Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഓച്ചിറ:ചാത്തന് പരബ്രഹ്മദര്‍ശനം കിട്ടിയ പുണ്യഭൂമി

ഓച്ചിറ:ചാത്തന് പരബ്രഹ്മദര്‍ശനം കിട്ടിയ പുണ്യഭൂമി
കേരളത്തിലെ ഏക പരബ്രഹ്മ ക്ഷേത്രമാണ് ഓച്ചിറയില്‍ ഉള്ളത്.ക്ഷേത്രപ്പഴമയെക്കുറിച്ച് ഒരൈതിഹ്യകഥ പ്രചാരത്തിലുണ്ട്
.
ആ കഥ പറയിപെറ്റപന്തിരുകുലത്തില്‍പ്പെട്ട അകവൂര്‍ ചാത്തനോട് ബന്ധപ്പെട്ടു കിടക്കുന്നു. വരരുചിക്ക് തന്‍റെ ചണ്ഡാല പത്നിയില്‍ പിറന്ന പന്ത്രണ്ട് മക്കളില്‍ ഒരുവനാണ് അകവൂര്‍ ചാത്തന്‍.

അകവൂര്‍ ചാത്തന്‍ വൈശ്യജാതിയില്‍പ്പെട്ട ആളായിരുന്നു. ആലവായ്ക്ക് അടുത്ത് അകവൂര്‍ മനയ്ക്കലെ ഒരു നമ്പൂതിരിയുടെ ആശ്രിതനായി അദ്ദേഹം ജീവിതകാലം കഴിച്ചു. ചാത്തന്‍ അകവൂര്‍ ചാത്തനായിത്തീര്‍ന്നത് ഈ അകവൂര്‍ മന ബന്ധം കാരണമാണ്. വേദപണ്ഡിതനായ തിരുമേനിയ്ക്ക് കൈവന്ന സിദ്ധികളെ കണ്ട് ചാത്തന്‍ അത്ഭുതപ്പെട്ടിരുന്നു.

ഒരിക്കല്‍ ചാത്തന്‍ തിരുമേനിയോട് പരബ്രഹ്മസ്വരൂപത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ""പരബ്രഹ്മം തൊഴുത്തില്‍ നില്‍ക്കുന്ന മാടന്‍ പോത്തിനെപ്പോലെയിരിക്കും'' എന്ന് തിരുമേനി പരിഹാസമായി പറഞ്ഞതാണ് ചാത്തന്‍റെ ജീവിതത്തില്‍ വഴിത്തിരിവായത്.

ചാത്തന്‍ പിന്നെ ഒന്നും ആലോചിച്ചില്ല. പരബ്രഹ്മസ്വരൂപത്തെ തേടി വ്രതാനുഷ്ഠാനങ്ങളില്‍ മുഴുകി കഴിഞ്ഞു. ഒടുവില്‍ പരബ്രഹ്മം മാടന്‍ പോത്തിന്‍റെ രൂപത്തില്‍ പ്രത്യക്ഷപ്പെട്ടു. ആ പോത്ത് ജീവിതാവസാനംവരെ ചാത്തനെ സേവിച്ചുവത്രെ!


തിരുമേനി പുണ്യം നേടാന്‍ മുങ്ങി നടന്ന തീര്‍ത്ഥക്കുളങ്ങളിലൊക്കെ ചാത്തന്‍ തന്‍റെ കൈയിലുള്ള ചുരയ്ക്ക മുക്കി എടുത്തു. എന്തിനെന്നോ? ചുരയ്ക്കയുടെ കയ്പ് പോകാതിരുന്നതുപോലെ തീര്‍ത്ഥസ്നാനം കൊണ്ട് മാത്രം മനുഷ്യന് പുണ്യം നേടാന്‍ കഴിയില്ലെന്ന് എല്ലാവരേയും ബോധ്യപ്പെടുത്താന്‍. അത് തിരുമേനിയ്ക്ക് ബോധ്യമായി.

തിരുമേനിയേക്കാള്‍ ജ്ഞാനിയാണ് ചാത്തന്‍. തന്നെക്കാള്‍ മുമ്പ് പരബ്രഹ്മസ്വരൂപം ചാത്തനാണ് അറിഞ്ഞത്. തിരുമേനി ചാത്തനെ സാഷ്ടാംഗം നമസ്കരിച്ചു, ഗുരുവായി സ്വീകരിച്ചു. ചാത്തന്‍ ജീവിതാന്ത്യംവരെ ഒച്ചിറയില്‍ പരബ്രഹ്മത്തെ ധ്യാനിച്ചു കഴിഞ്ഞൂകൂടി.

അകവൂര്‍ ചാത്തന് മാടന്‍ പോത്തായി പരബ്രഹ്മം പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയ പുണ്യഭൂമിയാണ് ഓച്ചിറയെന്ന് വിശ്വസിക്കപ്പെടുന്നു.

Share this Story:

Follow Webdunia malayalam