Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിളിച്ചാല്‍ വിളികേള്‍ക്കും ചക്കുളത്തമ്മ !

വിളിച്ചാല്‍ വിളികേള്‍ക്കും ചക്കുളത്തമ്മ !

അനിരാജ് എ കെ

, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (13:33 IST)
തിരുവല്ലക്കടുത്തുള്ള നീരേറ്റുപുറത്തെ ചക്കുളത്ത് കാവ് പുതിയൊരു ക്ഷേത്ര സങ്കേതമല്ല. ജീര്‍ണ്ണാവസ്ഥയില്‍ കിടന്നിരുന്ന ക്ഷേത്രം പുനരുദ്ധാരണത്തിനു ശേഷം വളരെ പ്രസിദ്ധമായി തീരുകയാണുണ്ടായത്. ഇന്നത് സ്ത്രീകളുടെ ശബരിമല എന്ന പേരില്‍ അറിയപ്പെടുന്നു. നീരേറ്റുപുറം പ്രദേശം മുമ്പ് കാടായിരുന്നു. കാട്ടിനു നടുക്കുണ്ടായിരുന്ന കുളത്തിലെ വെള്ളത്തിന് ശര്‍ക്കരയുടെ സ്വഭാവമായിരുന്നു. അതുകൊണ്ട് അതിനെ ചക്കരക്കുളം എന്ന് വിളിച്ചുപോന്നു. ചക്കരക്കുളം ലോപിച്ച് ചക്കുളം ആയി എന്നാണ് സ്ഥലനാമ ചരിത്രം.
 
1981 ലാണ് ക്ഷേത്രോദ്ധാരണം നടത്തിയത്. എട്ടു കൈകളോടു കൂടിയ വനദുര്‍ഗ്ഗയുടെ സ്വരൂപ വിഗ്രഹം മൂലബിംബത്തോട് ചേര്‍ത്ത് പ്രതിഷ്ഠിച്ചിരിക്കുകയാണ് ഇപ്പോള്‍. സുംഭ നിസുംഭന്മാരെ ചുറ്റിപ്പറ്റിയുള്ളതാണ് ചക്കുളത്തുകാവിനെ പറ്റിയുള്ള ഐതിഹ്യ കഥ. യോനിയിലൂടെ ജനിക്കാത്ത ഒരു സ്ത്രീയില്‍ നിന്നു മാത്രമേ മരണം ഉണ്ടാകാവൂ എന്ന് ഈ സുംഭ നിസുംഭ അസുരന്മാര്‍ ബ്രഹ്മാവില്‍ നിന്ന് വരം നേടി.
 
സ്വാഭാവികമായും ഇവര്‍ അഹങ്കാരികള്‍ ആവുകയും ദേവന്മാരെ യുദ്ധത്തില്‍ തോല്‍പ്പിക്കുകയും ചെയ്തു. ദേവന്മാരുടെ അവസ്ഥ നാരദര്‍ ബ്രഹ്മദേവനെ അറിയിച്ചു. പരാശക്തിക്കേ ദേവന്മാരെ രക്ഷിക്കാനാവൂ എന്ന് ബ്രഹ്മാവ് പറഞ്ഞത് അനുസരിച്ച് ഹിമഗിരിയില്‍ എത്തി പാര്‍വ്വതീ ദേവിയെ പ്രാര്‍ത്ഥിച്ചു. ദേവിയുടെ ശരീരത്തില്‍ നിന്ന് ഒരു തേജസ്സ് ജ്വലിച്ചുയര്‍ന്ന് ഭദ്രകാളിയായി മാറി. അലൌകിക സൌന്ദര്യമുള്ള യുവതിയായിരുന്നു ഭദ്രകാളി.
 
