Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാവീരന്‍ എന്ന വര്‍ദ്ധമാനന്‍

മഹാവീരന്‍ എന്ന വര്‍ദ്ധമാനന്‍
, ചൊവ്വ, 7 ഏപ്രില്‍ 2009 (13:11 IST)
അവസാന തീര്‍ത്ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ ജന്മദിനമണ് മഹാവീര ജയന്തിയായി ജൈനമത വിശ്വാസികള്‍ ആഘോഷിക്കുന്നത്. ബി.സി. 599ല്‍ ചൈത്ര മാസത്തിലെ പതിമൂന്നാം ചന്ദ്ര ദിനത്തിലായിരുന്നു മഹാവീരന്‍ ഭൂജാതനായത്. ഇംഗ്ലീഷ് കലണ്ടര്‍ അനുസരിച്ച് ഈ ദിനം മാര്‍ച്ച് അവസാനമോ ഏപ്രില്‍ ആദ്യമോ ആണ്.

ബിഹാറില്‍ വൈശാലിയിലെ നൂപുരയില്‍ ഒരു ഹിന്ദു ക്ഷത്രിയ കുടുംബത്തില്‍ ആണ്‌ മഹാവീരന്‍ ജനിച്ചത്. മഹാവീരനെ ഗര്‍ഭം ധരിച്ചിരിക്കെ ആ കുടുംബത്തിന്‍റെ സ്വത്ത്‌ വര്‍ദ്ധിച്ചതുകൊണ്ടാണ്‌ മഹാവീരനെ വര്‍ദ്ധമാനന്‍ എന്നു വിളിക്കാന്‍ കാരണം. മുപ്പതാമത്തെ വയസ്സില്‍ കുടുംബം ഉപേക്ഷിച്ച്‌ അദ്ദേഹം സന്യാസ ജീവിതത്തിലേക്കിറങ്ങി.

24 തീര്‍ഥങ്കരന്മാരിലൂടെയാണ്‌ ജൈന തത്വസംഹിത വളര്‍ന്നത്‌. എങ്കിലും അവസാനത്തെ തീര്‍ഥങ്കരനായ വര്‍ദ്ധമാന മഹാവീരന്‍റെ കാലത്താണ്‌ ഇത് ഒരു മതം എന്ന നിലക്ക്‌ വേരുറക്കുന്നത്‌. തന്‍റെ മുന്‍ഗാമികളുടെ മാര്‍ഗ്ഗനിര്‍ദേശം ഉള്‍ക്കൊണ്ട് ആ വിശ്വാസങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു മഹാവീരന്‍. പാര്‍ശ്വനാഥ തീര്‍ത്ഥങ്കരന്‍റെ തത്വങ്ങളെയും വചനങ്ങളെയുമാണ് അദ്ദേഹം പ്രധാനമായും പിന്തുടര്‍ന്നത്. സന്യാസിമാരും സാധാരണക്കാരുമായി അദ്ദേഹത്തിന് നാലു ലക്ഷത്തോളം അനുയായികളുണ്ടായിരുന്നുവെന്ന്‌ പറയപ്പെടുന്നു.

ദൈവത്തെ സംബന്ധിച്ച സൃഷ്ടി സ്ഥിതി സംഹാര സങ്കല്‍പങ്ങളെ മഹാവീരന്‍ അംഗീകരിച്ചില്ല. ഭൗതിക നേട്ടങ്ങള്‍ക്കും വ്യക്തിതാത്‌പര്യങ്ങള്‍ക്കുമായി ദൈവത്തെ ആരാധിക്കുന്നതിനെയും അദ്ദേഹം ശക്തിയായി എതിര്‍ത്തു. ആത്മാവിന്റെ ആന്തരിക സൗന്ദര്യത്തിനും അര്‍ത്ഥത്തിനുമായിരുന്നു മഹാവീരന്‍ പ്രാധാന്യം നല്‍കിയിരുന്നത്‌. വസ്ത്രങ്ങളുള്‍പ്പടെയുള്ള സകല ലൗകിക വസ്തുക്കളും ത്യജിച്ചു കൊണ്ടാണ് മഹാവീരന്‍ സന്യാസ ജീവിതത്തിലേക്ക്‌ തിരിഞ്ഞത്‌. ഗൗതമ സിദ്ധര്‍ത്ഥന്‍റെ സമകാലികന്‍ കൂടിയായിരുന്നു മഹാവീരന്‍.

