നന്മകള്‍ പെരുമഴയായി പെയ്‌തിറങ്ങുന്ന വ്രതവിശുദ്ധിയുടെ നാളുകള്‍ നമ്മെ ഓര്‍മിപ്പിക്കുന്നത്

റംസാൻ മാസത്തിൽ വൈകുന്നേരം പ്രാർത്ഥനകൾക്കായി എല്ലാവരും പള്ളികളിൽ ഒത്തുച്ചേരും

ബുധന്‍, 8 ജൂണ്‍ 2016 (11:54 IST)
വ്രതവിശുദ്ധിയുടെ പുണ്യമാസമായ റംസാനിൽ ഉപവാസവും പ്രാർത്ഥനയും ഇസ്ലാം മത വിശ്വാസികള്‍ക്ക് ഒഴിച്ചുകൂടാൻ പറ്റാത്തതാണ്. ഇസ്ലാം മത വിശ്വാസത്തിന്റെ അഞ്ചു നെടും തൂണുകളിൽ ഒന്നാണ് റംസാന്‍ നാളിലെ നോമ്പ്. വിശ്വസം, നിത്യേനയുള്ള പ്രാർത്ഥന, ദാനധര്‍മം, മക്കയിലെ ഹജ്ജ് തീർത്ഥാടനം എന്നിവയ്ക്കൊപ്പം കൂട്ടിച്ചേർത്തു വായിക്കേണ്ടതാണ് റംസാന്‍ നാളിലെ നോമ്പും.

ചന്ദ്രമാസത്തെ അടിസ്ഥാനമാക്കിയാണ് ഹിജറ കലണ്ടർ. അതു കൊണ്ടുതന്നെ ചന്ദ്രപ്പിറവി അടിസ്ഥാനമാക്കിയാണ് ഹിജറ കലണ്ടറിലെ ഓരോ മാസവും തുടങ്ങുന്നത്. വ്യത്യസ്ത രാജ്യങ്ങളിൽ വ്യത്യസ്ത സമയങ്ങളിൽ ആയിരിക്കും ചന്ദ്രപ്പിറവി ദൃശ്യമാകുന്നത് എന്നതിനാൽ റമസാൻ നോമ്പ് തുടങ്ങുന്നതിലും ആ വ്യത്യാസം കാണാവുന്നതാണ്.

റംസാൻ മാസത്തിൽ വൈകുന്നേരം പ്രാർത്ഥനകൾക്കായി എല്ലാവരും പള്ളികളിൽ ഒത്തുച്ചേരും. വൈകുന്നേരങ്ങളിലെ ഈ പ്രാർത്ഥന തരാവീഹ് എന്നാണ് അറിയപ്പെടുന്നത്. പകല്‍ സമയങ്ങളിൽ ഒഴിവുള്ള വിശ്വാസികൾ ഖുറാൻ വായിക്കുകയും മതപരമായ പ്രഭാഷണങ്ങൾ കേൾക്കുന്നതിൻ സമയം കണ്ടെത്തുകയും ചെയ്യും.

റംസാൻ മാസത്തിലെ എല്ലാ ദിവസവും സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ വിശ്വാസികൾ ഉപവാസത്തിൽ ആയിരിക്കും. ഒരു കവിള്‍ വെള്ളം കുടിക്കുന്നത് പോലും ഉപവാസം ലംഘിക്കപ്പെടുന്നതിന് കാരണമാകും. കുട്ടികൾ, പ്രായമായവർ, അസുഖമുള്ളവർ, ഗര്‍ഭിണികളായ സ്ത്രീകൾ, യാത്ര ചെയ്യുന്നവർ, കൂടാതെ സ്ത്രീകൾക്ക് ആർത്തവമുള്ള ദിവസങ്ങളിലും ഉപവാസം എടുക്കുന്നതിൽ നിന്ന് ഒഴിവു ലഭിക്കുന്നതാണ്.

പ്രവാചകൻ തുടങ്ങിവെച്ച കീഴ്വഴക്കമാണ് ഓരോ ദിവസത്തെയും നോമ്പ് അവസാനിപ്പിക്കുന്നതിൽ വിശ്വാസികൾ ഇപ്പോഴും പിന്തുടര്‍ന്നു വരുന്നത്. വൈകുന്നേരത്തെ പ്രാർത്ഥനയ്ക്ക് ശേഷം ഒരു കവിൾ വെള്ളം കുടിച്ച് ഈന്തപ്പഴം കഴിച്ചാണ് വിശ്വാസികൾ നോമ്പ് അവസാനിപ്പിക്കുക. മിക്കവാറും കുടുംബത്തോടും ബന്ധുക്കളോടും ഒപ്പമായിരിക്കും നോമ്പ് അവസാനിപ്പിക്കുക. കേരളത്തിൽ റംസാന്‍ നാളുകളിൽ വൈകുന്നേരം സമൂഹ നോമ്പുതുറകൾ നടത്തപ്പെടാറുണ്ട്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മരണത്തിനപ്പുറം സംഭവിക്കുന്നതെന്ത്? സംശയങ്ങളെല്ലാം അവസാനിക്കുന്നു!