മാതാ അമൃതാനന്ദമയി ദേവിയുടെ 55-ാംപിറന്നാളാഘോഷത്തിന് ശനിയാഴ്ച കൊല്ലം വള്ളിക്കാവിലെ അമൃതപുരി വേദിയായി. അമ്മയുടെ ജന്മദിനം പ്രമാണിച്ച് തപാല്‍വകുപ്പ് പുറത്തിറക്കുന്ന കവര്‍ പ്രകാശനം ഇന്ന് ചെയ്തു.അഞ്ചു വങ്കരകളില്‍ നിന്നായി ലക്ഷക്കണക്കിനു ഭകതരാണ് പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നത്.
അമൃതവിശ്വവിദ്യാപീഠത്തോടുചേര്‍ന്ന് ഒരുക്കിയ പന്തലില്‍ രണ്ടുലക്ഷം ഭക്തര്‍ക്ക് ഇരിക്കാവുന്ന സൗകര്യമൊരുക്കിയിട്ടുണ്ട്.രാജധാനിയുടെ മാതൃകയിലുള്ള വേദി ബ്രഹ്മചാരി ബാബുവിന്റെ നേതൃത്വത്തിലാണ് തയാറാക്കിയത്. ഇവിടെയാണ് ചടങ്ങുകള്‍ നടന്നത്.
ശനിയാഴ്ച പുലര്‍ച്ചെ 5ന് പന്തലിന്റെ വലതുവശത്തു തയ്യാറാക്കിയിട്ടുള്ള യജ്ഞവേദിയില്‍ സൂര്യകാലടി ഭട്ടതിരിപ്പാട് ഗണപതിഹോമം നടത്തി. പിന്നെ ലോക സമാധാനത്തിനും ശാന്തിക്കുമായി പതിനായിരങ്ങള്‍ പങ്കെടുത്ത ലളിതാസഹസ്രനാമാര്‍ച്ചനയായിരുന്നു .
രാവിലെ 7.30ന് അമ്മയുടെ പ്രഥമശിഷ്യനും അമൃതാനന്ദമയി മഠം വൈസ് ചെയര്‍മാനുമായ സ്വാമി അമൃതസ്വരൂപാനന്ദപുരിയുടെ സത്സംഗം നടന്നു. 9 മണിക്ക് മാതാ അമൃതാനന്ദമയിദേവി വേദിയില്‍ എത്തി. സ്വാമി അമൃതസ്വരൂപാനന്ദപുരിയും മറ്റുശിഷ്യരും ചേര്‍ന്ന് അമ്മയ്ക്ക് പാദപൂജ നടത്തി. ഭക്തരും ശിഷ്യരും അമ്മയെ ഹാരം അണിയിക്കുന്ന ചടങ്ങിനു ശേഷം. അമ്മ ജന്മദിനസന്ദേശം നല്കി.
11ന് തുടങ്ങിയ ജന്മദിനസമ്മേളനത്തില്‍, അമൃതകീര്‍ത്തിപുരസ്കാരം പ്രമുഖ സംസ്കൃത പണ്ഡിതനായ പ്രൊഫ. ആര്.വാസുദേവന്‍ പോറ്റിക്ക് 'മാതൃഭൂമി' മാനേജിങ്ങ് ഡയറക്ടര്‍ എം.പി.വീരേന്ദ്രകുമാര്‍ എം.പി. സമ്മാനിച്ചു. 123456 രൂപയാണ് സമ്മാനപ്പണം.
ആത്മഹത്യചെയ്ത കര്‍ഷകരുടെ മക്കള്‍ക്കുള്ള വിദ്യാമൃതം പരിപാടി ഒരുലക്ഷംപേര്‍ക്ക് നല്‍കുന്നതിന്റെ പ്രതീകമായി അമ്മയും കേന്ദ്ര ഷിപ്പിങ്ങ്-ഉപരിതല ഗതാഗത വകുപ്പു സഹമന്ത്രി കെ.എച്ച്.മുനിയപ്പയും സംസ്ഥാന ഭക്ഷ്യമന്ത്രി സി.ദിവാകരനും ചേര്‍ന്ന് 270 കുട്ടികള്‍ക്ക് സ്കോളര്‍ഷിപ്പ് നല്കി.
ഭഗവദ്ഗീതയെ ആസ്പദമാക്കി രചിച്ച ഗീതാമൃതം വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ സ്വാമി പ്രണവാനന്ദ തീര്‍ഥപാദരും മാതൃവാണിയുടെ 25-ാം വാര്‍ഷികം പ്രമാണിച്ച് ഇറക്കുന്ന പിറന്നാള്‍ പതിപ്പ് ശിവഗിരി ധര്‍മ്മസംഘം പ്രസിഡന്റ് സ്വാമി പ്രകാശാനന്ദയും പ്രകാശനം ചെയ്തു. ആലപ്പുഴ എം.പി.കെ.എസ്.മനോജും മഹാരാഷ്ട്രയില്‍ നിന്നുള്ള എം.എല്‍.എ. വിജയ്യാദവും ചടങ്ങിലലുണ്ടായിരുന്നു.
മുന്‍ പ്രധാനമന്ത്രി എ.ബി.വാജ്പേയി, പ്രതിപക്ഷനേതാവ് എല്‍.കെ.അദ്വാനി, ആഭ്യന്തരമന്ത്രി ശിവരാജ് പാട്ടീല്‍, പ്രതിരോധമന്ത്രി എ.കെ.ആന്റണി, കേന്ദ്രമന്ത്രിമാരായ സുശീല്‍കുമാര്‍ ഷിന്‍ഡെ, വയലാര്‍ രവി, കാര്‍ണ്ണാടക മുഖ്യമന്ത്രി യദിയൂരപ്പ, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി രാജശേഖര്‍ റെഡ്ഡി, കേരളാ ഗവര്‍ണര്‍ ആര്.എസ്.ഗവായി തുടങ്ങി ഒട്ടേറെ പ്രമുഖര്‍ അമ്മയ്ക്ക് ജന്മദിനാശംസ നേര്‍ന്നു.
വെള്ളിയാഴ്ചയും അമൃതപുരിയില്‍ വലിയ ആള്‍ക്കൂട്ടമായിരുന്നു ദര്ശനമില്ലാത്തദിവസം ആയിട്ടും മാതാ നമൃതാനന്ദമയി എല്ലവര്‍ക്കും ദര്‍ശനം നല്കി. മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാലും ക്കൂട്ടത്തിലുണ്ടായിരുന്നു.
വൈകീട്ട് നടന്ന ഭജനയില്‍ അമ്മയോടൊപ്പം ആയിരങ്ങള്‍ പങ്കെടുത്തു. സംഗീതാര്‍ച്ചനയില്‍ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ അവതരിപ്പിച്ചു. അമൃത വിശ്വവിദ്യാപീഠത്തിലെയും അമൃത വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ വിവിധ കലാപരിപാടികള്‍ ഒരുക്കി.
അമൃത വിശ്വവിദ്യാപീഠത്തിലെയും അമൃത വിദ്യാലയങ്ങളിലെയും വിദ്യാര്‍ഥികള്‍ സ്വരൂപിച്ച ബിഹാര്‍ പ്രളയദുരിതാശ്വാസനിധി കുട്ടികള്‍ അമ്മയെ ഏല്പിക്കും. തുടര്‍ന്ന് അമ്മയുടെ കാര്‍മികത്വത്തില്‍ സമൂഹവിവാഹം നടക്കും.