പന്ത്രണ്ട് വര്‍ഷത്തോളം മൗനത്തിലും ധ്യാനത്തിലും കഴിച്ചുകൂട്ടിയ മഹാവീരന്‍ ആഗ്രഹങ്ങളെയും ബന്ധങ്ങളെയും വികാരങ്ങളെയും അടിച്ചമര്‍ത്തുകയും സകല ചരാചരങ്ങളോടും അഹിംസ പാലിക്കുകയും ചെയ്തു. തന്‍റെ ആത്മീയശക്തികള്‍ ഉണരുകയും പൂര്‍ണതയും അറിവും ശക്തിയും നേടുകയും ചെയ്തതോടെ മഹാവീരന്‍ പൂര്‍ണ്ണ പ്രബോധോദയം എന്ന അവസ്ഥ പ്രാപിച്ചു.

അഹിംസ പാലിക്കുക, സത്യം പറയുക, ഒന്നും മോഷ്ടിക്കാതിരിക്കുക, ബ്രഹ്മചര്യം അനുഷ്ടിക്കുക, ആരോടും ബന്ധുത പുലര്‍ത്താതിരിക്കുക എന്നിവയാണ് അഞ്ച് ജൈന തത്വങ്ങള്‍. എന്നാല്‍ ജൈനതത്വങ്ങള്‍ പിന്തുടരുന്ന സാധാരണക്കാര്‍ക്ക്‌ അവരുടെ ജീവിത ശൈലിയും അനുവദനീയമായിരുന്നു. സ്ത്രികളെ ഒരിക്കലും ജൈനമതം അകറ്റി നിര്‍ത്തിയിരുന്നില്ല. ബി.സി. 527-ല്‍ എഴുപത്തിരണ്ടാം വയസ്സില്‍ മോക്ഷം പ്രാപിക്കുന്നതുവരെ മഹാവീരന്‍ നഗ്നപാദനായി ഇന്ത്യയിലങ്ങേളാമിങ്ങോളം അലഞ്ഞ് ജനനം, മരണം, വേദന, ദുരിതം എന്നിവയില്‍ നിന്നെങ്ങനെ പൂര്‍ണമായി സ്വതന്ത്രമാകാം എന്നത് സംബന്ധിച്ച് ജനങ്ങളെ ഉദ്ബോധിപ്പിച്ചു.

ആഗമ്‌ സൂത്രാസ്‌ എന്നറിയപ്പെടുന്ന മഹാവീരന്‍റെ പ്രഭാഷണങ്ങള്‍ തലമുറകളായി വായ്മൊഴിയിലൂടെ കൈമാറ്റം ചെയ്യപ്പെട്ടു. എന്നാല്‍ ഇവ പിന്നീട്‌ നഷ്ടപ്പെടുകയും നശിപ്പിക്കപ്പെടുകയും രൂപഭേദം വരുത്തുകയും ചെയ്തു. ശ്വേതംബര ജൈനന്മാരും ദിഗംബര ജൈനന്മാരുമാണ് ഇവ ഉപയോഗപ്പെടുത്തിയിരുന്നത്.

ജൈനരെ സംബന്ധിച്ച് ഏറ്റവും വലിയ മതാ‍ഘോഷങ്ങളില്‍ ഒന്നാണ് മഹാവീര്‍ ജയന്തി. ജൈന ക്ഷേത്രങ്ങളെല്ലാം കൊടി തോരണങ്ങളാല്‍ അലങ്കരിച്ച് വിശ്വാസികള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നു. പ്രഭാതത്തില്‍ മഹാവീര വിഗ്രഹത്തിന്‍റെ അഭിഷേകത്തോടെയാണ് ആചാരങ്ങള്‍ക്ക് തുടക്കമാവുക. വിഗ്രഹത്തെ ഒരു തൊട്ടിലില്‍ കിടത്തി നടത്തുന്ന ഘോഷയാത്ര ഏറെ ആകര്‍ഷണീയമായ ഒന്നാണ്.

Share this Story:

Follow Webdunia malayalam