ദക്ഷിണകാശി എന്നറിയപ്പെടുന്ന കൊട്ടിയൂര്‍ മഹാദേവക്ഷേത്രത്തില്‍ 27 നാളത്തെ ഉത്സവത്തിന് കൊടിയേറിക്കഴിഞ്ഞു....അക്കരക്കൊട്ടിയൂരിലും ഇക്കരക്കൊട്ടിയൂരിലും ഭക്ത്യാദരപൂര്‍വ്വം ആയിരങ്ങള്‍ തീര്‍ത്ഥാടനത്തിനെത്തിത്തുടങ്ങി.കാനനക്ഷേത്രമാണ് കൊട്ടിയൂര്‍.
കൊട്ടിയൂര്‍ വൈശാഖ മഹോത്സവം ഈ മാസം പതിനെട്ടിന് അര്‍ദ്ധരാത്രി നെയ്യാട്ടത്തോടെ ആരംഭിച്ചു. ജൂണ്‍ പതിമൂന്നിന് കാലത്ത് പത്ത് മണിക്ക് തൃക്കലശാട്ടത്തോടെ സമാപിക്കും.
കൊട്ടിയൂരില്‍ വച്ചാണ് ദക്ഷയാഗം നടന്നതെന്നാണ് വിശ്വാസം. യാഗം നടത്തുകയായിരുന്ന ദക്ഷനെ ശിവന്‍റെ നിര്‍ദേശപ്രകാരം ഭൂതഗണങ്ങള്‍ വധിച്ചു. ബ്രഹ്മാവിന്റെയും വിഷ്ണുവിന്റെയും അഭ്യര്‍ത്ഥനപ്രകാരം ശിവന്‍ ദക്ഷന് ജീവന്‍ തിരിച്ചുനല്‍കി. ഇതിന്റെ സ്മരണയ്ക്കാണ് വൈശാഖമാസത്തില്‍ ഇവിടെ ദക്ഷ ഉത്സവം നടത്തുന്നത്.
മെയ് 19ന് അര്‍ധരാത്രിക്ക്‌ശേഷം തിരുവാഭരണ ഘോഷയാത്ര അക്കരെ സന്നിധാനത്തിലേക്ക് പ്രവേശിച്ചുകഴിഞ്ഞതിന് ശേഷം സ്‌ത്രീകള്‍ക്ക് അക്കരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചു. ജൂണ്‍ ആറ്‌വരെ സ്‌ത്രീകള്‍ക്ക് പ്രവേശനം തുടരും. മെയ് 19ന് ഭണ്ഡാരംവരവ് നടന്നു.
,26ന് തിരുവോണം ആരാധന, മെയ് 27ന് ഇളനീര്‍വെപ്പ്, 28ന് ഇളന്നീരാട്ടം, അഷ്ടമി ആരാധന, 31ന് രേവതി ആരാധന, ജൂണ്‍ 3ന് രോഹിണി ആരാധന, 6ന് കലംവരവ് എന്നിവയാണ് മറ്റ് വിശേഷാല്‍ചടങ്ങുകള്‍.
.രാത്രി അക്കരെ സന്നിധാനത്ത് ചോതിവിളക്ക് തെളിയുന്നതോടെ ഉത്സവങ്ങള്‍ക്ക് തുടക്കമായി.
കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി ചാതിയൂര്‍ മഠത്തില്‍നിന്നാണ് വൈശാഖോത്സവത്തിന് തുടക്കംകുറിച്ച് ചോതിവിളക്ക് തെളിക്കേണ്ട അഗ്നി എത്തിയത്. ബാവലി നിവേദ്യവും കഴിഞ്ഞ് പടിഞ്ഞീറ്റ നന്പൂതിരി മൂന്ന് മണ്‍ചിരാതുകളിലായി ചോതിവിളക്ക് തെളിയിച്ചു
മാനന്തവാടി മുതിരേരി ക്ഷേത്രത്തില്‍നിന്ന് വാള്‍ എഴുന്നള്ളിച്ച് മൂഴിയാട്ട് ഇല്ലത്ത് നന്പൂതിരി ചൊവ്വാഴ്ച വൈകീട്ട് ഇക്കരെ കൊട്ടിയൂരി ലെത്തി. ഭക്തര്‍ക്ക് സദ്യനല്‍കിയതിനുശേഷം വിവിധ ചടങ്ങുകളോടെ സ്ഥാനിക നന്പൂതിരി വനമാര്‍ഗ്ഗത്തില്‍ ഏകനായി കിലോമീ റ്ററുകള്‍ ഓടിയാണ് വാളുമായി കൊട്ടിയൂരിലെത്തിയത്.
