Select Your Language

Notifications

webdunia
webdunia
webdunia
webdunia

മണ്ണാറശ്ശാല ആയിലം- ഐതിഹ്യം

മണ്ണാറശ്ശാല ആയിലം- ഐതിഹ്യം
കന്നിയിലെ ആയില്യമാണ് നാഗരാജാവിന്‍റെ ജന്‍‌മദിനമായി കേരളം ആകെ ആഘോഷിക്കുന്നത് എങ്കിലും മണ്ണാറശ്ശാലയില്‍ തുലാത്തിലെ ആയില്യത്തിനാണ് പ്രാധാന്യം. അതുകൊണ്ടാണ് ഇത് മണ്ണാറശ്ശാല ആയില്യം എന്ന പേരില്‍ അറിയപ്പെടുന്നത്.

ഇതിനു പിന്നില്‍ ഒരു കഥയുണ്ട്. ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവിന് കന്നിയിലെ ആയില്യം തൊഴാനും എഴുന്നള്ളത്ത് കാണാനും സാധിക്കാതെ വന്നു. തുലാത്തിലെ ആയില്യം കന്നിമാസത്തിലെ അതെ പ്രൌഢിയോടെ ആഘോഷിക്കണം എന്ന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. ഇതിനെ തുടര്‍ന്ന് മണ്ണാറശ്ശാലയില്‍ കന്നി, തുലാം മാസങ്ങളിലെ ആയില്യം വലിയ പ്രാധാന്യത്തോടെ ആഘോഷിക്കാന്‍ തുടങ്ങി.

ഇവിടെ പ്രാധാന്യമുള്ള മറ്റൊരു ആയില്യം കുംഭത്തിലെ ആയില്യമാണ്. അന്ന് നിലവറയിലെ മുത്തശ്ശന്‍റെ (മണ്ണാറശ്ശാലയിലെ നാഗരാജാവിന്‍റെ) പിറന്നാള്‍ ദിവസമായും ആഘോഷിക്കുന്നു. അന്ന് വലിയമ്മ നാഗരാജാവിനെ ഇല്ലത്തേക്ക് എഴുന്നള്ളിച്ച് തെക്കേ തളത്തിലിരുത്തി നൂറും പാലും കുരുതിയും നടത്തുക പതിവാണ്.

മണ്ണാറശ്ശാല ഇല്ലത്തിലെ കാരണവസ്ത്രീയായ അമ്മയെ നാഗഭഗവാന്‍റെ അമ്മയായാണ് ഭക്തജനം കാണുന്നത്. നാഗപൂജാരിണിയായ അമ്മയാണ് വിശേഷ ദിവസങ്ങളില്‍ ക്ഷേത്രത്തിലെ പൂജകള്‍ നടത്തുന്നത്. സര്‍പ്പബലി, നൂറും പാലും, പാലും പഴവും, അപ്പം, മലര്‍ നിവേദ്യം, പാല്‍പ്പായസം എന്നിവ ഈ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.

സന്താന ലാഭത്തിനായി നടത്തുന്നതാണ് ഉരുളി കമിഴ്ത്തല്‍. ഇഷ്ടകാര്യ ലാഭത്തിനായി നിലവറപ്പായസ നിവേദ്യവും നടത്താറുണ്ട്.

ഉരുളി കമിഴ്ത്ത്

നൂറ്റാണ്ടുകളായി മണ്ണാറശ്ശാല ക്ഷേത്രത്തില്‍ നടന്നുവരുന്ന സവിശേഷതയാര്‍ന്ന വഴിപാടാണ് ഉരുളി കമിഴ്ത്തല്‍. കുട്ടികള്‍ ഇല്ലാതെ വിഷമിച്ചിരുന്ന അമ്മയ്ക്ക് നാഗഭഗവാന്‍ സ്വയം സന്താനമായി അവതരിച്ചു. ഭഗവാന് ഏറ്റവും പ്രിയപ്പെട്ട നിവേദ്യമായ നൂറും പാലും നല്‍കുന്ന പാത്രമാണ് ഉരുളി.

സന്താനഭാഗ്യമില്ലാത്ത ദമ്പതികള്‍ പ്രാര്‍ത്ഥനയോടെ സമര്‍പ്പിക്കുന്ന ഉരുളി അമ്മ നിലവറയില്‍ കമിഴ്ത്തി വയ്ക്കുകയും സന്താനത്തോടു കൂടി വന്ന് വഴിപാടുകള്‍ നടത്തി ഉരുളി നിവര്‍ത്തിപ്പിക്കുകയും ചെയ്യുമ്പോഴേ ഈ വഴിപാട് പൂര്‍ത്തിയാവുകയുള്ളു. ആയിരക്കണക്കിന് ദമ്പതികള്‍ക്ക് ഈ വഴിപാടു മൂലം ഫലസിദ്ധി ഉണ്ടായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam