Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈയില്‍ കുരുത്തോലയുമായി ഓശാന...

കൈയില്‍ കുരുത്തോലയുമായി ഓശാന...
ചെന്നൈ , ഞായര്‍, 28 മാര്‍ച്ച് 2010 (17:36 IST)
PRO
ഈസ്റ്ററിന്‍റെ തൊട്ടുമുമ്പത്തെ ഞായറാഴ്ചയയാണ്‌ ഓശാന ഞായര്‍. പാം സണ്‍ഡേ എന്നും ഇത്‌ അറിയപ്പെടുന്നു. യേശുദേവന്‍ ജറുസലേം ദേവാലയത്തിലേക്ക്‌ കഴുതപ്പുറത്തേറി യാത്ര ചെയ്‌തതിന്‍റെയും ജെറുസലേം തെരുവീഥികളിലെ ജനങ്ങള്‍ ഒലിവിലകള്‍ കൈയിലെന്തി യേശുദേവനെ വരവേറ്റതിന്‍റെയും ഓര്‍മ്മയാണ് ഓശാനപ്പെരുനാള്‍.

ഓശാനപ്പെരുന്നാള്‍ കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നാണ് അറിയപ്പെടുന്നത്. ഒലിവിലയ്ക്കു പകരം കുരുത്തോല ഉപയോഗിക്കുന്നതിനാലാണ് കുരുത്തോല പെരുന്നാള്‍ എന്ന പേരു വന്നത്. ഓശാനപ്പെരുന്നാളോടെ ക്രൈസ്തവ സമൂഹത്തില്‍ ഇന്ന് വിശുദ്ധവാരാചരണവും തുടങ്ങുകയാണ്.

കുരിശാരോഹണത്തിനു മുമ്പ്‌ യേശുദേവന്‍ കഴുതപ്പുറത്ത്‌ ജെറുസലേമിലെ തെരുവീഥികളിലൂടെ സഞ്ചരിച്ചപ്പോള്‍ ജനങ്ങള്‍ ഒലിവിലകളും, ഈന്തപ്പനയോലകളും , കുരുത്തോലകളും വീശി എതിരേറ്റതിന്‍റെ ഓര്‍മ്മ പുതുക്കാനാണ്‌ ഓശാന പെരുന്നാള്‍ ആഘോഷിക്കുന്നത്‌. പെരുന്നാളിനോട്‌ അനുബന്ധിച്ച്‌ വിശ്വാസികള്‍ കുരുത്തോലയുമായി പ്രദക്ഷിണം നടത്തും.

രാവിലെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനയും കുരുത്തോല വിതരണവും പ്രദക്ഷിണവും നടന്നു. പെസഹ വ്യാഴം, യേശുദേവന്‍റെ കുരിശുമരണ ദിനമായ ദുഃഖ വെള്ളി, ദുഃഖശനി, ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സ്മരണം ആചരിക്കുന്ന ഈസ്റ്റര്‍ എന്നിവയോടെയാണ്‌ വാരാചരണം പൂര്‍ത്തിയാവുക.

ഓശാന ഞായറിന്‌ പള്ളിയിലെത്തുന്നവര്‍ക്ക്‌ പുരോഹിതന്‍ കുരുത്തോല നല്‍കുന്നു. കുര്‍ബാന കൈക്കൊള്ളുന്നത്‌ കൈയില്‍ കുരുത്തോലയേന്തിയാണ്‌. ഹോസാനാ എന്നാലോപിച്ചുകൊണ്ട്‌ പള്ളിപ്രദക്ഷിണവും നടക്കുന്നു. വീട്ടിലേക്ക്‌ പോകുമ്പോള്‍ കുരുത്തോലയും കൂടെ കൊണ്ടു പോകുന്നു.

പെസഹാ വ്യാഴത്തിന്‌ അപ്പമുണ്ടാക്കുമ്പോള്‍ കുരുത്തോലപ്പെരുന്നാളിന്‌ വെഞ്ചെരിച്ചു കിട്ടിയ കുരുത്തോലയുപയോഗിച്ച്‌ കുരിശിന്‍റെ രൂപമുണ്ടാക്കി അപ്പത്തിന്‌ മുകളില്‍ വയ്ക്കും. കൂടതെ,
ആഷ്‌ വെന്നസ്ഡേ എന്നറിയപ്പെടുന്ന കരിക്കുറിപ്പെരുന്നാളിന്‌ തലേ കൊല്ലത്തെ കുരുത്തോല കത്തിച്ച് ചാരമാക്കി ആ ചാരം നെറ്റിയിലണിയും

ഈ ആചാരങ്ങള്‍ക്ക്‌ കേരളത്തിലെ വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ ചെറിയ മാറ്റങ്ങളും വ്യത്യാസങ്ങളും ഉണ്ട്‌. അമ്പത്‌ ദിവസത്തെ നോമ്പിന്‌ (വ്രതാനുഷ്ഠാനങ്ങള്‍ക്ക്‌) ശേഷമാണ്‌ ഈസ്റ്റര്‍ ആഘോഷം വരുന്നത്‌.

Share this Story:

Follow Webdunia malayalam