കഴിഞ്ഞ ഉത്സവത്തിന് അവസാനം അഷ്ടബന്ധങ്ങളാല്‍ മൂടിയ പെരുമാള്‍ വിഗ്രഹത്തില്‍നിന്ന് നന്പൂതിരിമാര്‍ ചേര്‍ന്ന് ബന്ധങ്ങള്‍ നീക്കി സ്വയംഭൂലിംഗം ബുധനാഴ്ച തുറന്നു. ബാവലിക്കും ഇടബാവലിക്കും ഇടയിലെ പ്രത്യേക സ്ഥാനങ്ങളില്‍ നെയ്യമൃത് കലശങ്ങളുമായി നെയ്യാട്ട സമയംവരെ വ്രതക്കാര്‍ കാത്തിരിക്കുകയായിരുന്നു.
വില്ലിപ്പാലന്‍ കുറുപ്പിന്‍റെയും തമ്മേങ്ങാടന്‍ നന്പ്യാരുടെയും നെയ്കലശങ്ങള്‍ ആദ്യമാടി. നെയ്യമൃത്കാരും അവരുടെ കൈക്കാരും പുരുഷ ഭക്തജനങ്ങളുമുള്‍പ്പെട്ട ജനാവലി ചൊവ്വാഴ്ച അര്‍ധരാത്രി അക്കരെ കൊട്ടിയൂരില്‍ പ്രവേശിച്ചു.
ഭക്തരുടെ താമസത്തിനായി കൊട്ടിയൂര്‍ പെരുമാള്‍ ക്ഷേത്രസമീപത്ത് അഞ്ചു ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്. കിഴക്കെ നടയിലെ മുത്തപ്പന്‍ ക്ഷേത്രത്തില്‍ ദിവസവും അന്നദാനവും നടത്തും.
സ്വയംഭൂവായ ശിവലിംഗമാണ് കൊട്ടിയൂരിലെ പ്രധാന പ്രതിഷ്ഠ. മണിത്തറയിലുള്ള ശിവലിംഗം മാത്രമാണ് ഒരു ക്ഷേത്രസങ്കല്പം കൊട്ടിയൂരിന് നല്‍കുന്നത്.ബാവലിപ്പുഴയുടെ തീരത്തുള്ള കൊട്ടിയൂരില്‍ പതിവുമട്ടിലുള്ളാക്ഷേത്രമില്ല. ഉത്സവ ദിവസങ്ങളില്‍ മാത്രമേ ഇവിടെ നട തുറക്കാറുള്ളു.
പുഴയുടെ ഇരുകരകളിലുമായി രണ്ട് ആരാധനാ സ്ഥലങ്ങളടങ്ങുന്നതാണ് കൊട്ടിയൂര്‍. അക്കരക്കൊട്ടിയൂരും ഇക്കരക്കൊട്ടിയൂരും ഉത്സവം പ്രധാനമായും നടക്കുന്നത് അക്കരക്കൊട്ടിയൂരാണ്. ഇടവമാസത്തിലെ ചോതി നാള്‍മുതല്‍ മിഥുനത്തിലെ ചിത്തിര വരെ 27 ദിവസത്തെ ഉത്സവമാണ് ഇവിടെ നടക്കുന്നത്.
നെയ്യാട്ടം ഇളനീരാട്ടം
ഇടവമാസത്തിലെ ചോതി നാളില്‍ നെയ്യാട്ടത്തോടെയാണ്അക്കരെ കൊട്ടിയൂരില്‍ കൊട്ടിയൂരില്‍ ഉത്സവം തുടങ്ങുന്നത്. നായര്‍ സമുദായത്തില്‍ പെട്ടവരാണ് നെയ്യാട്ടമെന്ന വഴിപാട് നടത്തുക.
