Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുപ്പതി വെങ്കടേശ്വര മാഹാത്മ്യം

തിരുപ്പതി വെങ്കടേശ്വര മാഹാത്മ്യം
WDWD
തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമിയുടെ മാഹാത്മ്യത്തെ കുറിച്ച് കേള്‍ക്കാത്തവരുണ്ടാകില്ല. ഭഗവാന്‍റെ ദര്‍ശനം ലഭിക്കുന്നത് മഹാ പുണ്യമാണെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ എത്തുന്ന ക്ഷേത്രങ്ങളില്‍ ഒന്നാണ് തിരുപ്പതി. അതുകൊണ്ടു തന്നെ സമ്പത്തിന്‍റെ കാര്യത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനത്താണ് തിരുപ്പതി ദേവസ്ഥാനം. തിരുപ്പതി തിരുമല ദേവസ്ഥാനം(ടി ടി ഡി) മാണ് ഈ ക്ഷേത്രം നോക്കി നടത്തുന്നത്.

ഐതീഹ്യം

ഭഗവാന്‍ വിഷ്ണുവിന്‍റെ അവതാരമായാണ് വെങ്കിടേശ്വര സ്വാമി(ബാലാജി) യെ കരുതുന്നത്. സ്വാമി പുഷ്കര്‍നിയുടെ ദക്ഷിണ തീരത്ത് ഭഗവാന്‍ വസിച്ചിരുന്നുവെന്നാണ് വിശ്വസിക്കപ്പെടുന്നത്. തിരുപ്പതി തിരുമലയ്ക്ക് ചുറ്റുമുള്ള ഏഴ് മലകള്‍ സപ്തഗിരി എന്ന പേരിലാണ് അറിയപ്പെടുന്നത്. ഭഗവാന്‍ വിഷ്ണു ശയിക്കുന്ന ശേഷ നാഗത്തിന്‍റെ ഏഴ് ഫണങ്ങളോടാണ് ഈ മലകളെ താരതമ്യം ചെയ്തിരിക്കുന്നത്. ഏഴാമത്തെ മലയായ വെങ്കിടാദ്രിയിലാണ് വെങ്കടേശ്വരന്‍റെ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

പതിനൊന്നാം നുറ്റാണ്ടില്‍ ജീവിച്ചിരുന്ന രാ‍മാനുജന്‍ തിരുപ്പതിയിലെ ഏഴ് മലകളും കയറിയെന്നും ഭഗവാന്‍ ശ്രീനിവാസന്‍(വെങ്കിടേശ്വര ഭഗവാന്‍റെ മറ്റൊരു പേര്) അദ്ദേഹത്തിന് മുന്നില്‍ പ്രത്യക്ഷപ്പെട്ട് ദര്‍ശനം നല്‍കിയെന്നും ഒരു ഐതീഹ്യമുണ്ട്. ശേഷം 120 വര്‍ഷം ഭഗവാന്‍ വെങ്കിടേശ്വരന്‍റെ മാഹാത്മ്യം പ്രചരിപ്പിച്ചു കൊണ്ട് അദ്ദേഹം ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു.

വൈകുണ്ഠ മാസത്തിലെ ഏകാദശി നാളില്‍ ആണ് ഇവിടെ ഏറ്റവും അധികം തിരക്കനുഭവപ്പെടുന്നത്. ഈ ദിവസം ഭഗവാനെ ദര്‍ശിക്കുന്നവര്‍ക്ക് എല്ലാ പാപങ്ങളില്‍ നിന്നും മുക്തി ലഭിക്കുമെന്നാണ് വിശ്വാസം. മരണ ശേഷം ഇവര്‍ക്ക് മോക്ഷപ്രാപ്തി ലഭിക്കുമെന്നാണ് വിശ്വാസം.
webdunia
WDWD


