Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസാരമെന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കൂ ? സ്വയം തിരിച്ചറിയാം !

നാവിന്‌ വിശ്രമം നല്‍കുന്ന മൗനവ്രതം അനുഷ്ടിക്കൂ... സ്വയം തിരിച്ചറിയാം !

സംസാരമെന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കൂ ? സ്വയം തിരിച്ചറിയാം !
, ശനി, 22 ഏപ്രില്‍ 2017 (10:10 IST)
ശബ്ദത്തെ സരസ്വതിയുടെ വരപ്രസാദമായാണ് ഹിന്ദുക്കള്‍ കരുതുന്നത്. സരസ്വതി കൃപ ധാരാളം ഉള്ളവര്‍ക്കാണ്‌ ശബ്ദസൗകുമാര്യവും വാക്‌സമ്പത്തും ലഭിക്കുന്നതെന്നാണ് ഹിന്ദു വിശ്വാസ. ഇന്ദ്രിയങ്ങളുടെ എല്ലാം ഗുണം നമുക്ക് കൂടുതല്‍ ബോധ്യമാകുന്നത്‌ അവ ഇല്ലാത്ത അവസ്ഥ വരുമ്പോളാണ്. കര്‍മ്മേന്ദ്രിയം എന്ന നിലയില്‍ നാവിന്‌ വിശ്രമം കൊടുക്കുന്ന വ്രതമാണ്‌ മൗന വ്രതം. ഏതൊരു മനുഷ്യന്റേയും ഉയര്‍ച്ചക്കും തളര്‍ച്ചക്കും പിന്നില്‍ അവന്റെ നാവിന്‌ വലിയ പങ്കാണുള്ളത്.  
 
ഇരുള്‍ നമുക്ക്‌ എത്രമാത്രം ശാന്തിയും സമാധാനവും തരുന്നവോ അപ്രകാരം മൗനവും നമുക്ക്‌ ശാന്തിയും സമാധാനവും തരുന്നു. സംസാരം എന്ന ഭൗതിക കര്‍ത്തവ്യം നിശ്ചിത സമയത്തേക്ക് ഉപേക്ഷിക്കുകയെന്നത് മനുഷ്യന്‌ അവന്റെ ഉള്ളിലേക്ക്‌ നോക്കാനുള്ള ഒരു അവസരം കൂടിയാണ്‌. മൗനം വിദ്വാന്‌ ഭൂഷണമാണ്‌. മൗനം മധുരമാണ്‌, നൊമ്പരമാണ്‌, വിഷാദമാണ്‌. എന്നാലും മൗനം വാചാലമാണ്‌. അനിര്‍വ്വചനീയമാണ്‌. ആശ്വാസമാണ്‌. ഊര്‍ജ്ജത്തിന്റെ ഉറവിട കേന്ദ്രവുമാണ്‌. ഇരുളില്‍ നിന്ന്‌ പ്രകാശം ജനിച്ചതു പോലെ മൗനത്തില്‍ നിന്നാണ് ശബ്ദവുമുണ്ടായത്.
 
ഭഗവാന്‍ ബുദ്ധനാണ്‌ മൗനത്തിന്റെ ആന്തരാര്‍ത്ഥം നമ്മളിലേക്ക്‌ വെളിപ്പെടുത്തി തന്നത്‌. മൗനത്തിന്റെ അന്തസത്ത പ്രചരിപ്പിച്ചതും അദ്ദേഹം തന്നെയാണ്‌. മൗനത്തിന്റെ പാതയിലൂടെയാണ് യേശുവും, ബുദ്ധനും, കൃഷ്‌ണനുമെല്ലാം ശത്രുക്കളെ വിജയിച്ചതായി പറയപ്പെടുന്നത്‌. ഇന്ദ്രിയ നിരാസത്തിലൂടെ മനസിന്‌ ഏകാഗ്രതയും ശക്തിയും ലഭിക്കുന്നു എന്നാണ്‌ ആചാര്യന്മാര്‍ പറഞ്ഞു വച്ചിരിക്കുന്നത്‌. ഇത്‌ അദ്വൈതമായൊരു പദ്ധതിയാണ്‌. അഞ്ച്‌ കര്‍മ്മേന്ദ്രിയങ്ങളേയും നിയന്ത്രിക്കുന്നത് ഐശ്വര്യവും ശാന്തിയും കൈവരാന്‍ സഹായിക്കുന്നു. 
 
മനുഷ്യ ജിവിതത്തിലും സമൂഹത്തിലും ശബ്ദത്തിനെന്നപോലെ മൗനത്തിനും വളരെ വലിയ പങ്കാണുള്ളത്‌. ശബ്ദം കേട്ട്‌ ആസ്വദിക്കുന്നതുപോലെ മൗനവും അനുഭവംകൊണ്ടാണ് തിരിച്ചറിയേണ്ടത്. നമ്മുടെ ഉളിലെ ഒരു മണിചെപ്പാണ്‌ മൗനം. അത്‌ ശരിയായി സംരക്ഷിക്കപ്പെടേണ്ടതാണ്‌. പല തരം വ്രതങ്ങള്‍ നമ്മുടെ ഋഷി വര്യര്‍ നമുക്ക്‌ ഉപദേശിച്ചിട്ടുള്ളതില്‍ പരമ പ്രധാനമായ ഒന്നാണ് മൗന വ്രതം. കുറച്ചു നേരത്തെ മൗനത്തിനു ശേഷം മൗനം നിര്‍ത്തുമ്പോള്‍ നമുക്ക്‌ അനുഭവപ്പെടുന്ന ഒരുതരം അനുഭൂതി നമുക്ക്‌ പറഞ്ഞറിയിക്കുവാന്‍ കഴിയുന്നതല്ല. 
 
നിശ്ചിത ദിവസങ്ങളില്‍ മൗനം അചരിക്കുന്നതോടൊപ്പം പാകം ചെയ്ത ഭക്ഷണം ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും   ധാന്യങ്ങളും മാത്രം കഴിക്കുന്നത്‌ ശരീര ശുദ്ധിയുണ്ടാവുന്നതിനും പ്രാണ ശക്തി മെച്ചപ്പെടുത്തുന്നതിനും അത്യുത്തമമാണ്‌. മൌനവ്രതം അനുഷ്ഠിക്കുന്നത് ദാരിദ്ര്യം അകറ്റുന്നതിന് ഉത്തമമാണെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. ചൊവ്വാ, വെള്ളി, ശനി ദിവസങ്ങളിലോ, കറുത്തവാവു മുതല്‍ വെളുത്തവാവു വരെയുള്ള രാത്രികളിലോ,ചന്ദ്രഗ്രഹണത്തിന് തലേ ദിവസം മുതലുള്ള രാത്രികളില്‍ തുടര്‍ച്ചയായി പത്ത്‌ ദിവസമോ, സൂര്യഗ്രഹണത്തിന്‍റെ മൂന്ന്‌ ദിവസം മുമ്പ്‌ മുതല്‍ തുടര്‍ച്ചയായ പതിനെട്ട്‌ ദിവസമോ മൗനവ്രതം ആചരിക്കാം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ഇന്ന് ഈസ്റ്റര്‍