Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗുജറാത്തിലെ അംബാജി ക്ഷേത്രം

ഗുജറാത്തിലെ അംബാജി ക്ഷേത്രം

അക്ഷേഷ് സവാലിയ

FILEWD

യാ ദേവി ഭൂതേഷു ശക്തിരൂപേണ സംസ്ഥിത
നമസ്തസ്യൈ നമസ്തസ്യൈ നമസ്തസ്യൈ നമോ നമ:...

ഗുജറാത്തിലെ അംബാജി അഥവാ അംബാ ഭവാനി ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ്. ഇവിടത്തെ പ്രധാന ശ്രീകോവിലില്‍ മൂര്‍ത്തിയുടെ ബിംബം ഇല്ല എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ആരാധനാമൂര്‍ത്തിയുടെ ഇരിപ്പിടത്തില്‍ ഉടയാടകളും ആഭരണങ്ങളും ഒരുക്കി വച്ചിരിക്കുന്നത് പരിപൂര്‍ണ്ണ ദര്‍ശനത്തിന്‍റെ പ്രതീതി നല്‍കുകയും ചെയ്യും! ക്ഷേത്രാന്തരീക്ഷം ‘ജയ് അംബെ’ വിളികളാല്‍ ഭക്തിപൂരിതമായിരിക്കും.

അംബാ ഭവാനിയുടെ അനുഗ്രഹത്താലാണ് ദേവി രുക്മിണിക്ക് ശ്രീകൃഷ്ണ ഭഗവാനെ പതിയായി ലഭിച്ചതെന്നാണ് വിശ്വാസം. ഈ ക്ഷേത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് വച്ചായിരുന്നു ഉണ്ണിക്കണ്ണന്‍റെ മുടിമുറിക്കല്‍ ചടങ്ങ് നടന്നത് എന്നും വിശ്വാസമുണ്ട്. എല്ലാ പൂര്‍ണ്ണിമയും അംബാജി ടൌണ്‍ ഭക്ത ജന സമുദ്രമാവും. ഈ ദിനത്തിലാണ് ‘ലോക് മിലോ’ ആഘോഷം നടക്കുന്നത്. അതിപുരാതന കാലം മുതല്‍ക്കുതന്നെ സന്യാസിവര്യരും രാജക്കന്‍‌മാരും അംബാജിയുടെ പാദങ്ങളില്‍ അഭയം പ്രാപിച്ചിരുന്നു.

പുരാതന ഇന്ത്യയിലെ 51 ശക്തി പീഠങ്ങളില്‍ ഒന്നാണ് അംബാജി. ഉജ്ജൈനിലെ ഭഗവതി മഹാകാളി മഹാശക്തി, കാഞ്ചീപുരത്തെ കാമാക്ഷിയമ്മ, മലയഗിരിയിലെ ബ്രാമരംബ, കന്യാകുമാരിയിലെ കുമാരിക, ഗുജറാത്തിലെ അംബാജി, കോലാപ്പൂരിലെ മഹാലക്ഷ്മി, പ്രയാഗിലെ ദേവി ലളിത, വിന്ധ്യയിലെ വിന്ധ്യാവാസിനി, വാരണാസിയിലെ വിശാലാക്ഷി, ഗയയിലെ മംഗളാവതി, ബംഗാളിലെ സുന്ദരി ഭവാനി, നേപ്പാളിലെ ഗുഹ്യകേസരി എന്നിവയാണ് ഇപ്പോഴുള്ള 12 പ്രധാന ശക്തി പീഠങ്ങള്‍.
webdunia
FILEFILE


ഗുജറാത്ത്-രാജസ്ഥാന്‍ അതിര്‍ത്തിയില്‍, പാലമ്പൂരില്‍ നിന്ന് 65 കിലോമീറ്റര്‍ അകലെ മൌണ്ട് ആബുവില്‍ നിന്ന് 45 കിലോമീറ്റര്‍ ദൂരത്തിലാണ് അംബാജി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഗുജറാത്തിലെ ഏറ്റവും സമ്പന്നമായ ഈ ക്ഷേത്രം സന്ദര്‍ശിക്കാനായി ഗുജറാത്തില്‍ നിന്നും സമീപ സംസ്ഥാനമായ രാജസ്ഥാനില്‍ നിന്നും ലക്ഷക്കണക്കിന് ഭക്തരാണ് എത്തുന്നത്. അംബാജി ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഗബ്ബാര്‍ കുന്നിലേക്ക് അംബാജി ടൌണില്‍ നിന്ന് മൂന്ന് കിലോമീറ്ററുണ്ട്. ഈ ശക്തി പീഠമാണ് ഗൌരി ഭഗവതിയുടെ ഹൃദയമെന്നും വിശ്വാസമുണ്ട്.

