘ ദേവിയുടെ നില്‍പ്പ്! 80,000 രൂപ വിലവരുന്ന കോണ്‍‌ടാക്ട് ലെന്‍സുകള്‍ ദേവിക്ക് സമര്‍പ്പിച്ചത് കണ്ണ് രോഗ വിദഗ്ദ്ധനായ ഡോ. ചന്ദ്രശേഖര്‍ ചവാന്‍ ആണ്. കോലാപൂര്‍ സ്വദേശിയായ അദ്ദേഹം ഇപ്പോള്‍ മുംബൈയിലാണ് താമസം.

കണ്ണുകള്‍ക്കായുള്ള ഒരു പുത്തന്‍ സാങ്കേതികവിദ്യ ഈ ഡോക്ടര്‍ ഈയിടെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. അതിന് പേറ്റന്റ് ലഭിക്കും എന്ന പ്രതീക്ഷയില്‍ കഴിയുന്ന അദ്ദേഹം ദേവിയുടെ അനുഗ്രഹം തേടിയാണ് വ്യത്യസ്തമായ ഒരു സമര്‍പ്പണം നടത്തിയതെന്ന് ക്ഷേത്രം ട്രസ്റ്റി പറയുന്നു.

അതേസമയം, ദേവി കോണ്‍‌ടാക്ട് ലെന്‍സ് ധരിക്കുന്നതില്‍ എതിര്‍പ്പുകള്‍ ഉയര്‍ന്നു കഴിഞ്ഞു. ദേവിയുടെ കണ്ണുകളില്‍ നിന്ന് ഭക്തരിലേക്ക് പ്രവഹിക്കുന്ന ദൈവിക പ്രഭാവം ഈ കോണ്‍‌ടാക്ട് ലെന്‍സ് തടസ്സപ്പെടുത്തും എന്നാണ് ചില ഭക്തര്‍ പരാതിപ്പെടുന്നത്. എന്നാല്‍ ഭക്തര്‍ ദേവിക്ക് നല്‍കുന്ന കാണിക്ക തടസ്സപ്പെടുത്താന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ട്രസ്റ്റി വ്യക്തമാക്കുന്നു.

മഹാലക്ഷ്മിയുടെ 5000 വര്‍ഷത്തോളം പഴക്കമുള്ള ഈ വിഗ്രഹം രത്നക്കല്ലില്‍ നിര്‍മ്മിച്ചതാണ്.

Share this Story:

Follow Webdunia malayalam