കെട്ടുകാഴ്ചകളുടെ തൃച്ചേന്ദമംഗലം ആറാട്ട്
വീഡിയൊ, പ്രിയ വടക്കടത്തുകാവ്
പത്തുകരകളുടെ അധിപനും രക്ഷകര്‍തൃത്വ ഭാവവും ഉള്ള ദേവനാണ് പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവര്‍. എല്ലാവര്‍ഷവും കുംഭത്തിലെ ചതയം നാളില്‍ കൊടിയേറി പത്താം നാളാണ് തൃച്ചേന്ദമംഗലം ക്ഷേത്രത്തില്‍ ആറാട്ട് നടക്കുന്നത്. പത്തനംതിട്ട ജില്ലയിലെ അടൂരില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചിരപുരാതനമായ ഈ ക്ഷേത്രത്തില്‍ എത്തിച്ചേരാം.മിക്ക ശിവക്ഷേത്രങ്ങളിലും തിരുവാതിരയ്ക്ക് ആറാട്ട് നടക്കുമ്പോള്‍ ഇവിടെ കൊടിയേറുന്നത് ചതയത്തിന് ആയിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഒരു മാസം തന്നെ രണ്ട് ചതയം ഉണ്ടെങ്കില്‍ രണ്ടാമത്തേതായിരിക്കും കൊടിയേറ്റിനു തെരഞ്ഞെടുക്കുന്നത്. കോടിയേറ്റു ദിവസം ഉച്ചയ്ക്ക് പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന വിശാല സദ്യയ്ക്ക് ക്ഷേത്രാങ്കണം സാക്‍ഷ്യം വഹിക്കുന്നു. ഇതിനായുള്ള സാധന സാമഗ്രികളെല്ലാം ക്ഷേത്രം വകയാണ്.
പത്ത് ദിവസത്തെ ഉത്സവം നാട്ടിലാകെ ഭക്തി സാന്ദ്രമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്. കൊടിയേറുന്നത് മുതല്‍ ദേവനു മുന്നില്‍ “ഉരുളിച്ച” വഴിപാടും നടക്കും. ഓരോ കരക്കാര്‍ക്കും ഉരുളാനായി നിശ്ചിത ദിവസങ്ങള്‍ നല്‍കിയിട്ടുണ്ട് എന്നതും പഴയൊരു ആചാരത്തിന്‍റെ ഭാഗമാണ്.
ആറാട്ടിന് മുമ്പ് രണ്ട് മാസത്തിലധികം പറയെടുപ്പ് മഹോത്സവവും നടക്കുന്നു. മുമ്പ്, കൊടിയേറിയ ശേഷം പത്ത് ദിവസം മാത്രമായിരുന്നു പറയെടുപ്പ്. ഇന്ന്, മാസങ്ങള്‍ നീളുന്ന പറയെടുപ്പ് കൊടിയേറുന്നതിന് മുമ്പായി അവസാനിക്കും.
പത്ത് കരകളില്‍ നിന്ന് ഉള്ള കെട്ടുകാഴ്ചകളാണ് ആറാട്ട് ദിവസത്തെ പ്രത്യേകത. വാദ്യ ഘോഷങ്ങളുടെ അകമ്പടിയോടെ കിലോമീറ്ററുകള്‍ താണ്ടി എത്തുന്ന രണ്ട് ഇടക്കുതിര, എട്ട് കാളകള്‍ എന്നിവ ആറാട്ട് ഉത്സവത്തിന് നിറം പകരുന്നു. പത്ത് കരകളെ കൂടാതെ രണ്ട് ഇടങ്ങളില്‍ നിന്നുകൂടി കെട്ടുകാഴ്ചകള്‍ സ്ഥിരമായി ആറാട്ടിന് കൊണ്ടുവരാറുണ്ട്. ക്ഷേത്രത്ത മുറ്റത്ത് അനേകം കൊച്ചു കെട്ടുകാളകളെ നേര്‍ച്ചയ്ക്ക് “കളിപ്പിക്കാന്‍“ (കാളയെ കളിപ്പിക്കുക) കൊണ്ടുവന്നിരിക്കുന്നതും കാണാം.ആറാട്ട് ദിവസം വൈകുന്നേരത്തോടെ ക്ഷേത്രത്തിന്‍റെ തെക്കുള്ള വിശാലമായ മൈതാനത്ത് കെട്ടുകാഴ്ചകള്‍ നിരന്നിരിക്കുന്നത് അതിമനോഹരമായ കാഴ്ചയാണ്. ഈ സമയത്ത്, ജീവതയില്‍ എഴുന്നള്ളി മഹാദേവര്‍ ഓരോ കെട്ടുരുപ്പടിയുടെയും മനോഹാരിത ആസ്വദിച്ച് സന്തോഷിച്ച് ആറാട്ടിനായി കുളക്കടവിലേക്ക് നീങ്ങും. അപ്പോള്‍ കെട്ടുരുപ്പടികളും കുളത്തിനടുത്ത് വരെ എത്തിച്ച് മഹാദേവരുടെ ആറാട്ടിന് സാക്‍ഷ്യം വഹിക്കുന്നു.കെട്ടുരുപ്പടികള്‍ തിരികെ ക്ഷേത്രാങ്കണത്തിലെത്തിക്കും. വെളുപ്പിന് ആറാട്ട് കഴിഞ്ഞ് തീവെട്ടികളുടെയും ചൂട്ടുകറ്റകളുടെയും പ്രഭയില്‍ മഹാദേവര്‍ ക്ഷേത്രത്തിലേക്ക് തിരിച്ചെത്തുന്നതോടെ പത്തുനാള്‍ നീണ്ട ഉത്സവത്തിന് സമാപനമാവുന്നു.
ഐതീഹ്യം
പെരിങ്ങനാട് തൃച്ചേന്ദമംഗലം മഹാദേവ ക്ഷേത്രോല്‍പ്പത്തിയെ കുറിച്ച് വ്യക്തമായി പറയുന്ന രേഖകളൊന്നും നിലവിലില്ല. ക്ഷേത്രത്തില്‍ നിന്ന് ലഭിച്ച ലിഖിതങ്ങള്‍ പ്രകാരം മലയാള വര്‍ഷം 982 ല്‍ ആണ് പണികഴിപ്പിച്ചത് എന്ന് കരുതുന്നു. വളരെ പണ്ട് ക്ഷേത്രം നിലനിന്നിടം കൊടുങ്കാടായിരുന്നു എന്നാണ് വിശ്വസിക്കുന്നത്. ‘കുറവ’ സമുദായത്തില്‍ പെട്ട ചേന്ദന്‍ എന്നയാള്‍ കാട്ടില്‍ മരം വെട്ടാന്‍ എത്തിയപ്പോള്‍ മഴുവിന് മൂര്‍ച്ച കൂട്ടാന്‍ ഒരു കല്ലില്‍ തേച്ചു എന്നും അപ്പോല്‍ ആ കല്ലില്‍ നിന്ന് രക്ത പ്രവാഹം ഉണ്ടായി എന്നുമാണ് വിശ്വാസം. ഈ കല്ലാണ് പിന്നീട് മൂലവിഗ്രഹമായതെന്നും ഐതീഹ്യം പറയുന്നു.
Follow Webdunia malayalam