Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആദ്യാക്ഷരത്തിന്‍റെ വസന്ത പഞ്ചമി

ആദ്യാക്ഷരത്തിന്‍റെ വസന്ത പഞ്ചമി
WD
സരസ്വതി ദേവിക്ക് വേണ്ടി സമര്‍പ്പിച്ച ഉത്സവമാണ് വസന്ത പഞ്ചമി. ദീപാവലി സമ്പത്തിന്‍റെ ദേവതയായ ലക്ഷ്മീ ദേവിക്കും നവരാത്രി ശക്തിയുടെയും വിജയത്തിന്‍റെയും പ്രതീകമായ കാളിക്കും ആണ് സമര്‍പ്പിച്ചിരിക്കുന്നത്. വസന്ത പഞ്ചമി ദിവസം ഉത്തരേന്ത്യയില്‍ വിദ്യാരംഭ ദിനമായി ആഘോഷിക്കുന്നു.

ചാന്ദ്രമാസമായ മാഘത്തിലെ കറുത്ത വാവ് കഴിഞ്ഞു വരുന്ന അഞ്ചാം നാള്‍ (മാഗ് ശുദ് 5) ആണ് വസന്ത പഞ്ചമി. ലോകമെമ്പാടുമുള്ള ഹിന്ദുക്കള്‍ ആഹ്ലാദപൂര്‍വം ഇത് ആഘോഷപൂര്‍വം കൊണ്ടാടുന്നു. ചിലയിടത്ത് ഇത് സരസ്വതീ ദിനമാണ്. സരസ്വതീ ദേവിയുടെ പിറന്നാളാണ് ഈ ദിവസം എന്നാണ് സങ്കല്‍പ്പം.

ഹൈന്ദവ ക്ഷേത്രങ്ങളില്‍ വസന്ത പഞ്ചമിക്ക് ഒട്ടേറെ പൂജയും വഴിപാടുകളും വിശേഷാല്‍ പരിപാടികളുമൊക്കെ നടക്കാറുണ്ട്. എന്നാല്‍ വിജയ ദശമി ദിവസം വിദ്യാരംഭം നടത്തുകയും അന്ന് സരസ്വതി പൂജ നടത്തുകയും ചെയ്യുന്ന കേരളത്തില്‍ മാത്രം ഈ ഉത്സവം അത്ര പ്രചാരത്തിലില്ല.

ഈ ദിവസം ഉത്തരേന്ത്യയില്‍ മഞ്ഞ നിറത്തിന് സവിശേഷ പ്രാധാന്യമുണ്ട്. സരസ്വതീ ദേവിയെ പീതാംബരം ഉടുപ്പിച്ചാണ് പൂജ നടത്തുക. അന്ന് സ്ത്രീ പുരുഷന്‍‌മാര്‍ മഞ്ഞയണിയാന്‍ ശ്രമിക്കും. മഞ്ഞ നിറത്തിലുള്ള മധുരപലഹാരങ്ങളാണ് കൈമാറുക.

ചിലയാളുകള്‍ ഈ ദിവസം ബ്രാഹ്മണര്‍ക്ക് അന്നദാനം നടത്തും. പിതൃതര്‍പ്പണം നടത്താനും ഈ നാള്‍ നല്ലതാണ്. രതിയുടെ ദേവനായ കാമദേവനേയും വസന്ത പഞ്ചമി നാളില്‍ ആരാധിക്കാറുണ്ട്.

webdunia
PTI
വിദ്യാര്‍ത്ഥികള്‍ ആദ്യാക്ഷരം കുറിക്കുന്നത് വസന്തപഞ്ചമി നാളിലാണ്. വിദ്യാരംഭത്തിന് ഏറ്റവും പറ്റിയ ദിവസമാണ് ഇതെന്നാണ് സങ്കല്‍പ്പം. വിജയദശമി നാളില്‍ എന്നപോലെ ഉത്തരേന്ത്യയില്‍ വിദ്യാഭ്യാ‍സ സ്ഥാപനങ്ങളില്‍ ഈ ദിനത്തില്‍ പ്രത്യേക സരസ്വതീ പൂജകള്‍ നടത്താറുണ്ട്.

ഇന്ത്യയിലെ ഏറ്റവും സവിശേഷമായ വിദ്യാഭ്യാസ കേന്ദ്രവും സര്‍വകലാശാലയുമായി മാറിയ കാശി ഹിന്ദു വിശ്വവിദ്യാലയം പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യ ആരംഭിച്ചത് വസന്ത പഞ്ചമി നാളിലായിരുന്നു.

പണത്തിനും അധികാരത്തിനും പേരിനും എല്ലാം കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന കലിയുഗത്തില്‍ കാര്യസാധ്യത്തിനുള്ള ഉപാസനാ മൂര്‍ത്തികളെയാണ് ആളുകള്‍ ആശ്രയിക്കുകയും ആരാധിക്കുകയും ചെയ്യുന്നത് എങ്കിലും വിവേകശാലികളായ ആളുകള്‍ ജ്ഞാനദേവതയായ സരസ്വതീ ദേവിയെയാണ് പൂജിക്കുന്നത്.

മഹാലക്ഷ്മി, മഹാകാളി, മഹാസരസ്വതി എന്നീ മൂന്ന് സങ്കല്‍പ്പങ്ങള്‍ എന്തിനെ പ്രതിനിധാനം ചെയ്യുന്നു എന്നറിയാന്‍ അവരുടെ വാഹനങ്ങള്‍ നോക്കിയാല്‍ മതി. ലക്ഷ്മിയുടെ വാഹനം മൂങ്ങയും ദുര്‍ഗ്ഗയുടെ അല്ലെങ്കില്‍ കാളിയുടെ വാഹനം സിംഹമോ കടുവയോ ആനെന്നു കാണാം. ഇത് രജോ തമോ ഗുണങ്ങളെയാണ് പ്രതിനിധീകരിക്കുന്നത്.

എന്നാല്‍ സരസ്വതിയുടെ വാഹനമാവട്ടെ സത്വഗുണത്തെ പ്രതിനിധീകരിക്കുന്ന വെളുത്ത അരയന്നമാണ്.

വരാനിരിക്കുന്ന വസന്തോത്സവമായ ഹോളിയുടെ തുടക്കം വസന്ത പഞ്ചമിയില്‍ നിന്നാണെന്ന് പറയാം. വസന്തത്തിന്‍റെ തുടക്കം തന്നെയാണ് വസന്ത പഞ്ചമി. ചെടികളില്‍ പുതുമുളകള്‍ വരുന്നു. കാട്ടിലും വയലേലകളിലും പുതു ജീവന്‍ തുടിക്കുന്നു. ഇന്ത്യയുടെ സ്വന്തം മരമായ മാവില്‍ മാങ്കനികള്‍ ഉണ്ടാവുന്നു. ഗോതമ്പിന്‍റെയും മറ്റ് വിളകളുടെയും വയലുകള്‍ വിളഞ്ഞു തുടങ്ങുന്നു.

Share this Story:

Follow Webdunia malayalam