Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുണ്യനാട്ടില്‍ വീണ്ടുമൊരു സംഗമം

പുണ്യനാട്ടില്‍ വീണ്ടുമൊരു സംഗമം
, വെള്ളി, 23 ഒക്‌ടോബര്‍ 2009 (12:20 IST)
PRO
PRO
ഇസ്ലാമിന്‍റെ അഞ്ച് സ്തംഭങ്ങളില്‍ ഒന്നാണ് ഹജ്ജ്. റുക്നും മുസല്‍മാന്‌ ജീവിതത്തിലൊരിക്കല്‍ മാത്രം അതും മറ്റാരാധനകള്‍ക്കില്ലാത്ത നിബന്ധനകളോടെ നിര്‍ബന്ധമായ ആരാധനയുമാണ് ഹജ്ജ്‌‌. ആവശ്യമായ സാമ്പത്തിക ശേഷി നിബന്ധനയാക്കിയാണ്‌ ഹജ്ജിനെ വിശുദ്ധ ഖുര്‍ആനും മുഹമ്മദ് നബിയും റുക്നായി എണ്ണിയത്‌. അതുകൊണ്ടുതന്നെ സാധാരണക്കാരനെ കണക്കിലെടുക്കാത്ത ഒരു സാമൂഹ്യ കടമയായി ഇതിനെ വിലയിരുത്തപ്പെടുകയാണ്‌.

സമൂഹവുമായുള്ള ഇടപാടുകളില്‍ നിന്നെല്ലാം മുക്തമായ ഒരു നവ ജീവിതമാണ്‌ ഹജ്ജിന്‍റെ പ്രധാന മൂല്യമായി കാണുന്നത്‌. മാനുഷിക ബന്ധങ്ങളെല്ലാം ഒഴിവാക്കി വിനയാന്വിതനായി ദൈവത്തിന്‍റെ സാന്നിധ്യത്തില്‍ ലയിച്ചു ചേരുന്ന ഒരു സംവിധാനം ഹജ്ജ്‌ പോലെ മുസ്‌ലിം വിശ്വാസിക്ക് വേറെയില്ലത്രെ. അതേസമയം, സൃഷ്ടികളോടുള്ള ബഹുമാനാദരവും മാനവസമൂഹത്തിന്‍റെ ഐക്യബോധവും ഊട്ടിയുറപ്പിക്കാനുതകുന്ന മറ്റൊരു വേദിയും വേറെയില്ല.

ഹജ്ജിലെ ഓരോ കര്‍മ്മങ്ങളും സല്‍സ്വഭാവവും നിസ്വാര്‍ഥതയും വിനയവും ഉള്‍ക്കൊള്ളാന്‍ പ്രേരിതമാകുന്നതിന്‌ പുറമെ പൂര്‍വ്വിക ത്യാഗസ്മരണ ഉത്തേജിപ്പിക്കുന്നതാണ്‌. ചിലര്‍ ത്വവാഫിലും കല്ലേറിലും മറ്റും തിക്കും തിരക്കുമുണ്ടാക്കി സ്വയം കുറ്റമേറ്റെടുക്കുന്നുണ്ടെങ്കിലും സ്വാര്‍ത്ഥത കൈവെടിഞ്ഞ്‌ എല്ലാവര്‍ക്കും സ്വച്ഛന്ദം ഇബാദത്തുകള്‍ നിര്‍വഹിക്കണമെന്ന ബോധമാണ്‌ ഇസ്ലാം അങ്കുരിപ്പിക്കുന്നത്‌.

ഇത്തരം പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിന് സുന്നത്തായി നിര്‍വ്വഹിക്കേണ്ട പല കാര്യവും ഇളവുചെയ്യാന്‍ ഇസ്ലാം പ്രേരിപ്പിക്കുന്നു. ഉദാഹരണത്തിന്‌ ഹജറുല്‍ അസ്‌വദ്‌ ചുംബിക്കല്‍, കഹ്ബയുടെ സാമീപ്യം മുതലായ പല സുന്നത്തുകളും തിരക്കാണെങ്കില്‍ ഒഴിവാക്കാനും പകരം ആംഗ്യം വഴിയും മറ്റും ശാന്തമായി നിര്‍വഹിക്കാനും നിര്‍ദേശിക്കുന്നുണ്ട്.

അതേസമയം, വിഷമങ്ങള്‍ അനുഭവിക്കലും സാധാരണ ജീവിതശീലം പരിത്യജിക്കലും ആവശ്യമായി വരുന്നതിനാല്‍ നിബന്ധനകളൊത്ത ഒരു വ്യക്തി ഹജ്ജ്‌ നിര്‍വഹിക്കാതെ മരണപ്പെടാനിടയായാല്‍ ജൂതനായി മരിക്കുന്നതിനോടാണ്‌ മുഹമ്മദ് നബി സാദൃശ്യപ്പെടുത്തിയിരിക്കുന്നത്. ഇമാം അഹ്മദ്‌, തിര്‍മുദി മുതലായവര്‍ റിപ്പോര്‍ട്ടുചെയ്ത ഹദീസുകളില്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്.

ഇമാം ബുഖാരിയും മുസ്ലിമും ചേര്‍ന്ന് നിവേദനം ചെയ്ത ഹദീസില്‍ ഇപ്രകാരം കാണാം: 'കുറ്റകരമായ കാര്യവും ലൈംഗിക ചോദനയും കൂടാതെ ഒരാള്‍ ഹജ്ജ്‌ നിര്‍വഹിച്ചു മടങ്ങിയാല്‍ മാതാവ്‌ പ്രസവിച്ച ദിനം പോലെ പരിശുദ്ധമായാണവന്‍’. മാതാവ്‌ പ്രസവിച്ച ദിവസമുള്ള പരിശുദ്ധത ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഹജ്ജ്‌ കര്‍മ്മം നിര്‍വ്വഹിച്ച ശേഷം ഹാജി എന്ന നാമത്തില്‍ ജനത സംബോധനം ചെയ്യുന്നത്‌ തന്നെ കുറ്റമറ്റ ജീവിതത്തിലേര്‍പ്പെട്ടവന്‍ എന്നതിന്‍റെ സൂചനയായി കാണേണ്ടതുണ്ട്‌.

Share this Story:

Follow Webdunia malayalam