Select Your Language

Notifications

webdunia
webdunia
webdunia
webdunia

നവം‌ബര്‍ 13-ന് മരിക്കുമെന്ന് തോക്കുസ്വാമി!

നവം‌ബര്‍ 13-ന് മരിക്കുമെന്ന് തോക്കുസ്വാമി!
, ചൊവ്വ, 25 ഒക്‌ടോബര്‍ 2011 (08:55 IST)
PRO
PRO
വര്‍ഷങ്ങള്‍ക്കുമുമ്പ്‌ പോലീസ്‌ സ്റ്റേഷനില്‍ തോക്കുചൂണ്ടി വിവാദപുരുഷനാകുകയും പിന്നീട്‌ തോക്കുസ്വാമി എന്നറിയപ്പെടുകയും ചെയ്ത സ്വാമി ഹിമവല്‍ ഭദ്രാനന്ദ തന്റെ നിലവിലെ സ്വരൂപം നവംബര്‍ 13ന്‌ 'മരിക്കു'മെന്നും പിന്നീട്‌ താന്‍ ഹിമവല്‍ സാനുക്കളില്‍ അഭയം തേടുമെന്നും വെളിപ്പെടുത്തി. ആലപ്പുഴ പുന്നപ്രയ്ക്കു സമീപം പറവൂരില്‍ പുതിയതായി ആരംഭിക്കുന്ന ആശുപത്രിയെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തുന്നതിനു പ്രസ്‌ ക്ലബ്ബില്‍ എത്തിയതായിരുന്നു ഭദ്രാനന്ദ. അമ്മ ഡോക്‌ടര്‍ മധൂജയും നീല ജീന്‍സും വെള്ള കുര്‍ത്തയും വെള്ള നിറമുള്ള ഷൂസും അണിഞ്ഞെത്തിയ ഭദ്രാനന്ദയ്ക്കൊപ്പം ഉണ്ടായിരുന്നു.

ഏറെ വിശേഷപ്പെട്ട ഒരു ആശുപത്രിയാണ് താന്‍ വിഭാവനം ചെയ്യുന്നതെന്ന് ഭദ്രാനന്ദ വെളിപ്പെടുത്തി. ഉത്തമഗുണമുള്ള സന്തതികളെ രൂപപ്പെടുത്താന്‍ കിഡ്‌സ്‌ ട്യൂണര്‍, ക്രിമിനല്‍ സ്വഭാവക്കാരെ നേര്‍വഴിയിലേക്കു നയിക്കാന്‍ ആന്റി ക്രിമിനല്‍ സെല്‍, ലഹരിവിരുദ്ധ ചികിത്സ എന്നിവയൊക്കെ 'ഹോളിസ്റ്റിക്‌ ഹോളി‍' ഹോസ്‌പിറ്റലിന്റെ പ്രത്യേകതയാണ്. ആശുപത്രിയില്‍ അലോപ്പതി, ആയുര്‍വേദ, ഹോമിയോ ചികിത്‌സകള്‍ ലഭ്യമാണ്‌. ചികിത്സ ലഭ്യമാവാതെ നരകിക്കുന്ന പാവപ്പെട്ട കാന്‍സര്‍ രോഗികളുടെ വിവരം പത്രങ്ങളിലൂടെ അറിഞ്ഞപ്പോഴാണ്‌ തന്റെ മനസ് ഇളകിയതെന്ന് ഭദ്രാനന്ദ പറഞ്ഞു.

“അടുത്തമാസം, അതായത് നവം‌ബര്‍ മാസം പതിമൂന്നിന് കഴിഞ്ഞാല്‍ ഹിമവല്‍ ഭദ്രാനന്ദ എന്ന കഥാപാത്രം പിന്നീടുണ്ടാകില്ല. മരിക്കുകയാണ്‌. എന്നാല്‍ ഭദ്രാനന്ദ ആത്മഹത്യ ചെയ്യുമെന്ന് ആരും കരുതേണ്ട. ഇപ്പോഴുള്ള സ്വരൂപം വെടിഞ്ഞ് ഹിമവല്‍ സാനുക്കളില്‍ അഭയം തേടാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഞാന്‍ ഇപ്പൊഴും സന്യാസി തന്നെയാണ്. അഘോരി സന്യാസമാര്‍ഗമാണ്‌ ഞാന്‍ സ്വീകരിച്ചിരിക്കുന്നത്‌. കുടുംബബന്ധം ഉപേക്ഷിക്കണം എന്നതല്ല സന്യാസത്തിന്റെ ലക്‌ഷ്യം. ഞാന്‍ ജീന്‍സും ജീന്‍സും ടീഷര്‍ട്ടും ഇടാറുണ്ട്‌. കര്‍മം ചെയ്യാന്‍ വസ്‌ത്രത്തിന്റെ ആവശ്യമില്ല” - ഭദ്രാനന്ദ വെളിപ്പെടുത്തി.

ഫേസ്‌ബുക്ക്‌, ഓര്‍ക്കുട്ട്‌ എന്നീ സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ നിന്ന് തനിക്ക് ലഭിച്ച സുഹൃത്തുക്കളില്‍ നിന്നാണ് ആശുപത്രിക്കുള്ള ധനസമാഹരണം നടത്തുന്നതെന്ന് ഭദ്രാനന്ദ പറഞ്ഞു. എല്‍‌ഡി‌എഫ് സര്‍ക്കാര്‍ വിവാദ സ്വാമിമാരെ വേട്ടയാടിയ കാലത്ത്‌ ഹിമവല്‍ ഭദ്രാനന്ദ പൊലീസ് സ്റ്റേഷനില്‍ വച്ച്‌ തന്റെ തോക്കുപയോഗിച്ച്‌ വെടിവച്ച്‌ ആത്‌മഹത്യാശ്രമം നടത്തിയതോടെയാണ്‌ കുപ്രസിദ്ധനായത്‌. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ ഗോമൂത്ര അഭിഷേകം നടത്താനെന്ന പേരില്‍ അടുത്തിടെ കൊച്ചിയില്‍ ഒരു പശുവുമായി ഒറ്റയാന്‍ സമരം നടത്തിയും തോക്കുസ്വാമി മാധ്യമശ്രദ്ധ ആകര്‍ഷിച്ചു. അറിയപ്പെടുന്ന ‘യൂട്യൂബ്’ പ്രഭാഷകന്‍ കൂടിയാണ് ഭദ്രാനന്ദ.

Share this Story:

Follow Webdunia malayalam