ക്ഷേത്ര ചരിത്രം

വെങ്കിടേശ്വര ക്ഷേത്രം ചരിത്രം തെരഞ്ഞാല്‍ ഒന്‍പതാം നൂറ്റാണ്ടിലേക്ക് പോകേണ്ടി വരും. കാഞ്ചീപുരം ഭരണാധികാരികളായിരുന്ന പല്ലവന്മാരാണ് ക്ഷേത്രം സംരക്ഷിച്ചിരുന്നത്. എന്നാല്‍, ക്ഷേത്രത്തിന് പ്രസിദ്ധി കൈവന്നത് പതിനഞ്ചാം നൂറ്റാണ്ടിലെ വിജയനഗര രാജവംശത്തിന്‍റെ കാലത്താണ്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

webdunia
WDWD
1933 വരെ വര്‍ഷങ്ങളോളം ക്ഷേത്രഭരണം കയ്യാളിയിരുന്നത് ഹതിരംജി മഠത്തിലെ സന്യാസിമാരാണ്. 1933ന് ശേഷം മദ്രാസ് സര്‍ക്കാ‍ര്‍ ക്ഷേത്ര ഭരണം കയ്യാളുകയും ഭരണനടപടികള്‍ക്കായി ഒരു സ്വയം ഭരണ സ്ഥാപനത്തെ, തിരുമല തിരുപ്പതി ദേവസ്ഥാനം (ടി ടി ഡി) ചുമതലപ്പെടുത്തുകയും ചെയ്തു.

ആന്ധ്രപ്രദേശ് സംസ്ഥാനത്തിന്‍റെ രൂപീകരണത്തിന് ശേഷം ടി ടി ഡി പുനസംഘടിപ്പിക്കുകയുണ്ടായി. ട്രസ്റ്റികളെ നിയമിക്കുകയും ആന്ധ്ര സര്‍ക്കാരിന്‍റെ പ്രതിനിധിയായി ഒരു എക്സിക്യൂട്ടിവ് ഓഫീസര്‍ ഭരണത്തലവനായി നിയോഗിക്കപ്പെടുകയും ചെയ്തു.

പ്രധാന ക്ഷേത്രം

ഭഗവാന്‍ വെങ്കിടേശ്വരന്‍റെ പുരാതനവും പരിപാവനവുമായ ക്ഷേത്രം ഏഴാമത്തെ
മലയിലാണ് സ്ഥിതി ചെയ്യുന്നത്. ശ്രീ സ്വാമി പുഷ്കരിനിയുടെ ദക്ഷിണ തീരത്ത് വെങ്കടാ‍ദ്രി മലയിലാണ് ഇതെന്നാതിനാല്‍ ഭഗവാന് വെങ്കടേശ്വരന്‍ എന്ന പേര് ലഭിക്കുകയും ചെയ്തു.

മറ്റ് മതക്കാര്‍ക്കും വെങ്കടേശ്വര ഭഗവാനെ ദര്‍ശിക്കാന്‍ വിലക്കുകളില്ല. ഭഗവാനെ ദര്‍ശിച്ചാല്‍ മാത്രമേ കലിയുഗത്തില്‍ മോക്ഷം ലഭിക്കൂ എന്ന് പുരാണങ്ങളില്‍ പറയുന്നുണ്ട്.ദിനം പ്രതി 50000 തീര്‍ത്ഥാടകരെങ്കിലും ഇവിടെ ദര്‍ശനം നടത്താന്‍ എത്തുന്നുണ്ട്. ഭക്തജനങ്ങള്‍ക്കായി മികച്ച സൌകര്യങ്ങളാണ് ടി ടി ഡി
ഒരുക്കിയിരിക്കുന്നത്.
webdunia
WDWD


മലകളില്‍ നിന്ന് ക്ഷേത്രത്തിലേക്ക് നടന്ന്

നിരവധി ഭക്തര്‍ ടി ടി ഡി മലകളില്‍ നിര്‍മ്മിച്ച നടപ്പാതയിലൂടെ നടന്ന് ഭഗവദ് ദര്‍ശനം നടത്തുന്നു. അലിപിരിയില്‍ നിന്നും തിരുമലയിലേക്ക് നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക


തലമുണ്ഡനം ചെയ്യല്‍
webdunia
WDWD
തിരുപ്പതി ക്ഷേത്രത്തിലെ ഒരു പ്രധാന വഴിപാടാണ് തലമുണ്ഡനം ചെയ്യല്‍. ഞാനെന്ന ഭാവം ഇല്ലായ്മ ചെയ്യല്‍ ആണ് ഇതു കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി ഇവിടെ ബാര്‍ബര്‍മാരെ നിയമിച്ചിട്ടുണ്ട്. തലമുണ്ഡനം ചെയ്ത ശേഷം കുളിച്ച ശേഷമാണ് ഭഗവദ് ദര്‍ശനം നടത്തേണ്ടത്.

സര്‍വ ദര്‍ശനം

എല്ലാവര്‍ക്കും ദര്‍ശനം എന്നതാണ് സര്‍വദര്‍ശനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വൈകുണ്ഠം ക്യൂ കോം‌പ്ലക്സ് വഴി ആണ് സര്‍വദര്‍ശനത്തിനായുള്ള പ്രവേശനം. ഇപ്പോള്‍ കമ്പ്യുട്ടര്‍ വഴി ടിക്കറ്റുകള്‍ ബുക് ചെയ്യാം. തുടര്‍ന്ന് ദര്‍ശനത്തിനായി സമയം അനുവദിക്കുന്നു. ഇതു കൂടാതെ സൌജന്യ ദര്‍ശനവും പ്രത്യേക ദര്‍ശനവുമുണ്ട്. പ്രത്യേക ദര്‍ശനത്തിനായി കൂടുതല്‍ തുക നല്‍കേണ്ടി വരും. പ്രായാധിക്യം ഉള്ളവര്‍ക്കും വികലാംഗര്‍ക്കും പ്രധാന കവാടത്തിലെ പ്രത്യേക ഗേറ്റ് വഴി ദര്‍ശനം നടത്താന്‍ സൌകര്യമുണ്ട്. ഇവരോടൊപ്പം മറ്റൊരാള്‍ക്ക് കൂടി ദര്‍ശനം നടത്താന്‍ കഴിയും.

പ്രസാദം

അന്ന പ്രസാദം(പുളിഹോര) , ചിത്രന്നം, പൊങ്കല്‍, തൈര് സാദം എന്നിവ ദര്‍ശനം നടത്തിയ ശേഷം ഭക്തര്‍ക്ക് സൌജന്യമായി വിതരണം ചെയ്യുന്നു.

ലഡ്ഡു

ക്ഷേത്രത്തിന് പുറത്തുള്ള കൌണ്ടറില്‍ നിന്ന് എല്ലാ ദിവസവും ലഡ്ഡു ലഭിക്കും.ലഡ്ഡുവിന് വേണ്ടിയുള്ള ക്യൂ വില്‍ നിന്ന് ടോക്കണ്‍ എടുക്കാവുന്നതാണ്.

ബ്രഹ്മോത്സവം

webdunia
WDWD
തിരുപ്പതിയിലെ എറ്റവും പ്രധാന ആഘോഷമാണ് ബ്രഹ്മോത്സവം. സെപ്തംബര്‍ -ഒക്ടോബര്‍ മാസങ്ങളില്‍ ആണ് ഈ ആഘോഷം നടക്കുന്നത്. ഒന്‍പത് ദിവസം ആഘോഷം നീണ്ടു നില്‍ക്കുന്നു. ഐതീഹ്യ പ്രകാരം(വരാഹ പുരാണം) സൃഷ്ടികര്‍ത്താവായ ബ്രഹ്മാവ് ആണ് വെങ്കടേശ്വര ഭഗവാനോടുള്ള ഭക്തിയാല്‍ ആദ്യം ഉത്സവം ആഘോഷിച്ചത്. ഇതാണ് ബ്രഹ്മോത്സവം എന്ന പേര് വരാന്‍ കാരണം.

