Select Your Language

Notifications

webdunia
webdunia
webdunia
webdunia

മഹാരാഷ്ട്രയിലെ ത്രിവിക്രമ ക്ഷേത്രം

സന്ദീപ് പരോല്‍ക്കര്‍

മഹാരാഷ്ട്രയിലെ ത്രിവിക്രമ ക്ഷേത്രം
തീര്‍ത്ഥാടനം പരമ്പരയിലൂടെ നാം അനേകം പുണ്യസ്ഥലങ്ങള്‍ ഇതിനോടകം സന്ദര്‍ശിച്ചുകഴിഞ്ഞു. ഇത്തവണ നാം പോവുന്നത് മഹാരാഷ്ട്രയിലെ ത്രിവിക്രമ ക്ഷേത്രത്തിലേക്കാണ്. പേരുകേട്ട മുനിവര്യനായ കദോഗി മഹാരാജാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത്. ഫോട്ടോഗാലറി

1744 ല്‍ പണികഴിപ്പിച്ച ഈ ക്ഷേത്രം ഖന്ധേശ് പ്രദേശത്തുള്ള ഷെന്ദൂരിണി ഗ്രാമത്തിലാണ് സ്ഥിതിചെയ്യുന്നത്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിയെ കുറിച്ച് വളരെ ആകര്‍ഷകമായ ഒരു പുരാണമുണ്ട്.

പ്രധാന പൂ‍ജാരിയായ ശാന്താറാം മഹാരാജ് ഭഗത്താണ് ക്ഷേത്ര പുരാ‍ണം വിവരിച്ചു നല്‍കിയത്. കഗോദി മഹാരാജ് വിത്താല്‍ ദേവനെ ഭജിക്കാനായി ദിനവും കാല്‍നടയായി പന്ധാല്‍പ്പൂരിലേക്ക് പോവാറുണ്ടായിരുന്നുവത്രേ. ഒരു ദിവസം, ഈശ്വരന്‍ കദോഗിയുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ട് തന്‍റെ വിഗ്രഹം ഗ്രാമത്തിലെ നദിക്കടുത്ത് പുതഞ്ഞ് കിടപ്പുണ്ട് എന്ന് പറഞ്ഞു. തന്‍റെ വാഹനമായ വരാഹത്തോടു കൂടിയുള്ള വിഗ്രഹം കണ്ടെടുത്ത് യഥാവിധി പ്രതിഷ്ഠിക്കണമെന്നും പ്രത്യക്ഷനായ ദേവന്‍ പറഞ്ഞു എന്ന് ശാന്താറാം മഹാരാജ് വിവരിക്കുന്നു.

മടങ്ങിയെത്തിയ കദോഗി മഹാരാജ് ഗ്രാമീണരോട് നടന്ന സംഭവങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, അവര്‍ അത് അവിശ്വസിച്ചു എന്ന് മാത്രമല്ല കദോഗിക്ക് ഭ്രാന്താണെന്ന് പറയാന്‍ പോലും മടിച്ചില്ല. ഇതിലൊന്നും നിരാശനാവാതെ മുനിവര്യന്‍ സ്വന്തം ഭൂമി കിളച്ചു തുടങ്ങി, ഏറെ കഴിയും മുമ്പേ വരാഹ വിഗ്രഹം ലഭിച്ചു. ഇതറിഞ്ഞ ഗ്രാമീണരും കദോഗിക്കൊപ്പം കൂടി. അവര്‍ 25 അടി താഴ്ചയിലെത്തിയപ്പോഴേക്കും വിഗ്രഹം ലഭിച്ചു! നാലര അടി ഉയരമുള്ള വിഗ്രഹത്തില്‍ യഥാവിധി പൂജകഴിച്ച് ആരാധനയും തുടങ്ങി.

WD
വിഗ്രഹം കുഴിച്ചെടുക്കുമ്പോള്‍ അബദ്ധത്തില്‍ വിത്താല്‍ പ്രതിമയുടെ മൂക്കില്‍ മണ്‍‌വെട്ടി കൊണ്ടുവെന്നും അവിടെ ചോരപൊടിഞ്ഞു എന്നും കഥകളുണ്ട്. ഈ വിഗ്രഹത്തിന് വിഷ്ണുവിന്‍റെയും വിത്താലിന്‍റെയും ബാലാജിയുടേയും സാദൃശ്യം കാണാവുന്നതിനാലാണ് ത്രിവിക്രമേശ്വരന്‍ എന്ന് വിളിക്കുന്നത്. ഈ ദിവ്യ വിഗ്രഹത്തിന്‍റെ ഭാവം നിമിഷങ്ങള്‍ തോറും മാറുമെന്നാണ് വിശ്വാസികള്‍ കരുതുന്നത്.

കാര്‍ത്തിക ശുദ്ധ ഏകാദശിക്കാണ് കദോഗി മഹാരാജിന് ദിവ്യ ദര്‍ശനം ലഭിച്ചത്. അതിന്‍റെ ഓര്‍മ്മയ്ക്കായി അദ്ദേഹം തുടങ്ങിവച്ച രഥയാത്ര ഇപ്പോഴും അതേ ദിവസം തുടരുന്നു. 263 വര്‍ഷം പഴക്കമുള്ള രഥമാണ് ഇപ്പോഴും ഇവിടെ ഉപയോഗിക്കുന്നത്. ഇത് മഹാരാഷ്ട്രയിലെ ഏറ്റവും പഴക്കമുള്ള രഥമായാണ് കരുതുന്നതും.

ഇവിടേക്കെത്താന്‍ :-

റോഡുമാര്‍ഗ്ഗമാണേങ്കില്‍ ജാല്‍ഗാവ് ജില്ലയിലെ ജാംനര്‍ ടൌണില്‍ നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാവും. ട്രെയിന്‍ മാര്‍ഗ്ഗമാണെങ്കില്‍ ജാല്‍ഗാവ് ജംഗ്ഷനില്‍ ഇറങ്ങി 25 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ മതിയാവും. വിമാനമാര്‍ഗമാണെങ്കില്‍ ഔറംഗബാദ് വിമാത്താവളമാണ് ഏറ്റവും അടുത്ത്. ഇവിടെ നിന്ന് 125 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഇവിടെയെത്താം.

Share this Story:

Follow Webdunia malayalam