Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഞ്ഞു രക്തസാക്ഷികളുടെ തിരുനാള്‍

കുഞ്ഞു രക്തസാക്ഷികളുടെ തിരുനാള്‍
, ഞായര്‍, 28 ഡിസം‌ബര്‍ 2008 (13:47 IST)
PROPRO
യേശുവിനു വേണ്ടി ലോകത്ത് ആദ്യം രക്തസാക്ഷികളായത് ഒരു പറ്റം പിഞ്ചു കുഞ്ഞുങ്ങളായിരുന്നു. യേശുക്രിസ്‌തു ഭൂമിയില്‍ അവതരിക്കുന്നതിനു വേണ്ടി ജീവന്‍ വെടിയേണ്ടി വന്ന ഈ കുട്ടികളെ ഏറ്റവും ഉന്നതമായ സ്ഥാനം നല്‍കിയാണ്‌ ക്രൈസ്തവ സഭകള്‍ അനുസ്മരിക്കുന്നത്.

യേശുക്രിസ്‌തു ജനിച്ചതറിഞ്ഞ്‌ ഹേറോദേസ്‌ രാജാവ്‌ 'ആരാണ് യേശു’ എന്നു കണ്ടു പിടിക്കാന്‍ കഴിയാതെ ആയിരക്കണക്കിനു നിഷ്കളങ്കരായ കുഞ്ഞുങ്ങളെ ബേത്‌ലഹേമില്‍ കൊന്നൊടുക്കി. ജ്ഞാനികള്‍ സന്ദര്‍ശിച്ചു പോയതില്‍ പിന്നെ സ്വപ്നദര്‍ശനം ഉണ്ടായതിനെ തുടര്‍ന്ന് ജോസഫ് കുഞ്ഞിനെ സുരക്ഷിത് സ്ഥാനത്തേക്ക് മാറ്റിയിരുന്നു

ഈ നിഷ്കളങ്കരായ ആയിരക്കണക്കിനു ശിശുക്കളുടെ തിരുനാള്‍ ഡിസംബര്‍ 28ന്‌ സഭ ആചരിക്കുന്നു. മാത്യുവിന്‍റെ സുവിശേഷത്തിലാണ്(മാത്യു 2:16 - 18) ഇതു സംബന്ധിച്ച പരാമര്‍ശമുള്ളത്. റോമന്‍ കാത്തലിക് പൌരസ്ത്യ ഓര്‍ത്തൊഡോക്സ് സഭകളില്‍ ഈ ദിനാചരണത്തിനു വലിയ പ്രാധാന്യമുണ്ട്.

എന്നാല്‍ സ്പെയിനിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലും, ഏപ്രില്‍ ഫൂള്‍ ദിനത്തിനു സമാനമായ രീതിയിലാണ് ദിനാചരണം. രാജാവ് യേശുവിനെ കണ്ടു പിടിക്കാന്‍ കഴിയാതെ വിഡ്ഢിയായതിനാലാവാം ഇത്.



ഡിസംബര്‍ 25ന്‌ യേശു ജനിച്ചുവെന്ന വിശ്വാസമനുസരിച്ച്‌ ഡിസംബര്‍ 28ന്‌ ഈ തിരുനാള്‍ ആചരിക്കുന്നുവെങ്കിലും യേശുവിന്‍റെ ജനന ശേഷം രണ്ടു വര്‍ഷത്തിനുള്ളിലാണ്‌ ഹേറോദേസ്‌ കൂട്ട ശിശുഹത്യ നടത്തിയത് എന്നാണ് കരുതുന്നത്. ആദിമസഭയുടെ കാലം മുതല്‍ ഈ തിരുനാള്‍ ആചരിച്ചിരുന്നു എന്നു വേണം കരുതാന്‍.

ഹൈന്ദവപുരാണത്തിലെ ശ്രീകൃഷ്ണന്‍റെ ജനനശേഷം നടന്ന സംഭവങ്ങളുമായി സാമ്യമുണ്ട് ഈ സംഭവത്തിന്. ശ്രീക്രുഷ്ണന്‍ ജനിച്ചതറിഞ്ഞ് കംസന്‍ അമ്പാടിയിലേയും സമീപ പ്രദേശങ്ങളിലേയും പിഞ്ചു കുഞ്ഞുങ്ങളെ കൊന്നൊടുക്കിയിരുന്നു.

കുഞ്ഞുപൈതങ്ങളുടെ തിരുനാള്‍ എന്നു വിളിക്കുന്ന ഈ ദിവസം ചില്‍ഡെര്‍മാസ് എന്നും, ചില്‍ഡ്രെന്‍‌സ് മാസ്സ് എന്നും അറിയപ്പെടുന്നു. ഒരു കാലത്ത്‌ സഭ ഈ ദിനം വളരെ പവിത്രമായി ആചരിച്ചിരുന്നു.

എ.ഡി. 485ല്‍ ഈ തിരുനാള്‍ ആചരിച്ചിരുന്നതിനു തെളിവുകളുണ്ട്‌. ഹേറോദേസ്‌ രാജാവ്‌ കൊന്നൊടുക്കിയ കുട്ടികളെക്കുറിച്ച്‌ നിരവധി സാഹിത്യ സൃഷ്ടികള്‍ രൂപപ്പെട്ടിട്ടുണ്ട്‌. അവരുടെ അമ്മമാര്‍ അനുഭവിച്ച വേദന പല സാഹിത്യകാരന്മാരും ചിത്രകാരന്മാരും പകര്‍ത്തുവാന്‍ ശ്രമിച്ചിട്ടുണ്ട്‌.

ഹേറോദേസ്‌ രാജാവ്‌ എത്ര കുഞ്ഞുങ്ങളെ കൊന്നൊടുക്കി എന്നതിന് കൃത്യമായ വിവരമില്ല. 14,000 കുട്ടികളെന്നാണ്‌ ഒരു കണക്ക്‌. എന്നാല്‍, സിറിയന്‍ വിശ്വാസമനുസരിച്ച്‌ ഈ കുട്ടികളുടെ എണ്ണം 64,000 ആണ്‌.

ഏത് വര്‍ഷമാണ്‌ ഈ ശിശുഹത്യ നടന്നിരിക്കുന്നത്‌ എന്നതിലും അഭിപ്രായ വ്യത്യാസമുണ്ട്‌. യേശുവിന്‍റെ ജനനവര്‍ഷം സംബന്ധിച്ച്‌ വ്യക്‌തമായ സൂചനകള്‍ കിട്ടാത്തതു കൊണ്ടാണിത്‌. ഏതായാലും ബി.സി. നാലിനു മുന്‍പ്‌ ആയിരിക്കാം. ഹേറോദേസ്‌ രാജാവ്‌ ബി.സി. നാലില്‍ മരിച്ചു എന്നാണ്‌ ചരിത്രരേഖകള്‍.

Share this Story:

Follow Webdunia malayalam