ഇതിന് പുറമെ വസന്തോത്സവം(മാര്‍ച്ച്/ ഏപ്രില്‍) തെപ്പോത്സവം(ജുലൈ/ ആഗസ്ത്) പവിത്രോത്സവം(നവംബര്‍/ ഡിസംബര്‍) എന്നിവയും ഇവിടെ ആഘോഷിക്കുന്നുണ്ട്.

ഫോട്ടോഗാലറികാണാന്‍ ക്ലിക്ക് ചെയ്യുക

തിരുപ്പതിയിലെ വിവാഹം

webdunia
WDWD
വിവാഹം, ഉപനയനം, നാമകരണം എന്നിവയ്ക്കായി ഒരു പുരോഹിത സംഘം ടി ടി ഡി രൂപീകരിച്ചിട്ടുണ്ട്. ദക്ഷിണ, ഉത്തര ഭാരത ശൈലികളില്‍ ഇവിടെ ഈ കര്‍മ്മങ്ങള്‍ പുരോഹിതര്‍ നടത്തിക്കൊടുക്കും.

താമസം

കൂടുതല്‍ തീര്‍ത്ഥാടകരും ക്ഷേത്രത്തിന് ചുറ്റുമുള്ള ഡോര്‍മിറ്ററികളില്‍ സൌജന്യമായാണ് താമസിക്കുന്നത്. അതിഥിമന്ദിരങ്ങളിലും ഹോട്ടലുകളിലും വാടക നല്‍കി താമസിക്കുന്നവരുമുണ്ട്. ലക്‍ഷ്വറി ഹോട്ടലുകളിലും താമസിക്കാം. ഇതിനായി ടി ടി ഡിയുടെ സെന്‍‌ട്രല്‍ റിസപ്ഷന്‍ ഓഫീസില്‍ ബുക് ചെയ്യാനാകും. സീസണല്ലാത്തപ്പോള്‍ ഒരു മാസം മുന്‍പ് തന്നെ കത്തും 100 രൂപയുടെ ഡ്രാഫ്റ്റും അയച്ച് ഒരു മാസം മുന്‍ പേ തന്നെ ബുക് ചെയ്യാവുന്നതാണ്.

എത്താനുള്ള മാര്‍ഗ്ഗം

ചെന്നൈ യില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയാണ് തിരുപ്പതി. ചെന്നൈ, ഹൈദ്രാബാദ് എന്നിവിടങ്ങളില്‍ നിന്ന് റോഡ് മാര്‍ഗ്ഗവും തീവണ്ടി മാര്‍ഗ്ഗവും എത്തിച്ചേരാവുന്നതാണ്.
webdunia
WDWD


വിമാനം: തിരുപ്പതിയില്‍ ഒരു ചെറിയ വിമാനത്താവളമുണ്ട്. ഹൈദ്രാബാദില്‍ നിന്നും ചൊവ്വാഴ്ചകളിലും ശനിയാഴ്ചകളിലും വിമാനമുണ്ട്. തിരുപ്പതിക്ക് ഏറ്റവും അടുത്ത നഗരം ചെന്നൈയാണ്. ദിവസം രണ്ട് വിമാനങ്ങള്‍ ചെന്നൈയില്‍ നിന്നുണ്ട്. ഇരുപത് മിനിട്ട് കൊണ്ട് ചെന്നൈയില്‍ നിന്നും തിരുപ്പതിയില്‍ വിമാനത്തില്‍ എത്താന്‍ കഴിയും. വിമാനത്താവളത്തില്‍ നിന്നും തിരുപ്പതിയിലേക്കും തിരിച്ചും ആന്ധ്രപ്രദേശ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ( എ പി എസ് ആ‍ര്‍ ടി സി) ബസ് സര്‍വീസ് നടത്തുന്നുണ്ട്.









Share this Story:

Follow Webdunia malayalam