ഹജ്ജിന്റെ അവസാനത്തെ അഞ്ച് ദിവസങ്ങളാണ് ഏറ്റവും പ്രധാനപ്പെട്ടവ. ഇഹ്റാമില്‍ പ്രവേശിക്കുന്ന നിശ്ചിത സ്ഥലമാണ് മിഖാത്ത്. മക്കയില്‍ നിന്നും ഇഹ്റാമില്‍ പ്രവേശിക്കാം.
ദുല്‍ ഹജ്ജ് എട്ടിന്
ഓരോരുത്തരും താമസിക്കുന്ന സ്ഥലത്തു നിന്നാണ് ഇഹ്റാം ചെയ്യേണ്ടത്. പിന്നെ നേരെ മിനായിലേക്ക് പുറപ്പെടുന്നു. മിനായില്‍ ചെന്നാല്‍ സുഹ്ര് അസ്വര്‍ മഗ്രിബ് ഇശ എന്നീ നമസ്കാരങ്ങളും പിന്നെ പിറ്റേന്ന് പുലര്‍ച്ചെ സുബഹ് നമസ്കാരങ്ങളും നിര്‍വഹിക്കുന്നത് സുന്നത്താണ്.
ഈ ഹജ്ജ് കര്‍മ്മങ്ങള്‍ എല്ലാം മുഹമ്മദ് നബി ചെയ്തതിന്റെ ആവര്‍ത്തനമാണ്. പ്രവാചകന് ദുല്‍ ഹജ്ജ് എട്ടിന് മിനായിലേക്ക് പുറപ്പെടുകയും അവിടെ അഞ്ച് നേരം നമസ്കരിക്കുകയും രാത്രി തങ്ങുകയും ചെയ്തു.
രാത്രി അവിടെ താമസിക്കണം. അന്നു തന്നെ മിനായിലേക്ക് പുറപ്പെട്ടാലും കുഴപ്പമില്ല. ഒരാള്‍ ദുല്‍ ഹജ്ജ് ഒമ്പതിന് മക്കയില്‍ ഇഹ്റാം ചെയ്ത് അറഫയിലേക്ക് പുറപ്പെടുകയാണെങ്കിലും ഹജ്ജിന് ദോഷമുണ്ടാവുകയില്ല.
മിനായില്‍ താമസിക്കുമ്പോള്‍ ഹാജിമാര്‍ ഓരോ നമസ്കാരവും അതത് സമയത്ത് തന്നെ ചെയ്യണം. എന്നാല്‍ സുഹ്ര്, അസ്വര്‍, ഇശ എന്നിവ ഖസ്വറാക്കി രണ്ട് റക്ക് അത്ത് വീതമാണ് നമസ്കരിക്കേണ്ടത്. നബിയും സഹാബിമാരും ഹജ്ജത്തുല്‍ വിദായില്‍ അങ്ങനെയാണ് ചെതിട്ടുള്ളത്.
ദുല്‍ഹജ് 9, അറഫ ദിനം
ദുല്‍ ഹജ്ജ് ഒമ്പതിനാണ് അറഫാ ദിനം. അന്ന് സൂര്യന് ഉദിച്ചശേഷമാണ് അറഫയിലേക്ക് പുറപ്പെടേണ്ടത്. ചിലര്‍ ഉച്ച വരെ നമിറയില്‍ ഇറങ്ങി അവിടെ സുഹ്റും അസ്വറും നമസ്കരിക്കല്‍ നടത്തും. ഇത് സുന്നത്താണ്.
മറ്റുള്ളവര്‍ അറഫയില്‍ ഇറങ്ങിയ ഉടന്‍ ഈ രണ്ട് നമസ്കാരങ്ങള്‍ ചെയ്യുന്നതില്‍ തെറ്റില്ല. ഈ നമസ്കാരത്തിനു ശേഷമാണ് അറഫയിലെ നിറുത്തം ആരംഭിക്കുക.
ഹജ്ജ് അറഫയാണ് എന്നാണ് നബി തിരുമേനി പറഞ്ഞത്. അതുകൊണ്ട് ഖിബ്ലയ്ക്ക് നേരെ തിരിഞ്ഞ് കൈ ഉയര്‍ത്തി ദിക് റും ദുവായും ചൊല്ലണം. ഖുറാന് പാരായണം ചെയ്യുന്നതും തല്‍ബിയത്തും വളരെ നല്ലതാണ്.
