വഡോദരയിലെ കാശിവിശ്വനാഥ ക്ഷേത്രം

ഭിക ശര്‍മ്മ

ബുധന്‍, 17 ജൂണ്‍ 2009 (19:20 IST)
ആദ്ധ്യാത്മിക യാത്രയുടെ ഈ അധ്യായത്തില്‍ ഞങ്ങള്‍ നിങ്ങളെ ഗുജറാത്തിലെ വഡോദരയിലുള്ള കാശി വിശ്വനാഥ ക്ഷേത്രത്തിലേക്കാണ് നയിക്കുന്നത്. ഏതാണ്ട് 120 വര്‍ഷങ്ങള്‍ക്ക് മുമ്പ് സയാജി റാവു ഗെയ്ക് വാദിന്‍റെ ഭരണകാലത്താണ് ഈ ചരിത്രപ്രസിദ്ധമായ ക്ഷേത്രം പണികഴിപ്പിച്ചത്.

കാലാന്തരത്തില്‍ ഈ ക്ഷേത്രം സ്വാമി വല്ലഭ് റാവുജിക്ക് കൈമാറി. അദ്ദേഹത്തിന് ശേഷം ഈ ക്ഷേത്രം സ്വാമി ചിദാനന്ദ സരസ്വതിയുടെ നിയന്ത്രണത്തിലായിരുന്നു. 1948ല്‍ അദ്ദേഹം ഇത് പുതുക്കിപ്പണിതു. സ്വാമി ചിദാനന്ദ സരസ്വതിയുടെ മരണശേഷം ഈ ക്ഷേത്രം ഒരു ട്രസ്റ്റിന് കൈമാറി. തുടര്‍ന്ന് ആ ട്രസ്റ്റാണ് ക്ഷേത്രം പരിപാലിച്ചുപോരുന്നത്.

പട്ടണത്തിലെ ഗെയ്ക് വാദ് പാലസിന് എതിര്‍ദിശയിലായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ക്ഷേത്രത്തിന്‍റെ പ്രവേശന കവാടം വളരെ മനോഹരവും കൊത്തുപണികളാല്‍ അലങ്കൃതവുമാണ്. പ്രവേശന കവാടത്തില്‍ കരിങ്കല്ലില്‍ പണികഴിപ്പിച്ച മനോഹരമായ നന്ദി പ്രതിമ കാണാം.
WDWD

നന്ദി പ്രതിമയോട് ചേര്‍ന്ന് ഒരു ആമയുടെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. ഭാഗ്യത്തിന്‍റെയും സമ്പത്തിന്‍റെയും പ്രതീകമാണിത്. നന്ദി പ്രതിമയുടെ ഇരുവശങ്ങളിലുമായി, കവാടത്തിന്‍റെ കോണില്‍ സ്വാമി വല്ലഭ റാവുവിന്‍റെയും സ്വാമി ചിദാനന്ദയുടെയും കല്‍ പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്.

WDWD
രണ്ട് ഭാഗങ്ങളിലായാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. ആദ്യ ഭാഗം ഒരു വലിയ ഹാളാണ്. ഭക്തന്‍മാര്‍ പ്രാര്‍ത്ഥനയ്ക്കും സത്സംഗത്തിനുമായി ഇവിടെ ഒത്തുകൂടുന്നു. രണ്ടാമത്തെ ഭാഗം വെള്ള മാര്‍ബിളില്‍ തീര്‍ത്ത ശ്രീകോവിലാണ്. ക്ഷേത്രത്തിലെ തൂണുകളില്‍ വിവിധ ദേവന്‍മാരുടെയും ദേവതമാരുടെയും മനോഹര ശില്‍പങ്ങള്‍ കൊത്തിവച്ചിട്ടുണ്ട്.

ശ്രീകോവിലിന്‍റെ മദ്ധ്യത്തിലാണ് ശിവലിംഗം പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇതിന്‍റെ തറ വെള്ളികൊണ്ടാണ് പണികഴിപ്പിച്ചിരിക്കുന്നത്. ഇതില്‍ മനോഹരമായ കൊത്തുപണികള്‍ നടത്തിയിരിക്കുന്നു.

ഭക്തര്‍ക്ക് ശിവലിംഗത്തില്‍ സ്പര്‍ശിക്കാന്‍ അനുവാദമില്ല. എന്നാല്‍ പാല്‍, വെള്ളം എന്നിവ അഭിഷേകം നടത്തുന്നതിന് പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയിട്ടുണ്ട്.

ക്ഷേത്രത്തിന്‍റെ സമീപത്തായി കാശി വിശ്വനാഥ് ഹനുമാന്‍റെയും സോമനാഥ് മഹാദേവന്‍റെയും രണ്ട് ചെറിയ ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ഒരു ചെറിയ ക്ഷേത്രത്തില്‍ സ്വാമി ചിതാനന്ദ സരസ്വതിയുടെ കാലടിപ്പാടുകള്‍ പ്രതിഷ്ഠിച്ചിട്ടുണ്ട്.

ശ്രാവണ മാസത്തില്‍ ക്ഷേത്രത്തില്‍ നടക്കുന്ന ഉല്‍സവത്തിന്, അടുത്തുള്ള പട്ടണങ്ങളില്‍ നിന്നായി ലക്ഷക്കണക്കിന് ഭക്തരാണ് എത്തിച്ചേരുന്നത്. ത്രയോദശി ദിവസം ആയിരക്കണക്കിന് ഭക്തര്‍ ഈ ക്ഷേത്രം സന്ദര്‍ശിക്കുന്നു. ക്ഷേത്ര ട്രസ്റ്റ് തീര്‍ത്ഥാടകര്‍ക്കും സന്യാസിമാര്‍ക്കുമായി സൌജന്യ താമസ ഭക്ഷണ ക്രമീകരണങ്ങള്‍ ഒരുക്കുന്നുണ്ട്.


എങ്ങനെ എത്തിപ്പെടാം:

റോഡ് മാര്‍ഗം: ഗുജറാത്ത് തലസ്ഥാനമായ ഗാന്ധിനഗറില്‍ നിന്ന് 115 കിലോമീറ്റര്‍ അകലെയാണ് വഡോദര.
റെയില്‍ മാര്‍ഗം: ഡല്‍ഹി - മുംബൈ റെയില്‍പാതയിലെ ഒരു പ്രധാന ജംഗ്ഷനാണ് വഡോഡര. രാജ്യത്തിന്‍റെ പല ഭാഗത്ത് നിന്നും വഡോദരയിലേക്ക് നേരിട്ട് ട്രെയിന്‍ ലഭ്യമാകും.
വ്യോമമാര്‍ഗം: വഡോദരയില്‍ നിന്ന് 111 കിലോമീറ്റര്‍ അകലെയുള്ള അഹമ്മദാബാദ് ആണ് അടുത്തുള്ള വിമാനത്താവളം.