ശാന്തിഗിരിയില്‍ വിരിയുന്ന ആത്മസുകൃതം
തിരുവനന്തപുരം , ശനി, 7 ഓഗസ്റ്റ് 2010 (10:03 IST)
തിരുവനന്തപുരം ജില്ലയിലെ പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ പണി പൂര്‍ത്തിയാവുന്ന ഗുരുവിന്റെ പര്‍ണശാല സന്ദര്‍ശകര്‍ക്ക് ആത്മീയതയുടെയും ദൃശ്യ വിസ്മയത്തിന്റെയും അപൂര്‍വാനുഭവമാവുന്നു. വെണ്ണക്കല്ലില്‍ തീര്‍ത്ത വിരിഞ്ഞ താമരയുടെ ആകൃതിയിലുള്ള ഈ പര്‍ണശാലയും ചുറ്റുപാടുകളും ദൈനംദിന ജീവിതത്തിലെ സംഘര്‍ഷങ്ങളില്‍ നിന്ന് മുക്തി തേടിയെത്തുന്നവരെ ആത്മസുകൃതത്തിലേക്ക് നയിക്കും.അഭിവന്ദ്യ ശിഷ്യപൂജിതയുടെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ചാണ് പര്‍ണശാലയുടെ നിര്‍മ്മാണം. 2001 ല്‍ ആരംഭിച്ച ഒരു സപര്യയായി ഇതിനെ വിശേഷിപ്പിക്കാം. പര്‍ണശാലയ്ക്ക് 91 അടി ഉയരവും 84 അടി വ്യാസവുമാണ് ഉള്ളത്. 64 അടിയാണ് ഉള്‍വലയത്തിന്റെ വ്യാസം. വിരിഞ്ഞ താമരയുടെ രൂപത്തില്‍ മുകളിലേക്ക് 12 ഇതളുകളും താഴേക്ക് ഒമ്പത് ഇതളുകളുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മുകളിലേക്ക് ഉള്ള ഇതളുകള്‍ക്ക് 41 അടിയും താഴേക്ക് ഉള്ള ഇതളുകള്‍ക്ക് 31 അടിയുമാണ് നീളം.മുഗള്‍ രാജവംശത്തിന്റെ നിര്‍മ്മിതികളില്‍ ഉള്‍പ്പെട്ടിരിക്കുന്ന തരം മക്രാന മാര്‍ബിളുകളാണ് പര്‍ണശാലയുടെ നിര്‍മ്മിതിക്ക് ഉപയോഗിച്ചിരിക്കുന്നത്. ഇവയ്ക്ക് ലോകാത്ഭുതങ്ങളില്‍ ഒന്ന് എന്ന വിശേഷണത്തോടെ പരിലസിക്കുന്ന താജ്‌മഹലിന്റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച മാര്‍ബിള്‍ ശിലകളെക്കാള്‍ ഗുണനിലവാരം കൂടുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.പര്‍ണശാലയില്‍ ഗുരു ശയിക്കുന്ന ഭാഗത്ത് തടിയില്‍ തീര്‍ത്ത താമരമൊട്ടിന്റെ ആകൃതിയിലാണ് ശരകൂടം ഒരുക്കിയിരിക്കുന്നത്. ശരകൂടത്തിന്റെ ഉള്‍വശം പിത്തളകൊണ്ട് പൊതിഞ്ഞിരിക്കുന്നു. ശരകൂടത്തെ പൊതിഞ്ഞ് തടിയില്‍ തീര്‍ത്ത മുത്തുക്കുടയും തൊട്ടു മുന്നില്‍ പത്ത് പടികള്‍, മുന്നില്‍ ബാലാലയം. ശരകൂടത്തെയും ബാലാലയത്തെയും ഉള്‍ക്കൊള്ളുന്നതാണ് ആദ്യ കോണ്‍ക്രീറ്റ് വലയം. ശരകൂടത്തില്‍ ഗുരു ശയിക്കുന്നതിനു തൊട്ട് മേലെ പതിനൊന്ന് പടികള്‍. ഇത് ഗുരുവിന്റെ ആത്മീയ ഔന്നത്യത്തെ പ്രതീകവല്‍ക്കരിക്കുന്നു. ഇതിനു മുകളിലായുള്ള ചത്വരത്തിലാണ് ഗുരുവിന്റെ സ്വര്‍ണ്ണത്തില്‍ തീര്‍ത്ത പ്രതിഷ്ഠ.പ്രവേശന കവാടം ഉള്‍പ്പെടെ പര്‍ണശാലയുടെ നാല് പ്രധാന വാതിലുകളും കൈ സ്പര്‍ശമില്ലാതെയാണ് തുറക്കുക. ഇതിനായി ‘മാഗ്നറ്റിക് റിവേഴ്സല്‍’ തത്വമാണ് പ്രയോഗത്തിലാക്കിയിരിക്കുന്നത്. പുറമെ നിന്നുള്ള എല്‍ ഇ ഡികളായിരിക്കും പര്‍ണശാലയ്ക്ക് ഉള്‍വശത്ത് പ്രകാശം പരത്തുക. വെണ്ണക്കല്‍ താമരയുടെ രൂപത്തിലുള്ള പര്‍ണശാലയിലേക്ക് കടക്കാനുള്ള വഴി താമര ഇതളുകളുടെ മുകളിലൂടെയാണ്. ഇതിനായി താമരപ്പൊയകയും വെള്ളത്തില്‍ പടര്‍ന്നു കിടക്കുന്ന താമരയും അതി മനോഹരമായി രൂപകല്‍പ്പന ചെയ്തിരിക്കുന്നു.ഗുരുവിന്റെ ശിഷ്യ സമ്പത്തിന്റെ കൂട്ടായ്മയാണ് ഈ മനോഹര പര്‍ണശാലയുടെ സാക്ഷാത്കാരത്തിനു കാരണമാവുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ശിഷ്യര്‍ സമര്‍പ്പിച്ച സാധന സാമഗ്രികളാണ് പര്‍ണശാലയുടെ നിര്‍മ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്.
Follow Webdunia malayalam