ഹാജിമാര്‍ അറഫയിലെ ജബലൂര്‍ റഹ്മ എന്ന കുന്നില്‍ കയറണമെന്ന് നിര്‍ബ്ബന്ധമില്ല. നബി തിരുമേനി താഴെയുള്ള പാറക്കെട്ടുകളില്‍ മുട്ടുകുത്തിയാണ് പ്രാര്‍ത്ഥിച്ചത്. അറഫയില്‍ ഹാജിമാര്‍ നോമ്പ് അനുഷ്ഠിക്കാന്‍ പാടില്ല. അതുപോലെ തന്നെ അറഫ വിട്ട് പുറത്തുപോവുകയും അരുത്.
ചിലര്‍ മസ്ജിദ് നമിറയില്‍ പോയി തിരിച്ചു വരാറുണ്ട്. ഇതിന്റെ ഒരു ഭാഗം അറഫയ്ക്കുള്ളിലും മറ്റൊരു ഭാഗം അറഫയ്ക്ക് വെളിയിലുമാണ്. അതുകൊണ്ട് പുറത്തുള്ള ഭാഗത്ത് ഒരു ഹാജി പോയി തിരിച്ചു വന്നാല്‍ ഹജ്ജ് ശരിയാവുകയില്ല.
സൂര്യാസ്തമയത്തിനു മുമ്പ് അറഫയുടെ അതിര്‍ത്തി വിടാന്‍ പാടില്ല എന്നാണ് ചട്ടം.
ദുല്‍ഹജ് 10
ഹാജിമാരുടെ യാത്ര പിന്നെ മുസ്ദലിഫയിലേക്കാണ്. അവിടെയെത്തിയാല്‍ മഗ്രിബും ഇശായും നമസ്കരിക്കാവുന്നതാണ്. സമയം വൈകിയാലും ഈ നമസ്കാരങ്ങള്‍ അവിടെ ചെയ്യേണ്ടതാണ്.
മുസ്ദലിഫയില്‍ രാത്രി തങ്ങണം എന്നത് നിര്‍ബ്ബന്ധമാണ്. ഇതില്‍ നിന്നും കുട്ടികളെയും രോഗികളെയും വൃദ്ധരേയും മറ്റും ഒഴിവാക്കിയിട്ടുണ്ട്. അവര്‍ക്ക് അര്‍ദ്ധരാത്രിക്ക് ശേഷം മിനായിലേക്ക് മടങ്ങാം. മറ്റു ഹാജിമാര്‍ സുബഹ് നമസ്കാരം കഴിഞ്ഞ് ഹിബ്ലയ്ക്ക് നേരെ കൈ ഉയര്‍ത്തി ദുക് റും ദുവായും ചെയ്ത ശേഷമേ മടങ്ങാവു.
ജംറകളില്‍ എറിയാനുള്ള കല്ലുകള്‍ ഇവിടെ നിന്ന് കൊണ്ടുപോകണം എന്ന് നിര്‍ബ്ബന്ധമില്ല. നബി തിരുമേനി മുസ്ദരിഫയില് നിന്ന് പുറപ്പെട്ട് വഴിയില്‍ വച്ചാണ് ജംറത്തുല്‍ അഖബയില്‍ എറിയാനുള്ള ഏഴു കല്ലുകള്‍ ശേഖരിച്ചത്. മറ്റു ദിവസങ്ങളില്‍ എറിയാനുള്ള കല്ലുകള്‍ മുഴുവന്‍ മിനായില്‍ നിന്നാണ് എടുത്തത്.
ദുല്‍ഹജ് 11,12 13
മിനായില്‍ എത്തിക്കഴിഞ്ഞാല്‍ ജംറത്തുള് അഖബയുടെ അടുത്തുവന്ന് തല്‍ബിയത്ത് നിര്‍ത്തി ഏഴു കല്ലുകള്‍ കൊണ്ട് ജംറയെ എറിയണം. അപ്പോള്‍ അല്ലാഹു അക്ബര്‍ എന്ന് പറയുന്നത് സുന്നത്താണ്. മിനാ വലതു ഭാഗത്തും ക അബ ഇടതുഭാഗത്തും ആക്കി എറിയുന്നതാണ് നല്ലത്.