നാലാഴ്ച മുമ്പ് വ്രതമെടുത്ത് പ്രാര്‍ഥിച്ചു കഴിയുന്ന നായന്മാര്‍ കൊട്ടിയൂരിന് സമീപമുള്ള പല ക്ഷേത്രങ്ങളില്‍ നിന്നും കലശങ്ങളില്‍ നെയ്യുനിറച്ചു തലയില്‍ ചുമന്നുകൊണ്ട് 'മന്നത്താനയില്‍' ഒത്തുകൂടുന്നു.
ഇവിടെ നിന്നും എല്ലാവരും ഒരുമിച്ച് കൊട്ടിയൂരിലേക്ക് പുറപ്പെടും. വഴിയാത്രക്കിടയില്‍ അശ്ലീലപദങ്ങള്‍ സംസാരിക്കുന്ന ആചാരവുമുണ്ടടായിരുന്നു. ഇവര്‍ കൊണ്ടുവരുന്ന നെയ്യ് കൊട്ടിയൂരിലെ ശിവലിംഗത്തിന്മേല്‍ അഭിഷേകം ചെയ്യുന്നു.
കൊട്ടിയൂര്‍ ഉത്സവത്തിന്റെ മറ്റൊരു പ്രധാന ചടങ്ങാണ് ഇളനീരാട്ടം. തീയ്യ സമുദായത്തില്‍ പെട്ടവരാണ് ഇളനീരാട്ടം നടത്തുന്നത്.
41 ദിവസത്തെ വ്രതവുമെടുത്താണ് ഇളനീരാട്ടം നടത്തുന്നത്. കതിരൂരിന് സമീപമുള്ള ഇരുവറ്റയില്‍ ഇളനീരാട്ടത്തിനെത്തുന്ന ഭക്തര്‍ ഒത്തുചേരുന്നു. അവര്‍ കൊണ്ടുവരുന്ന തേങ്ങ കാവിന്റെ മുമ്പില്‍ കുന്നുകൂട്ടും. അര്‍ദ്ധരാത്രിയാണ് ഇളനീരാട്ടം നടക്കുന്നത്. രണ്ട് ദിവസമെങ്കിലും ഇത് തുടരും
തേങ്ങക്കൂനയുടെ ചുറ്റും ഭക്തര്‍ പ്രദക്ഷിണം വച്ച ശേഷം തേങ്ങ പൊതിക്കാനായി നായര്‍ സമുദായത്തിലെ ആളുകള്‍ എത്തും. ഇവര്‍ പൊയ്ഹിച്ച തേങ്ങയില്‍ നിന്നുമുള്ള ഇളനീരെടുത്ത് പൂജാരി ലിംഗത്തില്‍ അഭിഷേകം നടത്തുന്നു.
കൊട്ടിയൂര്‍ വൈശാഖ ഉത്സവം നടക്കുന്ന തീയതികള്‍:
2008 മെയ് 18- നെയ്യാട്ടം
2008 മെയ് 19 ഭണ്ഡാരം എഴുന്നള്ളത്ത്
2008 മെയ് 26- തിരുവോണം ആരാധന
2008 മെയ് 27- ഇളനീര്‍ വെപ്പ്
2008 മെയ് 28- ഇളനീരാട്ടം
2008 മെയ് 31- രേവതി ആരാധന
2008 ജൂണ്‍ 3- രോഹിണി ആരാധന
2008 ജൂണ്‍ 9- മകം കലം വരവ്
2008 ജൂണ്‍ 12- അത്തം കലശപൂജ
2008 ജൂണ്‍ 13- തൃക്കലശാട്ട്
മെയ് 19 ന് നടക്കുന്ന ഭണ്ഡാരം എഴുന്നള്ളത്തിന് മുമ്പും ജൂണ്‍ 9ന് ഉച്ചയ്ക്കു ശേഷം മുതലും സ്ത്രീകള്‍ അക്കരക്കൊട്ടിയൂരില്‍ പ്രവേശിക്കാന്‍ പാടില്ല.