ഇഫ്താര്‍ സമയമറിയിക്കാന്‍ പീരങ്കിവെടി!
ദുബായ് , ശനി, 28 ഓഗസ്റ്റ് 2010 (13:21 IST)
നോമ്പുതുറ സമയം അറിയിക്കാനായി പഴയ കാലങ്ങളില്‍ പീരങ്കിവെടികളും മറ്റു വെടി ശബ്ദങ്ങളുമായിരുന്നു ഉപയോഗിച്ചിരുന്നത്. പണ്ട് കാലത്ത് മിക്ക മസ്ജിദുകളിലും സൌണ്ട് സ്പീക്കര്‍ സംവിധാനം ഇല്ലായിരുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ അറേബ്യന്‍ നാടുകളിലും കേരളത്തില്‍ പോലും പലയിടങ്ങളിലും വെടിപ്പൊട്ടിക്കല്‍ സമ്പ്രദായമായിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട്, സാങ്കേതിക സേവനങ്ങളും സൌകര്യങ്ങളും വര്‍ധിച്ചതോടെ പഴഞ്ചന്‍ പീരങ്കിയും വെടിക്കെട്ടും പലയിടത്തും ഉപേക്ഷിക്കപ്പെട്ടു. എന്നാല്‍, ഈ പരമ്പരാഗത സമ്പ്രദായം ഇന്നും തുടരുന്ന സ്ഥലങ്ങള്‍ ഗള്‍ഫിലും കേരളത്തിലും ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.നോമ്പുതുറ സമയം അറിയിക്കാന്‍ ഷാര്‍ജയില്‍ വെടിയൊച്ച മുഴക്കുന്ന രീതി ഇപ്പോഴുമുണ്ട്. നോമ്പുതുറ സമയം അറിയിക്കുന്നതിന് ഷാര്‍ജ പോലീസിന്റെ നേതൃത്വത്തിലാണ് പീരങ്കി ഉപയോഗിച്ച് വെടിയൊച്ച പുറപ്പെടുവിക്കുന്നത്. യു എ ഇയുടെ കിഴക്ക് - മധ്യ മേഖലകളാക്കി തിരിച്ച് മുഴുവന്‍ ഭാഗങ്ങളിലും വെടിയൊച്ച കേള്‍ക്കുന്ന രീതിയിലാണ് പീരങ്കികള്‍ സംവിധാനിച്ചിരിക്കുന്നത്. ഇതിനായി പ്രത്യേകം പോലീസിനെ തന്നെ നിയോഗിച്ചിട്ടുണ്ട്. ഷാര്‍ജയിലെ കള്‍ചറല്‍ സ്‌ക്വയര്‍, അല്‍ മുറഖബ, അല്‍ഖരീന്‍ ഏരിയ, അല്‍തല്ലാ ഏരിയ, ബുഹൈറ ഖാലിദ് കോര്‍ണിഷ, നൂര്‍ മസ്‌ജിദ് തുടങ്ങിയ സ്‌ഥലങ്ങളിലാണ് പീരങ്കിവെടികള്‍ സജ്ജീകരിച്ചിരിക്കുന്നത്.ദുബായ് ഭരണാധികാരിയായിരുന്ന ശൈഖ് റാഷിദ് ബിന്‍ സയീദ് അല്‍ മക്‍തൂമിന്റെ നിര്‍ദേശ പ്രകാരം 1960 മുതലാണ് ഇഫ്താര്‍ തുറക്കുന്ന സമയത്ത് പീരങ്കി പൊട്ടിക്കുന്നത് ആരംഭിച്ചത്. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ഉപയോഗിച്ച പീരങ്കിയാണ് ഇതിനായി ഉപയോഗിക്കുന്നത്. ശബ്ദം മാത്രം ഉണ്ടാക്കുന്ന തിര ഉപയോഗിച്ചാണ് പീരങ്കിപൊട്ടിക്കുന്നത്. പീരങ്കി പൊട്ടിക്കുന്നത് കാണാനായി മുസ്ലിം, മുസ്ലിം ഇതര മതസ്തര്‍ ഇവിടെ എത്താറുണ്ട്. ഇവര്‍ക്കെല്ലാം ഇഫ്താര്‍ വിരുന്ന് നല്‍കിയിട്ടെ യാത്രയാക്കൂ.ഇഫ്താര്‍ സമയമറിയിക്കാനായി കുവൈത്തിലും പീരങ്കിവെടി ഉപയോഗിക്കുന്നുണ്ട്. കുവൈത്ത് സിറ്റിയിലെ നായിഫ് പാലസില്‍ ഇതിനായി പീരങ്കി സജ്ജീകരിച്ചിട്ടുണ്ട്. കുവൈത്തിലെ ഏഴാമത്തെ ഭരണാധികാരിയായിരുന്ന അമിര്‍ ഷൈഖ് മുബാറക് അല്‍ സബായാണ് നോമ്പുതുറ സമയം അറിയിക്കാനായി പീരങ്കിവെടി തുടങ്ങിയത്. ചരിത്ര റിപ്പോര്‍ട്ട് പ്രകാരം കുവൈത്തിലെ ആദ്യ പീരങ്കി വെടി പൊട്ടിച്ചത് അലി ബിന്‍ ഒഖബ് അല്‍ ഖസ്രാജിയാണെന്നും പറയപ്പെടുന്നു. ബ്രിട്ടീഷ് സര്‍ക്കാര്‍ ശൈഖ് മുബാറക് അല്‍ സബയ്ക്ക് സമ്മാനമായി നല്‍കിയതാണ് ഈ പീരങ്കിയെന്നും പറയപ്പെടുന്നു. അല്‍ വര്‍ദ(പൂവ്) എന്നറിയപ്പെടുന്ന പീരങ്കി വെടി കാണാനായി ദിവസവും നിരവധി ഇവിടെ എത്താറുണ്ടത്രെ.
Follow Webdunia malayalam