ഏഴു കല്ലുകളും വെവ്വേറെ എറിയണം. അതിനു ശേഷം ബലി കര്‍മ്മം നിര്‍വഹിക്കാം. ദുല്‍ ഹജ്ജ് പതിമൂന്ന് വൈകുന്നേരം വരെ ബലി ചെയ്യാന്‍ അവസരമുള്ളതുകൊണ്ട് അത് അപ്പോള്‍ തന്നെ ചെയ്യണം എന്ന് നിര്‍ബന്ധമില്ല.
ബലി മൃഗങ്ങളുടെ മാംസം സ്വയം കഴിച്ച് മറ്റുള്ളവര്‍ക്ക് ദാനം ചെയ്യണം. എന്നാല്‍ ഫിദ്ദിയ ആയി (പ്രായശ്ചിത്തമായി) അറുക്കുന്ന മൃഗങ്ങളുടെ മാംസം അവരവര്‍ ഭക്ഷിക്കരുത്. ഹറമിലെ ദരിദ്രന്മാര്ക്ക് അത് നല്‍കണം.
ബലി കര്‍മ്മത്തിനു ശേഷം ഹാജിമാര്‍ തല മുണ്ഡനം ചെയ്യും. സ്ത്രീകള്‍ മുടിയുടെ അറ്റം അല്‍പ്പം വെട്ടുക മാത്രമാണ് ചെയ്യേണ്ടത്. ഇതോടെ ഹാജിമാര്‍ ഇഹ്റാമില്‍ നിന്നും പുറത്താവുന്നു. ഇഹ്റാം കൊണ്ട് നിഷേധിച്ച എല്ലാ കാര്യങ്ങളും ലൈംഗികബന്ധം ഒഴികെ എല്ലാം അവര്‍ക്ക് ചെയ്യാം. ഹജ്ജിന്റെ ത്വവാഫ് ചെയ്താല്‍ അതും അനുവദനീയമാണ്.
സാധാരണ വസ്ത്രം ധരിച്ച് അന്നു തന്നെ ഹജ്ജിന്റെ ത്വവാഫ് ചെയ്യുന്നതാണ് നല്ലത്. അതിനു ശേഷം സഅ നിര്‍ബ്ബന്ധമാണ്.
ഹാജിമാര്‍ പെരുന്നാള്‍ ദിവസം കൂടാതെ മൂന്നു ദിവസമാണ് മിനായില്‍ താമസിക്കേണ്ടത്. ദുല്‍ ഹജ്ജ് 11, 12, 13 ദിവസങ്ങളില്‍. മൂന്ന് ദിവസവും ജംറകളില്‍ കല്ലെറിയണം. മദ്ധ്യാഹ്നത്തിനു ശേഷം ആദ്യം ജംറത്തുല്‍ ഊലയിലും പിന്നീട് ജംറത്തുല്‍ ഉസ്തുവയിലും ഒടുവില്‍ ജംറത്തുല്‍ അഖബയിലും തക്ബീര്‍ ചൊല്ലി കല്ലെറിയണം.
ഖിബിലയ്ക്ക് നേരെ തിരിഞ്ഞ് പ്രാര്‍ത്ഥിക്കുന്നത് സുന്നത്താണ്. മിനാ വിടണമെന്നുണ്ടെങ്കില്‍ സൂര്യാസ്തമയത്തിനു മുമ്പ് തന്നെ ആവണം. അല്ലെങ്കില്‍ അന്ന് രാത്രി കൂടി തങ്ങി പിറ്റേ ദിവസം കല്ലെറിഞ്ഞ ശേഷമേ പുറപ്പെടാനാവു.
ഹാജിമാര്‍ ഹജ്ജ് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി മക്ക വിടുമ്പോള്‍ ചെയ്യുന്ന ത്വവാഫാണ് ത്വവാഫുല്‍ വിദായ്. ക അബയോട് വിട പറയുന്ന ത്വകാഫ് എന്നാണ് ഇതിന്റെ അര്‍ത്ഥം. ഹജ്ജിന്റെ എറ്റവും അവസാനത്തെ ക്രമമാണിത്.