‘ശാലോം’ ബെന്നിക്ക് ഷെവലിയര്‍ പദവി
കൊച്ചി , വ്യാഴം, 15 ഡിസംബര്‍ 2011 (12:58 IST)
ക്രിസ്തീയ ചാനലായ ശാലോം ടിവിയുടെ ചെയര്‍മാനും ശാലോം പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററുമായ ബെന്നി പുന്നത്തറയ്ക്കു ഷെവലിയര്‍ പദവി ലഭിച്ചു. ഒന്നുമില്ലായ്മയില്‍ നിന്നാണ് ബെന്നി പുന്നത്തറ അനേകലക്ഷങ്ങള്‍ കാണുന്ന ശാലോം ടിവിയും ഇന്ത്യയിലും വിദേശത്തും വായിക്കപ്പെടുന്ന ശാലോം പ്രസിദ്ധീകരണങ്ങളും യാഥാര്‍ത്ഥ്യമാക്കിയത്. മൂല്യത്തില്‍ ഊന്നിയുള്ള മാധ്യമ പ്രവര്‍ത്തനവും സുവിശേഷ പ്രചരണ പ്രവര്‍ത്തനങ്ങളുമാണ് ബെന്നിയെ ഷെവലിയര്‍ പദവി തേടിയെത്താന്‍ കാരണം.ബെന്നി പുന്നത്തറയ്ക്ക് ഷെവലിയാര്‍ പദവി നല്കാന് തീരുമാനിച്ചതായ മാര്‍പാപ്പയുടെ ഔദ്യോഗിക പ്രഖ്യാപനം കെസിബിസി അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്താണ് മാധ്യമങ്ങളെ അറിയിച്ചത്. എറണാകുളം ജില്ലയിലെ ഞാറക്കാട്, പുന്നത്തറ മര്‍ക്കോസ്-സാറാമ്മ ദമ്പതികളുടെ മകനാണ് ബെന്നി. ഫെഡറല്‍ ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ജോലി രാജിവച്ചാണ് മുഴുവന്‍ സമയ പ്രേഷിതപ്രവര്‍ത്തനം ആരംഭിച്ചത്. ഭാര്യ: സ്റ്റെല്ല, മക്കള്‍: മനു, നിര്‍മല്‍.ശാലോം എന്ന പേരില്‍ 1992-ലാണ് ബെന്നി ഒരു മാസിക ആരംഭിച്ചത്. തോമ്മാശ്ലീഹായുടെ തിരുനാള്‍ ദിവസം തൃശൂര്‍ പുത്തന്‍പള്ളിയില്‍ ദിവ്യബലിയില്‍ സംബന്ധിക്കുമ്പോഴാണ് ക്രൈസ്തവ മൂല്യങ്ങള്‍ പ്രചരിപ്പിക്കാന്‍ വേണ്ടി ഒരു ടെലിവിഷന്‍ ചാനല്‍ തുടങ്ങുക എന്ന ആശയം ലഭിച്ചതെന്ന് ബെന്നി പറയുന്നു. കോഴിക്കോട് ജില്ലയിലെ പെരുവണ്ണാമൂഴി എന്ന ഗ്രാമത്തിന്റെ ഏറ്റവും പിന്നോക്കമായി കിടക്കുന്ന കൂവപ്പൊയില്‍ എന്ന സ്ഥലത്തെ കുന്നിന്മുകളിലാണ് 2003-ല്‍ ശാലോം ടിവി പ്രവര്‍ത്തനം ആരംഭിക്കുന്നത്.മൂല്യബോധമുള്ള മാധ്യമപ്രവര്‍ത്തകരെ വാര്‍ത്തെടുക്കാനായി ആരംഭിച്ചിരിക്കുന്ന ശാലോം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മീഡിയ സയന്‍സ്, ശാലോം മലയാളം മാസിക, ശാലോമിന്റെ ഇംഗ്ലീഷ് പതിപ്പ് ശാലോം ടൈഡിംഗ്സ്, അമേരിക്കന്‍ എഡിഷന് സണ്‍ഡേ ശാലോം എന്നിവയൊക്കെ ബെന്നിയുടെ നേട്ടങ്ങളാണ്. അടുത്ത രണ്ടുവര്‍ഷത്തിനുള്ളില്‍ ഇംഗ്ലീഷ് ഭാഷയില്‍ ഒരു ടെലിവിഷന്‍ ചാനല്‍ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് ബെന്നിയിപ്പോള്‍.
Follow Webdunia malayalam