കാട്ടിലെ പൊന്നൂഞ്ഞാലില്‍ ആടിക്കൊണ്ടിരുന്ന ദേവിയെ ചാമുണ്ഡന്മാര്‍ കാണുകയും അവര്‍ ആ വിവരം സുംഭനിസുംഭന്മാരെ അറിയിക്കുകയും ചെയ്തു. സുംഭനിസുംഭന്മാര്‍ വിവാഹാലോചനയുമായി ദേവിയുടെ അടുത്തെത്തി. തന്നെ യുദ്ധത്തില്‍ തോല്‍പ്പിക്കുന്നവരെയേ വിവാഹം ചെയ്യൂ എന്നു മറുപടി ലഭിച്ചു. അങ്ങനെ ദേവി ഇരുവരെയും യുദ്ധത്തില്‍ വധിച്ചു. ഈ ദേവിയുടെ ദീപ്തമായ ഒരു അംഗമാണ് ചക്കുളത്തുകാവില്‍ കുടികൊള്ളുന്ന ഭഗവതിയില്‍ ഉള്ളത് എന്നാണ് പ്രബലമായ ഐതിഹ്യം. മറ്റ് ഐതിഹ്യങ്ങളും ഉണ്ട്.
 
സമസ്ത ദു:ഖങ്ങളുടെയും പരിഹാരകേന്ദ്രമാണ് തിരുവല്ലയിലെ നീരേറ്റുപുറം ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രം. മദ്ധ്യതിരുവിതാംകൂറില്‍ പ്രശസ്തമാണ് ചക്കുളത്തുകാവ് പൊങ്കാല. ജാതിമതഭേദമില്ലാതെ വിശ്വാസികള്‍ ജീവിത സാഗരത്തിലെ സര്‍വപ്രശ്നങ്ങള്‍ക്കും പരിഹാരം തേടി ചക്കുളത്തമ്മയുടെ സവിധത്തിലെത്തുന്നു. ഗണപതി, ശിവന്‍, സുബ്രഹ്മണ്യന്‍, വിഷ്ണു, ശാസ്താവ്, നവഗ്രഹങ്ങള്‍, യക്ഷിയമ്മ എന്നീ ഉപദേവതകളുണ്ട്.
 
വൃശ്ചികത്തില്‍ ദേവീ ചൈതന്യ നിറവില്‍ ഭക്തര്‍ ദേവീപ്രീതിക്കായി പൊങ്കാല നടത്തുന്നു. തൃക്കാര്‍ത്തിക ദിവസമാണ് ചക്കുളത്തുകാവിലെ പൊങ്കാല. കാര്‍ത്തിക സ്തംഭം, ലക്ഷദീപം, നാരീപൂജ തുടങ്ങിയ ചടങ്ങുകള്‍ ഏറെ കീര്‍ത്തികേട്ടവയാണ്. ദേവിക്ക് എല്ലാ വര്‍ഷവും കളമെഴുത്തും പാട്ടും നടത്തുന്നു. ആദ്യത്തെ വെള്ളിയാഴ്ചകളില്‍ ദേവിക്ക് നിവേദിക്കുന്ന ഔഷധജലം സകലരോഗങ്ങള്‍ക്കും ഒറ്റമൂലിയാണെന്നാണ് വിശ്വാസം. ആയുരാരോഗ്യത്തിനും സമാധാനത്തിനും വേണ്ടി പ്രത്യേക പൂജ ചെയ്ത ഔഷധ ജലം നല്‍കാറുണ്ട്. ഇവിടെ വെറ്റില പ്രശ്നം അതിപ്രശസ്തമാണ്. പൂജാരിമുഖ്യനാണ് വെറ്റില ജോത്സ്യം വച്ചു പ്രവചനം നടത്തുക.
 
പന്ത്രണ്ട് നോയമ്പ് ദേവീ സാക്ഷാത്ക്കാരത്തിന്‍റെ തീവ്രസമാധാന ക്രമത്തിലേക്ക് ഭക്തരെ നയിക്കുന്ന വ്രതാനുഷ്ഠാനമാണ്. ധനു ഒന്നിന് തുടങ്ങി പന്ത്രണ്ടിനാണ് പന്ത്രണ്ട് നോയമ്പ് അവസാനിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നക്ഷത്രക്കാരോട് നുണ പറയേണ്ട, അറിയു !