ഫോട്ടോഗാലറി

webdunia
FILEFILE
ആരവല്ലി പര്‍വ്വത നിരകളിലെ അരസുര്‍ മലയിലെ ഗബ്ബാര്‍ കുന്നുകളിലെ അംബാജി ക്ഷേത്രം ഉല്‍പ്പത്തിയെ കുറിച്ച് രേഖകളൊന്നും അവശേഷിപ്പിക്കാത്ത വിധം അതി പുരാതനമാണ്. ആര്യന്‍‌മാര്‍ക്ക് മുമ്പ് തന്നെ ആരാധനാ മൂര്‍ത്തിയായിരുന്ന അംബാജിയെ കാലക്രമേണ ആര്യന്‍‌മാരും ആരാധിക്കുകയായിരുന്നു എന്നാണ് കരുതുന്നത്. ഗബ്ബാര്‍ കുന്നുകളില്‍ അംബാദേവിയുടെ കാല്‍പ്പാടുകളും രഥ ചക്രങ്ങള്‍ അവശേഷിപ്പിച്ച അടയാളങ്ങളുമുണ്ടെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ ക്ഷേത്രത്തില്‍ വിഗ്രഹമില്ല. പകരം ഒരു സുവര്‍ണ്ണയന്ത്രം ഭിത്തിക്കുള്ളില്‍ വച്ചിരിക്കുന്നു. ഈ യന്ത്രത്തില്‍ 51 ശ്ലോകങ്ങള്‍ ആലേഖനം ചെയ്തിരിക്കുന്നു.

പൂര്‍ണിമ ദിവസങ്ങളിലെ ഭാദ്രപദി പൂര്‍ണിമ മേളയ്ക്ക് ലക്ഷക്കണക്കിന് ഭക്തജനങ്ങളാണിവിടെയെത്തുന്നത്.

പ്രത്യേക ആകര്‍ഷണങ്ങള്‍

നവരാത്രി ആഘോഷങ്ങള്‍ നടക്കുന്ന ഒമ്പത് ദിനങ്ങളിലും ഗുജറാത്തിലെ കര്‍ഷകര്‍ കുടുംബ സമേതം ഈ ക്ഷേത്ര ദര്‍ശനം നടത്തും. ഉത്സവത്തോട് അനുബന്ധിച്ച് വലിയൊരു മേളയും നടക്കുന്നുണ്ട്. ഭവായ്, ഗാര്‍ബ എന്നീ പരിപാടികളും ഇതോടൊപ്പം നടക്കുന്നു.

എഴുനൂറ് ദേവീസ്തുതികള്‍ അഥവാ ‘സപ്തശതി’ ചൊല്ലുന്നതും ഇവിടുത്തെ പ്രധാന ആചാരമാണ്.

ഭാദ്രപദി പൂര്‍ണിമയ്ക്ക് ഇവിടെ എത്തുന്ന ഭക്തര്‍ രണ്ട് മൈല്‍ പടിഞ്ഞാറുള്ള ഗബ്ബാര്‍ഗഡും സന്ദര്‍ശിക്കും. പ്രകൃതീ ദേവിയെ വന്ദിക്കുന്നതിനായി ഭക്തര്‍ ഈ കുന്നിന് മുകളിലുള്ള ആല്‍മരത്തിന് വലം വയ്ക്കും.

എല്ലാ പൂര്‍ണ്ണിമ, അഷ്ടമി ദിനങ്ങളിലും അംബാജിക്ക് പ്രത്യേക പൂജ ഉണ്ടായിരിക്കും. വാക്കുകള്‍ കൊണ്ട് പറഞ്ഞ് ഫലിപ്പിക്കാനാവാത്ത വിധം ഭക്തി സാന്ദ്രമാണ് ഇവിടുത്തെ അന്തരീക്ഷം.
webdunia
FILEFILE



യാത്ര

അഹമ്മദാബാദില്‍ നിന്ന് 180 കി. മീ. അബു റോഡ് സ്റ്റേഷനില്‍ നിന്ന് 20 കി.മീ. മൌണ്ട് ആബുവില്‍ നിന്ന് 45 കി.മീ. ഡല്‍ഹിയില്‍ നിന്ന് 700 കി. മീ. ഏറ്റവും അടുത്ത റയില്‍‌വെ സ്റ്റേഷന്‍: അബു റോഡ്. അടുത്ത വിമാനത്താവളം: അഹമ്മദാബാദ്.


Share this Story:

Follow Webdunia malayalam