പ്രപഞ്ചത്തിന്‍റെ സ്രഷ്ടാവ് അല്ലാഹുവാണ്. ഭൂമിയും ആകാശവും സൂര്യ, ചന്ദ്ര, നക്ഷത്രാദികളും മനുഷ്യ, മൃഗ, പക്ഷി, മത്സ്യ, പ്രാണികളാദി ജീവജാലങ്ങളും സചേതനവും അചേതനവുമായ മുഴുവന്‍ വസ്തുക്കളും സൃഷ്ടികളില്‍പെടുന്നു. കാലവും സമയവുമെല്ലാം അല്ലാഹു സൃഷ്ടിച്ചവ തന്നെ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം ഇവയെല്ലാം തന്‍റെ സൃഷ്ടിയെന്ന നിലക്ക് സമമാണെങ്കിലും, സൃഷ്ടികളുമായി ബന്ധപ്പെടുത്തിക്കൊണ്ട് ചിലതിന് ചിലതിനേക്കാള്‍ സ്ഥാനമഹിമകള്‍ അവന്‍ നല്‍കിയിട്ടുണ്ട്. യുഗങ്ങള്‍ തമ്മില്‍ പോലും പദവിയുടെ കാര്യത്തില്‍ അന്തരമുള്ളതായി മുഹമ്മദ് നബി പറയുന്നു. "ഉത്തമ തലമുറ എന്‍റെ കാലക്കാരാണ്. പിന്നെ അവരോട് അടുത്തവരും ശേഷം അവരോട് തുടര്‍ന്നു വരുന്നവരും" (ബുഖാരി, മുസ്ലിം).
തൗബയുടെ ദിനം
ഒരിക്കല്‍ മുഹമ്മദ് നബിയുടെ അരികില്‍ വന്ന് ഒരാള്‍ ചോദിച്ചു, റമസാന് ശേഷം ഏതു മാസമാണ് സുന്നത്തു നോമ്പിനുവേണ്ടി തങ്ങള്‍ തനിക്ക് നിര്‍ദ്ദേശിക്കുന്നതെന്ന്. അപ്പോള്‍ നബി മറുപടി പറഞ്ഞു: "മുഹറം മാസം നോമ്പെടുക്കൂ. അത് അല്ലാഹുവിന്‍റെ മാസമാണ്. ഒരു സമൂഹത്തിന്‍റെ പശ്ചാത്താപം സ്വീകരിച്ചു കഴിഞ്ഞതും മറ്റൊരു സമൂഹത്തിന്‍റെ പശ്ചാത്താപം സ്വീകരിക്കാനുള്ളതുമായ ഒരു ദിവസം ആ മാസത്തിലുണ്ട്’. ഒരു സമൂഹത്തിന്‍റെ പശ്ചാത്താപം സ്വീകരിച്ചതും മറ്റൊരു സമൂഹത്തിന്‍റേത് സ്വീകരിക്കാനിരിക്കുന്നതുമായ ദിവസം ആശൂറാഹാണ്. ആ ദിവസം ഉള്‍ക്കൊള്ളുന്ന മാസമായതു കൊണ്ടാണ് റമസാന്‍ കഴിഞ്ഞാല്‍ നോമ്പിന് വിശേഷപ്പെട്ട മാസം മുഹറമാണെന്ന് നബി പറഞ്ഞിരിക്കുന്നത്.
ആശൂറാഹിലെ പ്രത്യേക കര്‍മ്മങ്ങള്‍
ആശൂറാഹ് ദിനത്തില്‍ പ്രത്യേകം കല്‍പ്പിക്കപ്പെട്ട പ്രഥമ കാര്യം വ്രതാനുഷ്ഠാനമാണ്. അംര്‍ ഇബ്നുല്‍ ആസ്വിയില്‍ നിന്ന് അബു മൂസാ അല്‍മദീനി ഉദ്ധരിച്ച ഹദീസില്‍ മുഹമ്മദ് നബി ഇങ്ങനെ പറയുന്നുണ്ട്: "ആശൂറാഹിന്‍റെ നോമ്പ് ഒരു വര്‍ഷത്തെ നോമ്പിന് തുല്യമാണ്’. ആശൂറാഹ് ദിനത്തിലെ ദാനം ഒരു വര്‍ഷത്തെ ദാനങ്ങള്‍ക്കും തുല്യമാണ്. ആശൂറാഹ് ദിവസം ആശ്രിതര്‍ക്ക് വിശാലത ചെയ്താല്‍ അവന് വര്‍ഷം മുഴുവന്‍ അല്ലാഹു വിശാലത ചെയ്യുമെന്നാണ് ഹദീസില്‍ പറഞ്ഞിരിക്കുന്നത്.
ചരിത്രപ്രസിദ്ധമായ നിരവധി സംഭവങ്ങള്‍ക്ക് സാക്‍ഷ്യം വഹിച്ചുവെന്നത് മുഹറം പത്തിന്‍റെ സവിശേഷതയാണ്. ആദം നബി മുതല്‍ മുഹമ്മദ് നബി വരെയുള്ള പല നബിമാരുടെയും ജീവിതത്തിലെ അവിസ്മരണീയ സംഭവങ്ങള്‍ക്ക് അല്ലാഹു തിരഞ്ഞെടുത്തത് ഈ ദിവസത്തെയാണ്. നൂഹ്‌നബി, ഇബ്‌റാഹീം നബി, യൂസുഫ് നബി, യഹ്ഖൂബ്നബി, മൂസാ നബി, അയ്യൂബ് നബി, യൂനുസ് നബി, ഈസാ നബി തുടങ്ങിയ നബിമാരെ വിവിധ പരീക്ഷണങ്ങളില്‍ നിന്നും ശത്രു ശല്യങ്ങളില്‍ നിന്നും മറ്റും രക്ഷപ്പെടുത്തിയ ദിവസമാണത്. വേദനിക്കുന്ന ഹൃദയത്തോടെ അല്ലാഹുവിലേക്ക് കൈകളുയര്‍ത്തിയ പലര്‍ക്കും പൂര്‍ണ സംതൃപ്തി നല്‍കുന്ന മറുപടികള്‍ മുഹറം പത്തിന് നാഥന്‍ നല്‍കുമെന്നാണ് വിശ്വാസം.