Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിശ്വകര്‍മ്മജയന്തി ഇന്ന്

സെപ്തംബര്‍ 17 വിശ്വകര്‍മ ജയന്തി

വിശ്വകര്‍മ്മജയന്തി ഇന്ന്
FILEFILE
ഭൂലോകം, ദേവലോകം അതിലെ മനോഹര നഗരങ്ങള്‍, കൊട്ടാരങ്ങള്‍, മന്ദിരങ്ങള്‍, വാഹനങ്ങള്‍, ആയുധങ്ങള്‍ എല്ലാം നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണ്. ജഗത്തിന്‍റെ വാസ്തുശില്‍പിയും എഞ്ചിനീയറും വിശ്വകര്‍മ്മാവ് തന്നെ.

സര്‍വകലാവല്ലഭന്‍ എന്ന് ആരെയെങ്കിലും അക്ഷരാര്‍ത്ഥതില്‍ വിശേഷിപ്പിക്കാമെങ്കില്‍ അത് വിശ്വകര്‍മ്മാവിനെ മാത്രമായിരിക്കും. ചതുര്‍ബാഹുവാണ് ഈ ദേവന്‍. കിരീടമുണ്ട് ഒരു കയ്യില്‍ പുസ്തകം, മറ്റു കൈകളീല്‍ കയറും അളവുകോലും. ഇതാണ് വിശ്വകര്‍മ്മാവിന്‍റെ ചിത്രം.

ചിങ്ങത്തില്‍ നിന്നും കന്നിയിലേക്ക് സൂര്യന്‍ സംക്രമിക്കുന്ന കന്യസംക്രാന്തി ദിനമാണ് വിശ്വകര്‍മ്മ ജയന്തിയായി ആഘോഷിക്കുന്നത്.

ജലവും ലോഹങ്ങളും കല്ലും മണ്ണും മരവും ഈ പ്രപഞ്ചത്തിലെ ഏതുകൊണ്ടും നിര്‍മ്മിതി നടത്താന്‍ വിശ്വകര്‍മ്മാവിന് കഴിഞ്ഞിരുന്നു. ഒരു ജോലിയും അറിയാത്തതായി ഉണ്ടായിരുന്നില്ല.

ദേവഗുരുവായ ബൃഹസ്പതിയുടെ അനന്തരവനാണ് വിശ്വകര്‍മ്മാവ് - ബൃഹസ്പതിയുടെ സഹോദരി യോഗസിദ്ധിയുടെയും പ്രകാശ മഹര്‍ഷി ( വാസ്തുവിന്‍റെ അധിപനായ വാസ്.. മഹര്‍ഷിയുടെ മകന്‍) യുടെയും മകന്‍. ബ്രഹ്മാവിന്‍റെ മകന്‍ എന്നും പറയാറുണ്ട്.

വിശ്വകര്‍മ്മാവിന്‍റെ മക്കളോ ശിഷ്യന്മാരോ ആണ് പുരാണങ്ങളില്‍ കാണുന്ന മയന്‍, മനു, ശില്‍പി ത്വഷ്ടാവ്, വിശ്വജ്ഞന്‍ എന്നീ അസാമാന്യ പ്രതിഭകള്‍. ഇവരില്‍ നിന്നാണ് ഭൂമിയിലെ വിശ്വകര്‍മ്മജര്‍ ഉണ്ടായതെന്നാണ് വിശ്വാസം.

വിഷ്ണുവിന്‍റെ സുദര്‍ശനചക്രം, ശിവന്‍റെ ത്രിശൂലം, ഇന്ദ്രന്‍റെ വജ്രായുധം എന്നിവ നിര്‍മ്മിച്ചത് വിശ്വകര്‍മ്മാവാണത്രെ കൃഷ്ണന്‍ ആവശ്യപ്പെട്ടപ്പോള്‍ കുചേലന് ഞൊടിയിടകൊണ്ട് മണിമേട പണിതു കൊടുത്തത് വിശ്വകര്‍മ്മാവാണെന്ന് ഭാഗവതപുരാണം പറയുന്നു.

സത്യയുഗത്തില്‍ സ്വര്‍ഗ്ഗം പണിതതും, ത്രേതായുഗത്തില്‍ സ്വര്‍ണ്ണം കൊണ്ട് ലങ്ക പണിതതും, ദ്വാപരയുഗത്തില്‍ ദ്വാരകാ നഗരി പണിതതും , കലിയുഗത്തില്‍ ഇന്ദ്രപ്രസ്ഥവും ഹസ്തിനപുരവും പണിതതും വിശ്വകര്‍മ്മാവു തന്നെ.

ഈ ദിവസം ഇന്ത്യയില്‍ പല ഭാഗത്തും പ്രത്യേകിച്ചും ഒറീസ്സയിലും ബംഗാളിലും വിശ്വകര്‍മ പൂജ നടത്താറുണ്ട്. കേരളത്തിലും ചിലയിടത്ത് വിശ്വകര്‍മ്മ പൂജ പതിവുണ്ട്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ അധീശന്‍ എന്ന നിലയിലാണ് വിശ്വകര്‍മ്മാവിനെ പൂജിക്കുന്നത്.

Share this Story:

Follow Webdunia malayalam