Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമൃതാനന്ദമയിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി

അമൃതാനന്ദമയിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി
കൊല്ലം , ചൊവ്വ, 2 ഡിസം‌ബര്‍ 2014 (21:57 IST)
മാതാ അമൃതാനന്ദമയിയും മാര്‍പാപ്പയും കൂടിക്കാഴ്ച നടത്തി. ചൊവ്വാഴ്ച വത്തിക്കാനിലാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പയും അമൃതാനന്ദമയിയും ചര്‍ച്ച നടത്തിയത്. ആധുനിക അടിമത്തവും മനുഷ്യക്കടത്തും 2020ഓടെ നിവാരണം ചെയ്യുന്നതിനായുള്ള പ്രവര്‍ത്തനങ്ങളില്‍ കൈകോര്‍ത്ത് മുന്നേറാന്‍ കൂടിക്കാഴ്ചയില്‍ തീരുമാനമായി.
 
മനുഷ്യക്കടത്ത്, നിര്‍ബന്ധിത ജോലിയെടുപ്പിക്കല്‍, വേശ്യാവൃത്തി, അവയവക്കടത്ത് എന്നിങ്ങനെയുള്ള ആധുനിക അടിമത്തങ്ങള്‍ മാനവരാശിക്ക് നേരെയുള്ള കുറ്റകൃത്യമാണെന്ന് എല്ലാവരും തിരിച്ചറിയുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ മാര്‍പാപ്പയും അമൃതാനന്ദമയിയും ഒപ്പുവച്ചു.
 
ലോകത്തുനിന്ന് അടിമത്തം തുടച്ചുനീക്കുന്നതിനായാണ് കത്തോലിക, ആംഗ്ലിക്കന്‍, ഓര്‍ത്തഡോക്സ് മത നേതാക്കള്‍ക്കൊപ്പം ഹൈന്ദവ, ബുദ്ധ, മുസ്ലിം മതനേതാക്കള്‍ ഒരുമിച്ച് അണിനിരന്നത്. 
 
അടിമത്തത്തിനെതിരെയുള്ള ചരിത്ര ദൌത്യത്തില്‍ മാര്‍പാപ്പയ്ക്കൊപ്പം പങ്കാളിയാകാന്‍ തന്നെ ക്ഷണിച്ചത് ആദരവായാണ് കാണുന്നതെന്ന് അമൃതാനന്ദമയി പറഞ്ഞു. ആഗോളതലത്തിലുള്ള പ്രശ്നങ്ങള്‍ക്ക് ഐക്യത്തിലൂടെയും സമാധാനത്തിലൂടെയും പരിഹാരം കണ്ടെത്തുന്നതിന് ഇത്തരത്തിലുള്ള കൂടിക്കാഴ്ചകള്‍ വഴിതെളിക്കുമെന്നും അമൃതാനന്ദമയി അഭിപ്രായപ്പെട്ടു.
 
ഗ്ലോബല്‍ ഫ്രീഡം നെറ്റുവര്‍ക്കിന്‍റെ (ജി എഫ് എന്‍) നേതൃത്വത്തിലാണ് ലോക മതനേതാക്കളുടെ സംഗമം സംഘടിപ്പിച്ചത്.

Share this Story:

Follow Webdunia malayalam