അറിയാം... ഓം എന്ന പ്രണവ മന്ത്രം മുഴങ്ങുന്ന കൈലാസത്തിന്റെ മഹാത്മ്യം !

കൈലാസ മഹാത്മ്യം

ശനി, 26 ഓഗസ്റ്റ് 2017 (15:26 IST)
ഹൈന്ദവരുടെ വികാരം തന്നെയാണ് കൈലാസവും മാനസരോവറും. ശിവഭഗവാന്റെ വാസസ്ഥാനം ഇവിടെയാണെന്നാണ് വിശ്വാസം. സമുദ്രനിരപ്പില്‍ നിന്ന് 22028 അടി ഉയരത്തിലുളള കൈലാസത്തില്‍ എത്തണമെങ്കില്‍ ഉള്‍വിളി ഉണ്ടാവണം എന്നാണ് പറയുന്നത്. സ്വയംഭു ആയ കൈലാസവും മാര്‍ഗ്ഗമധ്യേയള്ള മാനസസരോവറും സൃഷ്ടിയോളം തന്നെ പഴക്കമുള്ളതാണ്. വെള്ളിനിറത്തിലുള്ള കൈലാസ പര്‍വ്വതത്തിന്റെ മകുടത്തില്‍ ശബ്ദവും വെളിച്ചവും ലയിച്ച് ഒന്നാകുന്നു. ഓം എന്ന പ്രണവ മന്ത്രം ഇവിടെ മുഴങ്ങുന്നു.
 
ഭാരത സംസ്കാരത്തിന്റെയും തത്വശാസ്ത്രത്തിന്റെയും ഹൃദയഭൂമിയാണ് കൈലാസം. പുരാതനമായ ഭാരതത്തിന്റെ വിശ്വാസങ്ങള്‍ മാനസസരോവറില്‍ പ്രതിഫലിക്കുന്നു. കൈലാസത്തിന്റെ താഴ്‌വരകള്‍ കല്പവൃക്ഷങ്ങളാല്‍ അലങ്കരിക്കുന്നതായി കരുതപ്പെടുന്നു. കൈലാസ പര്‍വതത്തിന്റെ ദക്ഷിണ ഭാഗം ഇന്ദ്രനീലമായും കിഴക്ക് ഭാഗം സ്ഫടികമായും പടിഞ്ഞാറ് ഭാഗം മാണിക്യമായും വടക്ക് ഭാഗം സ്വര്‍ണ്ണമായും വിശേഷിപ്പിക്കപ്പെടുന്നു. കുബേരന്റെ രാജധാനി ഇവിടെയാണ് സ്ഥിതി ചെയ്യുന്നതെന്ന വിശ്വാസവും നിലനില്‍ക്കുന്നുണ്ട്. 
 
ബുദ്ധ മതക്കാര്‍ക്കും കൈലാസം പുണ്യഭൂമി തന്നെയാണ്. കൈലാസത്തില്‍ തപസ് ചെയ്യുന്ന കോപാകുലനായ ബുദ്ധനെയാണ് അവര്‍ ആരാധിക്കുന്നത്. കൈലാസത്തിലേക്ക് നടത്തുന്ന തീര്‍ത്ഥാടനം നിര്‍വാണം പ്രാപിക്കാന്‍ സഹായിക്കുമെന്ന് ബുദ്ധ മതക്കാര്‍ വിശ്വസിക്കുന്നു. ജൈന മതത്തിലെ ആദ്യ തീര്‍ത്ഥങ്കരന്‍ ഇവിടെ വച്ചാണ് നിര്‍വാണം പ്രാപിച്ചതെന്നാണ് കരുതപ്പെടുന്നത്. സിഖ് മതസ്ഥാപകനായ ഗുരു നാനക് കൈലാസത്തില്‍ തപസ് ചെയ്തിരുന്നുവെന്ന വിശ്വാസവും നിലനില്‍ക്കുണ്ട്. 
 
മന്ഥത മഹാരാജാവാണ് മാനസസരോവര്‍ തടാകം കണ്ടെത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു. മനസസരോവറിന്‍റെ തീരത്ത് അദ്ദേഹം പ്രായച്ഛിത്ത കര്‍മ്മങ്ങള്‍ നടത്തിയതായും പറയപ്പെടുന്നുണ്ട്. തടാകത്തിന്റെ നടുവില്‍ വിശേഷപ്പെട്ട മരുന്നുകള്‍ അടങ്ങിയ ഫലങ്ങള്‍ ഉള്ള വൃക്ഷമുണ്ടെന്നാണ് ബുദ്ധമതക്കാരുടെ വിശ്വാസം. എല്ലാവിധത്തിലുള്ള രോഗങ്ങളും ഈ ഫലങ്ങള്‍ കഴിക്കുന്നതിലൂടെ ഭേദമകുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

അടുത്ത ലേഖനം വൈവാഹിക ജീവിതത്തിനുള്ള ആദ്യ പടി മാത്രമാണോ ജാതകം ?