Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ മാര്‍പ്പാപ്പ ആഫ്രിക്കയില്‍ നിന്ന്?

പുതിയ മാര്‍പ്പാപ്പ ആഫ്രിക്കയില്‍ നിന്ന്?
വത്തിക്കാന്‍ സിറ്റി , ചൊവ്വ, 12 ഫെബ്രുവരി 2013 (14:46 IST)
PRO
PRO
സ്ഥാനമൊഴിയാന്‍ തീരുമാനിച്ച വിവരം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അറിയിച്ചതിന്റെ ഞെട്ടലില്‍ ആണ് ലോകം മുഴുവനുമുള്ള വിശ്വാസികള്‍. 120 കോടി കത്തോലിക്കരുടെ ഈ ആത്മീയ നേതാവ് ഫെബ്രുവരി 28നാണ് സ്ഥാനം ഒഴിയുക. മാനസികമായും ശാരീരികമായും താന്‍ നേരിടുന്ന അവശതകള്‍ കാരണമാണ് ഈ തീരുമാനം എന്നാണ് 85കാരനായ പോപ്പ് വ്യക്തമാക്കിയത്. 600 വര്‍ഷങ്ങള്‍ക്കിടെ ഇതാദ്യമായാണ് ഒരു മാര്‍പ്പാപ്പ സ്ഥാനം ഒഴിയുന്നത് എന്ന പ്രത്യേകതയും ഉണ്ട്.

സ്ഥാനമൊഴിയാന്‍ തീരുമാനിച്ച വിവരം പോപ്പ് ബെനഡിക്ട് പതിനാറാമന്‍ അറിയിച്ചതോടെ പുതിയ മാര്‍പ്പാപ്പയെ ആരെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ സജീവമായി. ഈസ്റ്ററിന് മുമ്പ് പുതിയ മാര്‍പ്പാപ്പ സ്ഥാനം ഏല്‍ക്കും. ബെനഡിക്ട് പതിനാറാമന്റെ പിന്‍‌ഗാമിയെ കണ്ടെത്തുന്നതിനായി 120 കര്‍ദിനാള്‍മാര്‍ ഉള്‍പ്പെടുന്ന കോണ്‍ക്ലേവ് മാര്‍ച്ച് മധ്യത്തോടെ ചേരും എന്നാണ് വിവരം. ഇതില്‍ നാല് കര്‍ദിനാള്‍മാര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണ്, അതില്‍ രണ്ട് പേര്‍ കേരളത്തില്‍ നിന്നും. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി(എറണാകുളം), ബസേലിയോസ് ക്ലിമ്മിസ്(തിരുവനന്തപുരം), ഓസ്‌വാല്‍ഡ് ഗ്രേഷിയസ്(മുംബൈ), ടെലെസ്ഫോര്‍ ടോപ്പ്(റാഞ്ചി) എന്നിവരാണിവര്‍. എണ്‍പത് വയസ്സില്‍ താഴെ പ്രായമുള്ളവര്‍ക്കാണ് വോട്ടവകാശം.

പുതിയ മാര്‍പ്പാപ്പ റോമിന് പുറത്തുനിന്നുള്ളയാള്‍ ആയേക്കും എന്നും സൂചനകള്‍ ഉണ്ട്. പതിവിന് വിപരീതമായി ലാറ്റിന്‍ അമേരിക്ക, ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്ന് പുതിയ മാര്‍പ്പാപ്പ ഉണ്ടായേക്കും എന്ന് സാധ്യത കല്‍പ്പിക്കപ്പെടുന്നുണ്ട്. ഫ്രാന്‍സിസ് അറിന്‍സ്(നൈജീരിയ), പീറ്റര്‍ ടര്‍ക്ക്സണ്‍(ഘാന), മാര്‍ക്ക് ഔലെറ്റ്(കാനഡ) എന്നവരാണ് ഈ സ്ഥാനത്തേക്ക് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന കര്‍ദിനാള്‍മാര്‍.

Share this Story:

Follow Webdunia malayalam