ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
ശബരിമലയും ഗുരുവായൂരും മാറ്റിനിര്‍ത്തിയാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തരെത്തുന്ന പുണ്യ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ ചോറ്റാനിക്കര. ദേവി ഭഗവതി ദിനം തോറും വന്നു ചേരുന്ന തന്റെ ഭക്തരുടെ ആത്മീയ ദാഹം ശമിപ്പിക്കുന്നു എന്നാണു ക്ഷേത്രത്തെ കുറിച്ചുള്ള വിശ്വാസം. ഇവിടത്തെ പ്രധാന പ്രതിഷ്ഠ മാതൃദേവത ആയ ഭഗവതി ആണ്. ഭഗവതി ഈ പ്രദേശത്തെ പ്രധാന ദേവി ആണ്. ഭഗവതിയെ മൂന്നു രൂപങ്ങളിലാണ് ഈ ക്ഷേത്രത്തില്‍ ആരാധിക്കുന്നത്.
രാവിലെ സരസ്വതീ ദേവിയായും ഉച്ചയ്ക്ക് ഭദ്രകാളിയായും വൈകുന്നേരം ദുര്‍ഗയായുമായി ആരാധിക്കുന്നു. ആദിശങ്കരനാണ് സരസ്വതി ചൈതന്യം തന്റെ ജന്മദേശത്തേക്ക് ആനയിച്ചത്. അതിനാണ് ജ്യോതിസ് ആനയിച്ച കര ജ്യോതിയാനക്കരയായും പിന്നീട് ചോറ്റാനിക്കരയായും മാറി എന്ന് ഐതിഹ്യം. ദേവി കേരളക്കരയിലേക്ക് വരാമമെന്ന് സമ്മതിച്ചപ്പോള്‍ ശങ്കരന്‍ മുമ്പില്‍ നടക്കുക ഞാന്‍ പിറകെ വരാമെന്നും തിരിഞ്ഞ് നോക്കരുതെന്നും വാക്ക് ലംഘിച്ചാല്‍ താന്‍ വരില്ലെന്നും ദേവി പറഞ്ഞു. എന്നാല്‍ ദേവിയുടെ ചിലമ്പൊലി കേള്‍ക്കാതായതോടെ ആദി ശങ്കരന്‍ പിന്തിരിഞ്ഞ് നോക്കുന്നു. വ്യവസ്ഥ ലംഘിച്ചതിനാല്‍ താന്‍ വരില്ലെന്നും ഇവിടെ ഇരിക്കുമെന്നും ദേവി പറഞ്ഞു. ദേവി ഇരുന്ന ഇടമാണ് മൂകാംബിക. ഒടുവില്‍ ശങ്കരനോട് മനസലിഞ്ഞ ദേവി ബ്രാഹ്മ മുഹൂര്‍ത്തത്തില്‍ ദേവി ചോറ്റാനിക്കരയില്‍ വരാമെന്നും സമ്മതിച്ചു. അതുകൊണ്ടാണ് ചോറ്റാനിക്കരയില്‍ നിര്‍മാല്യം കഴിഞ്ഞ ശേഷം മാത്രം മൂകാംബികയില്‍ നടതുറക്കുന്നത്.
ചോറ്റാനിക്കരയില്‍ വെള്ള നിറത്തില്‍ പൊതിഞ്ഞ് സരസ്വതീ ദേവിയായി രാവിലെ ആരാധിക്കുന്നു. കുങ്കുമ നിറത്തില്‍ പൊതിഞ്ഞ് ഭദ്രകാളിയായാണ് ഉച്ചക്ക് ആരാധിക്കുക. നീല നിറത്തില്‍ പൊതിഞ്ഞ് ദുര്‍ഗ്ഗയായി ഭഗവതിയെ വൈകുന്നേരം ആരാധിക്കുക. ഈ മൂന്നുഭാവങ്ങളുമുള്ളതിനാല്‍ ചോറ്റാനിക്കര ഭഗവതി രാജരാജേശ്വരീസങ്കല്പത്തിലാണ് ആരാധിയ്ക്കപ്പെടുന്നത്. മാനസിക രോഗങ്ങളെ ഇവിടത്തെ ഭഗവതി സുഖപ്പെടുത്തും എന്നാണ് വിശ്വാസം. അതുകൊണ്ട് മാനസികാസ്വാസ്ഥ്യങ്ങള്‍ ഉള്ളവര്‍ ധാരാളമായി ഇവിടം സന്ദര്‍ശിക്കുന്നു.ചോറ്റാനിക്കര കീഴ്ക്കാവില്‍ ക്ഷേത്രത്തിലെ 'ഗുരുതി പൂജ'യും വളരെ പ്രശസ്തമാണ്. സായാഹ്നത്തിനു ശേഷം ദേവിയെ ഉണര്‍ത്തുവാനായി ആണ് ഈ പൂജ നടത്തുക. നൂറ്റെട്ട് ദുര്‍ഗാക്ഷേത്രങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ചോറ്റാനിക്കര.
ചോറ്റാനിക്കരയെ സംബന്ധിച്ച് മകംതൊഴല്‍ വളരെ വിശേഷമാണ്. കുംഭമാസത്തിലെ മകം നാളില്‍ ക്ഷേത്രത്തിലെത്തി സങ്കടമുണര്‍ത്തുന്ന ഭക്തരുടെ മേല്‍ ദേവി അനുഗ്രഹം ചൊരിയുമെന്നാണ് വിശ്വാസം. വില്വമംഗലത്ത് സ്വാമിയാര്‍ ദേവിയെ സര്‍വാഭരണവിഭൂഷിതയായി ദര്‍ശിച്ച ചരിത്രവും ലോകപ്രശസ്തമാണ്.