Select Your Language

Notifications

webdunia
webdunia
webdunia
webdunia

പെരുവനം ആറാട്ടുപുഴ പൂരം

പൂരങ്ങളുടെ പൂരം മാര്‍ച്ച് 20ന്

പെരുവനം ആറാട്ടുപുഴ പൂരം
കേരളത്തിലെ പ്രധാന പൂരം എന്ന് കേള്‍വി കേട്ടത് തൃശൂര്‍ പൂരമാണെങ്കിലും അതിനോളം പോന്നതോ അതിനേക്കാള്‍ കേമമായതോ ആയ ചില പൂരങ്ങള്‍ ഇല്ലാതില്ല. ഒറ്റപ്പാലത്തെ ചിനക്കത്തൂര്‍ പൂരം തന്നെ ഒരു ഉദാഹരണം.

എന്നാല്‍ പൂരങ്ങളുടെ പൂരം എന്നറിയപ്പെടുന്ന ഒരേയൊരു പൂരമേയുള്ളു - പെരുവനം ആറാട്ടുപുഴ പൂരം. പഴക്കം, പെരുമ, വലുപ്പം, ആചാരങ്ങള്‍, ആനകളുടെ എണ്ണം ഇവയെല്ലാം കൊണ്ടാണ് ആറാട്ടുപുഴ പൂരം കേമമാവുന്നത്. ഇവിടെ പൂരത്തിന് വെടിക്കെട്ടില്ല എന്നത് ശ്രദ്ധേയമാണ്.

തൃശൂര്‍ ടൗണില്‍ നിന്നും പതിനാല് കിലോമീറ്റര്‍ തെക്കുമാറിയാണ് പെരുവനം ആറാട്ടുപുഴ ക്ഷേത്രം. ശാസ്താവാണ് ഇവിടത്തെ പ്രതിഷ്ഠ. പൂരം നടക്കുന്ന അപൂര്‍വം ശാസ്താ ക്ഷേത്രങ്ങളില്‍ ഒന്ന് എന്ന പെരുമയും ഇതിനുണ്ട്.

പരശുരാമന്‍ കേരളത്തെ 64 ഗ്രാമങ്ങളാക്കി വിഭജിച്ചു എന്നാണല്ലോ ഐതിഹ്യം. അതില്‍ പ്രധാനമാണ് പെരുവനം. ആറാട്ടുപുഴ ക്ഷേത്ര ചുവരില്‍ കൊത്തിയ 'ആയതു ശിവലോകം' എന്ന സംഖ്യാ വാചകം ക്രിസ്തു വര്‍ഷം 583 ല്‍ ക്ഷേത്രം പണിതു എന്ന് സൂചന നല്‍കുന്നു.

ആറാട്ടുപുഴയില്‍ ഏഴു ദിവസത്തെ ഉല്‍സവമാണ്. ആറാം ദിവസമാണ് പൂരം. ഏഴാം നാള്‍ ആറാട്ടോടെ സമാപനം. മുമ്പ് 108 ക്ഷേത്രങ്ങളില്‍ നിന്നുള്ള 108 ദേവന്മാര്‍ പൂരത്തിന് പങ്കെടുത്തിരുന്നു. ഇന്നത് 61 ക്ഷേത്രങ്ങളില്‍ നിന്നുള്ളതായി ചുരുങ്ങി. 28 ദിവസമുണ്ടായിരുന്ന പൂരം ഏഴു ദിവസമായി. മുമ്പ്100 ആനകളുണ്ടായിരുന്നു. ഇപ്പോഴത് 61 ആയി.

പെരുവനം ഗ്രാമത്തിന്‍റെ നാലതിര്‍ത്തികളിലായി ഓരോ ശാസ്താ ക്ഷേത്രങ്ങളുണ്ട്. വടക്ക് അകമല, കിഴക്ക് കുതിരാന്‍, തെക്ക് ഊഴത്ത്, പടിഞ്ഞാറ് എടത്തിരുത്തി. ഇവയും പൂരത്തില്‍ സജ-ീവമായി പങ്കെടുക്കുന്നു.

ആറാട്ടുപുഴ ശാസ്താവിനെ കാണാന്‍ പൂരം നാളില്‍ നാനാദിക്കില്‍ നിന്നും ദേവതമാര്‍ പല നേരത്തായി ക്ഷേത്രത്തിലെത്തുന്നു. അന്ന് ആറാട്ടുപുഴ ശാസ്താവിനാണ് പ്രാധാന്യം. എന്നാല്‍ പിറ്റേന്നു നടക്കുന്ന ഉല്‍സവത്തില്‍ തൃപ്രയാര്‍ തേവര്‍ക്കാണ് പ്രാമാണ്യം. പെരുവനം മഹാദേവര്‍ ക്ഷേത്രത്തിലെ ഇരട്ടിയപ്പന്‍ പൂരം ഘോഷയാത്രയില്‍ പുറത്തെഴുന്നള്ളാറില്ല എന്നത് ശ്രദ്ദേയമാണ്.

കേരളത്തിലെ പൂരങ്ങള്‍ക്ക് മാതൃകയായ ആചാരാനുഷ് ഠാനങ്ങളും എഴുന്നള്ളിപ്പിന്‍റെയും താളമേളങ്ങളുടെയും ചിട്ടവട്ടങ്ങളും വര്‍ണ്ണപ്പൊലിമയുടെയും അലങ്കാരങ്ങളുടെയും വൈവിദ്ധ്യങ്ങളും പെരുവനത്താണ് ആദ്യമുണ്ടായത്.

പൂരത്തിന്‍റെ പഴക്കം തന്നെ ഇതിന് കാരണം. മുത്തുക്കുടകള്‍, വര്‍ണ്ണക്കുടകള്‍, കുടമാറ്റം, ആനയുടെ നെറ്റിപ്പട്ടം, പാണ്ടിമേളം, പഞ്ചാരിമേളം...... എല്ലാം പെരുവനത്തു നിന്നും നാടാകെ പ്രചരിച്ചു.

Share this Story:

Follow Webdunia malayalam