Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭക്തിയും ചരിത്രവും ഒത്തു ചേരുന്ന കരുമാടിക്കുട്ടന്‍

ഭക്തിയും ചരിത്രവും ഒത്തു ചേരുന്ന കരുമാടിക്കുട്ടന്‍
ആലപ്പുഴ , വ്യാഴം, 16 ഓഗസ്റ്റ് 2012 (14:11 IST)
PRO
PRO
ആലപ്പുഴ ജില്ലയില്‍ തകഴിക്ക് പോകുന്ന വഴിക്കാണ് കരുമാടിക്കുട്ടന്‍ ക്ഷേത്രം. തോട്ടുവക്കത്ത് ധ്യാനനിമഗ്നനായി ഇരിക്കുന്ന പാതി പ്രതിമയാണ് കരുമാടിക്കുട്ടന്‍. ബുദ്ധപ്രതിമയാണെന്ന് ചില ചരിത്രകാരന്മാര്‍ പറയുന്നു. ശ്രീമൂലവാസം എന്ന പഴയകാല ബുദ്ധമത കേന്ദ്രം അമ്പലപ്പുഴക്ക് തെക്കുമാറിയുള്ള പുറക്കാടായിരുന്നത്രേ. അങ്ങനെയായിരിക്കണം നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബുദ്ധവിഗ്രഹം ഇവിടെ വന്നത്. കാലപഴക്കം കൊണ്ട് പറഞ്ഞു പറഞ്ഞു ബുദ്ധന്‍ കുട്ടനായി.

ധ്യാനനിമഗ്നനായി ഇരിക്കുന്ന രൂപത്തില്‍ കരുമാടി തോട്ടില്‍ കിടക്കുകയായിരുന്ന ഈ ബുദ്ധപ്രതിമയെ കണ്ടെത്തി ഈ തോടിനരികെ പ്രതിഷ്ടിച്ചത് നവീന കൊച്ചിയുടെ ശില്പി എന്നറിയപ്പെടുന്ന സര്‍ റോബര്‍ട്ട്‌ ബ്രിസ്റ്റോ ആണ്. പ്രതിമയില്‍ പണ്ട് ഒരു ആനകുത്തിയതായും കുത്തേറ്റ് കുട്ടന്റെ ശരീരത്തിന്റെ പകുതി ഭാഗം അടര്‍ന്നുപോയി ശരീരം പകുത്തുപോയതണെന്നും പറയപ്പെടുന്നു. ആനകുത്തിയതിന് ശേഷം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ കൂടാരവും മതിലുമൊക്കെ കെട്ടി.

കരുമാടിക്കുട്ടന്റെ അടുത്തായി രണ്ടു അമ്പലങ്ങള്‍ ഉണ്ട്. ഒന്ന് ശങ്കര നാരായണ മൂര്‍ത്തീ ക്ഷേത്രം. ഈ ക്ഷേത്രത്തിനു മുമ്പിലെ കല്‍വിളക്ക്‌ തെക്ക് ദിശയിലേക്കു നീങ്ങുന്നുണ്ട് എന്ന് പറയുന്നു. നടവാതിലിനു നേരെ നിര്‍ത്തിയിരുന്ന ആ വിളക്ക് ഇപ്പോള്‍ അര മീറ്റര്‍ എങ്കിലും തെക്ക് ഭാഗത്തേക്ക് മാറിയാണ് നില്‍ക്കുന്നത് നമുക്ക് വ്യക്തമായി കാണുകയും ചെയ്യാം. അടുത്തത് കാമപുരത്ത് കാവ് ഭദ്രകാളി ക്ഷേത്രം. രണ്ടു ക്ഷേത്രങ്ങളും തമ്മില്‍ നൂറു മീറ്റര്‍ പോലും അകലമില്ല .

കരുമാടിക്കുട്ടന്‍ പ്രതിമയ്ക്ക് നാട്ടുകാര്‍ എണ്ണ നേരാറുണ്ട്. വല്യച്ചന് എണ്ണ നേരുന്നെന്നാണ് ജനങ്ങള്‍ പറയുന്നത്. ദലൈ ലാമ കരുമാടിക്കുട്ടന്‍ സന്ദര്‍ശിക്കുകയും അതിന്റെ സം‌രക്ഷണത്തിനായി ഏര്‍പ്പാടുകള്‍ ചെയ്യുകയും ചെയ്തിരുന്നു. കേരളത്തില്‍ അപൂര്‍വ്വം ബുദ്ധപ്രതിമകളിലൊന്നായ കരുമാടിക്കുട്ടനെ പുരാവസ്തുവകുപ്പ് ചരിത്രസ്മാരകമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കാര്യമായ പരിഗണനയൊന്നും ഇതിനു ലഭിച്ചിട്ടില്ല. ശബരിമലയ്ക്ക് പോകുന്ന ചിലര്‍ ഇവിടെ വന്ന് തേങ്ങയടിക്കാറുണ്ട്.

ആദിചേരരാജാക്കന്മാരുടെ തലസ്ഥാനം കുട്ടനാട് ഉള്‍പ്പെടുന്ന ആലപ്പുഴയായിരുന്നു. അക്കാലത്തെ ചേരരാജാക്കന്മാരെ കുട്ടുവന്‍, കുട്ടവര്‍, കുട്ടന്‍ എന്നും മറ്റും വിശേഷിപ്പിച്ചിരുന്നു. ഇവര്‍ മിക്കവരും വാര്‍ദ്ധക്യകാലത്ത് സന്യാസം സ്വീകരിക്കുകയും പലരും ബുദ്ധഭിക്ഷുക്കളായിത്തീരുകയും അര്‍ഹതാസ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. പലരുടേയും പേരില്‍ ബുദ്ധവിഹാരങ്ങള്‍ പണിതിരുന്നു. അങ്ങനെയാണ്‌ കുട്ടന്‍ എന്ന പേരിലുള്ള ബുദ്ധപ്രതിമയുണ്ടാവാനുള്ള കാരണം

Share this Story:

Follow Webdunia malayalam