Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുരിയിലെ കൃഷ്ണഭഗവാന് പനി; ക്ഷേത്രമടച്ചു!

പുരിയിലെ കൃഷ്ണഭഗവാന് പനി; ക്ഷേത്രമടച്ചു!
PRO
PRO
ഭഗവാന് ജലദോഷവും ചുമയും വന്നതിനാല്‍ ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രങ്ങളില്‍ ഒന്നായ ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രം അടച്ചു. ജഗന്നാഥ ഭഗവാനും സഹോദരന്‍ ബലഭദ്രനും സഹോദരി സുഭദ്രയും ചികിത്സയില്‍ കഴിയുന്നതിനാല്‍ ഇനി പതിനഞ്ച് ദിവസം കഴിഞ്ഞേ ക്ഷേത്രം ഭക്തജനങ്ങള്‍ക്ക് തുറന്ന് കൊടുക്കുകയുള്ളൂ.

ജഗന്നാഥ ക്ഷേത്രത്തിലെ പ്രത്യേക ആചാരങ്ങളെ പറ്റി അറിയാത്തവര്‍ ഈ വാര്‍ത്ത വായിച്ച് ‘ഭഗവാനും അസുഖമോ’ എന്ന് അത്ഭുപ്പെട്ടേക്കാം. ജ്യേഷ്ഠ പൌര്‍ണമി നാളില്‍ തീര്‍ത്ഥജലം കൊണ്ട് അഭിഷേകം ചെയ്യപ്പെടുന്ന ജഗന്നാഥ ഭഗവാനും ബലഭദ്രനും സുഭദ്രയ്ക്കും അസുഖം പിടിക്കും എന്നാണ് വിശ്വാസം. മൂന്നു പേരെയും ചികിത്സിക്കുന്നതിനായി ഒരു കുടുംബക്കാരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്.

എല്ലാവര്‍ഷവും ജ്യേഷ്ഠ പൌര്‍ണമി നാളിലെ അഭിഷേകം കൊണ്ട് ജലദോഷവും ചുമയും പിടിപെടുന്ന ജഗന്നാഥനെ ചികിത്സിക്കുന്നത് പണ്ഡിറ്റ് ശ്രീരാം ശര്‍മ്മയാണ്. ഏലക്ക, കരയാമ്പൂ, കുരുമുളക്, ജാതിക്ക, റോസ് വാട്ടര്‍, തുളസിയില, ചന്ദനം, ശര്‍ക്കര, ഗംഗാജലം എന്നിവ ചേര്‍ത്ത് ഉണ്ടാക്കുന്ന കധ എന്ന മരുന്നാണ് ഭഗവാനും സഹോദരനും സഹോദരിക്കും നല്‍‌കുക.

ഭഗവാന് നല്‍‌കിക്കഴിഞ്ഞ് ബാക്കിയുള്ള ഈ ഔഷധജലം ഭക്തജനങ്ങള്‍ക്ക് സായാഹ്നത്തില്‍ വിതരണം ചെയ്യും. ഈ പ്രസാദത്തിന് ഔഷധഗുണവും അത്ഭുതസിദ്ധിയും ഉണ്ടെന്ന് ഭക്തജനങ്ങള്‍ വിശ്വസിക്കുന്നു. പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം, ഭഗവാന് അസുഖം മാറുമ്പോള്‍ ഭഗവാന്റെയും ബലഭദ്രന്റെയും സുഭദ്രയുടെയും വിഗ്രഹങ്ങള്‍ നഗരപ്രദിക്ഷണമായി ക്ഷേത്രത്തിന് പുറത്ത് എഴുന്നള്ളിക്കും. രഥോത്സവം അഥവാ ജഗന്നാഥോത്സവം എന്നാണ് ഈ ചടങ്ങിന്റെ പേര്.

ഒറീസയിലെ ഒരു തീരദേശനഗരമായ പുരിയിലാണ്‌ പ്രസിദ്ധമായ പുരി ജഗന്നാഥക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പുരി നഗരം തന്നെ അതിന്റെ നിലനില്പ്പിന്‌ ഈ ക്ഷേത്രത്തെ ആശ്രയിക്കുന്നു. ക്ഷേത്രത്തോടനുബന്ധിച്ച കരകൌശലപ്പണികളും, സത്രങ്ങളും, ഭക്ഷണശാലകളും മറ്റുമാണ് ഇവിടത്തെ ജനങ്ങളുടെ ഒരു പ്രധാനപ്പെട്ട വരുമാനമാര്‍ഗം. ഇവിടത്തെ തീര്‍ത്ഥയാത്രയാണ്‌ നഗരത്തിന്റെ നല്ല ശതമാനം ആളുകളുടെ ജീവിതമാര്‍ഗം. ഏറ്റാണ്ട് 8 ലക്ഷത്തോളം പേര്‍ രഥോത്സവത്തില്‍ പങ്കെടുക്കാന്‍ എല്ലാ വര്‍ഷവും ഈ ക്ഷേത്ര നഗരത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തിന് കടപ്പാട്- യൂട്യൂബ്

Share this Story:

Follow Webdunia malayalam